May 4, 2011

അന്ധകാരത്തിലേക്ക് റോകറ്റ് വിടുന്ന ഐ എസ് ആര്‍ ഒ

Click to expand the news
ഏപ്രില്‍ ഇരുപതിന് വിജയകരമായി വിക്ഷേപിച്ചു എന്ന് നാം അഭിമാനപൂര്‍വ്വം പറയുന്ന ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്റെ  പി.എസ്.എല്.വി-സി16 ദൌത്യത്തിന്റെ പിന്നാമ്പുറ കഥകള്‍ അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു. പ്രപഞ്ചത്തെയും, നമ്മുടെ അന്തരീക്ഷത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച  യൂസാറ്റും, സിംഗപൂരിന്റെ എക്സ്-സാറ്റും നമ്മുടെ സ്വന്തം റിസോഴ്സ്സാറ്റ്-2 വും വഹിച്ചായിരുന്നു പോളാര്‍ സറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍  (PSLV)-C16-ന്റെ യാത്ര. ഉപഗ്രഹങ്ങളെല്ലാം ഗ്രഹപ്പിഴയോ ഗ്രഹണിയോ കൂടാതെ എത്തേണ്ടിടത് എത്തി എന്നത് ഏതൊരിന്ത്യക്കാരനും അത്യധികം സന്തോഷം നല്‍കുന്ന കാര്യം തന്നെ. 
റിസോഴ്സ്സാറ്റ്-2 വിന്റെ പ്രധാന ദൌത്യം വനനശീകരണം മോണിടര്‍ ചെയ്യുക, കാലാവസ്ഥാ പ്രവചനം, ജലസ്രോതസ്സു കണ്ടെത്തുക, ജല സംഭരണികളിലെയും തടാകങ്ങളിലെയും ജലനിരപ്പ്‌ കണ്ടെത്തുക, കാട്ടുതീ കണ്ടെത്തുക, തുടങ്ങിയവയാണ്. പക്ഷെ മൂന്നു ഉപഗ്രഹങ്ങളെ കൂടാതെ  അത്യന്തം വിനാശകരമായ ചീഞ്ഞളിഞ്ഞ അന്ധവിശ്വാസവും കൂടി ചുമന്നായിരുന്നു PSLV-C16-ന്റെ യാത്ര എന്നത് ആത്മാഭിമാനമുള്ള ഏതൊരിന്ത്യാക്കാരനും അപമാനകരം തന്നെയാണ്.  
ISRO-യിലെ ഉന്നത ഉധ്യോഗസ്ഥന്‍ ഉപഗ്രഹ വാഹിനിയുടെയും മൂന്നു ഉപഗ്രഹങ്ങളുടെയും മാതൃകകള്‍ തിരുപ്പതി ക്ഷേത്രത്തില്‍  കൊണ്ട് പോയി (ഔദ്യോഗികമായി) പൂജിച്ചു അതിനെ കുറ്റവിമുക്തമാക്കി എന്ന വാര്‍ത്ത  കൂടുതല്‍ ചര്‍ച്ച ചെയ്യാതെ പോയതും, യുക്തിവാദികള്‍ പോലും  ഈ വിഷയത്തില്‍  ഒരക്ഷരം മിണ്ടിയില്ല എന്നതും ആശങ്കാജനകം തന്നെ.   
ഉപഗ്രഹ മാതൃകയും കിടുതാപ്പുകളും പൂജിച്ചു  കുറ്റവിമുക്തവും ഐശ്വര്യപൂര്‍ണവുമാക്കുന്നതിനു തിരുപ്പതിക്കു പോയ  ISRO-യിലെ ഉണ്ണാക്കന്മാരോടായി  (ഊണ്  കഴിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്)  ഒരു  ചോദ്യം,  ഇങ്ങനെ ഒരു ഉപഗ്രഹ ദൌത്യത്തിനായി തിളങ്ങുന്ന ഇന്ത്യയുടെ 250 കോടി രൂപ ചിലവാക്കേണ്ട വല്ല ആവശ്യവുമുണ്ടോ?   ISRO-യില്‍ കവടി നിരത്താന്‍  രണ്ടു കണിയാന്മാരെയും  കുറച്ചു മഷിനോട്ടക്കരെയും ഏര്‍പ്പെടുത്തിയാല്‍ അവര്‍ നേരാനേരം ഈ പറഞ്ഞ കാലാവസ്ഥയും, ജലനിരപ്പും, കാട്ടുതീയുമൊക്കെ  ഇതിലും ഭംഗിയായി പറഞ്ഞു തരില്ലേ?  നിങ്ങളെ പോലോത്ത എഭ്യന്മാരെക്കാള്‍ വിവരവും ആത്മാഭിമാനവും ഈ പറഞ്ഞ കണിയാന്മാര്‍ക്കും മഷി നോട്ടക്കാര്‍ക്കും കാണും. കുറഞ്ഞ പക്ഷം അവര്‍ ചെയ്യുന്ന ജോലിയിലും അവരുടെ കഴിവിലും അവര്‍ക്ക് വിശ്വാസമുണ്ടല്ലോ. 
നമ്മുടെ  ഗവേഷകര്‍ക്കിടയില്‍ ഇത്തരമൊരു  ചീഞ്ഞളിഞ്ഞ ആചാരം കുറേ കാലമായി തുടരുന്നതാണെന്നു ക്ഷേത്ര ഭാരവാഹികളുടെ വാക്കുകളില്‍  നിന്നും വ്യക്തമാവുന്നു. വിദ്യാഭ്യാസം നല്ലോണമുള്ള ഇത്തരം വിവരം കെട്ടവരെ വിളിക്കാന്‍ പറ്റിയ പേര് "ആകാശത്തേക്ക് വാണം വിടുന്നവര്‍ " ആണെന്ന് വിയെസ് കുറേ നാള്‍ മുന്നേ സൂചിപ്പിച്ചിരുന്നല്ലോ.  ഇത്തരം ഉണ്ണാക്കന്മാരെ  ശാസ്ത്രഞ്ജന്മാര്‍ എന്ന് വിളിച്ചാല്‍  ഇന്ത്യയുടെ അഭിമാനമായ മഹാന്മാരായ  സര്‍ സിവി രാമന്‍, സത്യേന്ദ്രനാഥ് ബോസ്, രാമാനുജന്‍, ചന്ദ്രശേഖര്‍,... തുടങ്ങിയ ശാസ്ത്ര പ്രതിഭകളുടെ  ആത്മാക്കള്‍ പോലും നമ്മോടു പൊറുക്കില്ല.  
-**-
അന്നെക്സ്: ഈ റോകറ്റ് പൂജ ചെയ്തത്  അന്ധവിശ്വാസത്തിന്റെ തലസ്ഥാനമായ അജ്മീര്‍ ദര്‍ഗയിലായാലും, വേളാംകണ്ണിയിലായാലും, എന്റെ അയല്‍പക്കത്തെ നാദാപുരം കുളശ്ശേരി ശിവ ക്ഷേത്രത്തിലായാലും എന്റെ സ്റ്റാന്റ് ഇത് തന്നെ. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് രാഷ്ട്രത്തിന് ആപത്തു എന്നപോലെ തന്നെ അന്ധവിശ്വാസവും ശാസ്ത്രീയ ഗവേഷണവും  കൂട്ടിക്കുഴക്കുന്നത് ശാസ്ത്രത്തിനും ആപത്തു തന്നെ.