Jun 15, 2010

വെള്ളൂര്‍ : ഒരു യാത്രയയപ്പിന്റെ കഥ

നാദാപുരത്ത് നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ പോയാല്‍ എത്തുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വെള്ളൂര്‍. കഷ്ടിച്ചു എന്നുദ്ദേശിച്ചത് വേനല്‍ക്കാലത്തെ പൊടിയും മഴക്കാലത്തെ ചെളിയും നിറഞ്ഞ വഴിയിലൂടെയുള്ള നടത്തം ഉദ്ദേശിച്ചാണ്.

ആറ്റുനോറ്റുണ്ടായ ഒരു ചെറുമകന്‍ എന്ന നിലക്കുള്ള എല്ലാ ആനുകൂല്യങ്ങളും പരമാവധി ചൂഷണം ചെയ്യാനായി,  ചെറുപ്പത്തില്‍ ഞാന്‍ വെള്ളൂരിലെ ഉമ്മാന്റെ വീട്ടില്‍ താമസിച്ചിരുന്നതിനാല്‍ എനിക്കീ പ്രദേശവുമായി നല്ല  ബന്ധമാണ്. വേള്ളൂരിലെ ആള്‍ക്കാര്‍ പൊതുവേ നല്ലവരാണ്, മോശക്കാരാണെന്ന് പറഞ്ഞാല്‍ കാരണവന്‍മ്മാര്‍ അങ്ങോട്ട്‌ അടുപ്പിക്കാത്തത് കൊണ്ടോ, എന്നെക്കാള്‍ തടിമിടുക്കും ആരോഗ്യവുമുള്ള ആണ്‍കുട്ടികള്‍ അവര്‍ക്ക്  ഉള്ളത് കൊണ്ട് പേടിച്ചിട്ടു പറയുന്നതോ ഒന്നുമല്ല.

ഇവരുടെ പ്രാദേശിക ബോധം അല്പം ഓവറാണ്. ഭാരതം, കേരളം, എന്തിനു ദുബായ് എന്ന് കേള്‍ക്കുപ്പോള്‍ പോലും തോന്നാത്ത ആവേശമാണ് ഇവര്‍ക്ക് വെള്ളൂര്‍ എന്ന് കേട്ടാല്‍. ഏതൊരു കാര്യത്തിലും വെള്ളൂര്‍ ഒരു പണത്തൂക്കം മുന്നിലാണെന്ന് തെളിയിക്കാന്‍ ഇവിടതുക്കര്‍ക്കുള്ള വൈദഗ്ദ്യം ഒന്ന് വേറെ തന്നെയാണ്.

ഫോര്‍ എക്സാമ്പിള്‍, രണ്ടു വര്‍ഷം മുന്‍പ് മലപ്പുറത്ത്‌ നടന്ന ഒരു വന്‍ ബാങ്ക് കവര്‍ച്ചയില്‍ പ്രതിയായ ഒരു സ്ത്രീയുടെ തറവാട് വെള്ളൂര്‍ ആണ് എന്നറിഞ്ഞപ്പോള്‍ ഇവിടത്തെ രോമാമുള്ളവര്‍ക്ക് രോമാഞ്ചവും അതില്ലാത്തവര്‍ക്ക് തോലാഞ്ചവും ഉണ്ടായി എന്നാണു അനുഭവസ്ഥര്‍ പറഞ്ഞത്. ആഗോള താപനം, ആണവ റിയാക്ടര്‍ തുടങ്ങി  ആവണക്കെണ്ണയെ പറ്റി വരെ ഇവിടത്തെ പിഞ്ചു കുട്ടികള്‍ അടക്കം കേറി അഭിപ്രായം പറയും‌.

ഇരട്ടപേരില്ലാത്ത ആള്‍ക്കാര്‍ ഇവിടെ കുറവാണ് നാട്ടിലെ ഒരു വിധം ആള്‍ക്കര്‍ക്കെല്ലാം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  ഇരട്ടപേരുണ്ട്. ഇഴജന്തുക്കള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, പാത്രങ്ങള്‍, ലോഹങ്ങള്‍, തുടങ്ങി അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരെ പേരുകള്‍ ഇവര്‍ക്ക് ഇരട്ടപേരിടാനുള്ള അസംസ്കൃത വസ്തുവാണ്.

നാട്ടുകാര്‍ പൊതുവേ ദുബായ്, ഖത്തര്‍, ബഹറിന്‍ എന്നീ പ്രദേശത്ത് ജോലി നോക്കി പോകുന്നതിനാല്‍ അതൊക്കെ ഇവിടെ സര്‍വസാദാരണം.  പക്ഷെ വല്ലോരും കൊല്ലം, കൊച്ചി അല്ലെങ്കില്‍ തിരുവനന്തപുരം ഒക്കെ പോകുകയാണെങ്കില്‍ അതൊരു മഹാ സംഭവമാക്കി നാട്ടില്‍ അതൊരു ചര്‍ച്ചാ വിഷയമായിരിക്കും.

രണ്ടായിരാമാണ്ടിലെ ഒരു ദിവസം വെള്ളൂര്‍ക്കാര്‍ ഉണരുന്നത് ഒരു അത്ഭുത വാര്‍ത്ത കേട്ടാണ്.  എന്റെ ഏറ്റവും ഇളയ കാരണവന് (കാരണവര്‍ എന്ന് പറയാന്‍ മാത്രം പ്രായ വ്യത്യാസം ഞാന്‍ ആളുമായി ഇല്ല) കൊല്ലത്ത് ഒരു ട്രെയിനിംഗ് കോളേജില്‍ ബി-എഡിന്  സീറ്റ് കിട്ടിയിരിക്കുന്നു. അതും ഒരു ഗവര്‍മെണ്ട് സ്ഥാപനത്തില്‍. കാലണ ചിലവില്ലാതെ ഗവര്‍ണ്മെന്റിന്റെ ചിലവില്‍ പഠിക്കാനുള്ള ഒരു അവസരം കിട്ടിയാല്‍ ഇല്ലം വിറ്റും കൊല്ലത്ത് പോകണം എന്നാണു നാട്ടിലെ വിവരമുള്ളവര്‍ പറഞ്ഞത്. പിന്നെ കൂടുതലൊന്നും ആലോചിചില്ല. അങ്ങിനെ ക്ലാസ് തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുന്‍പ് തന്നെ കൊല്ലത്തേക്ക് പോകാന്‍ ഡേറ്റ് തീരുമാനിച്ചു.

കൊല്ലത്തേക്ക് പോകുന്ന "കാരണവനെ" നിറ മിഴികലോടെയാണ് നാട്ടുകാര്‍ യാത്രയയച്ചത്, ബി-എഡ്  കഴിയുന്നതുവരെ ആള്‍ ഇനി വെള്ളൂരില്‍ കാണില്ല എന്ന നിലക്കാന് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പില്‍ പ്രസംഗിച്ച ചിലരുടെ കരച്ചില്‍ കേട്ട് യാത്രയയപ്പ് യോഗം നടന്ന സ്കൂളിന്റെ അയലത്ത് കെട്ടിയ മൂസ ഹാജിയുടെ പശു കെട്ടുംഅറ്റിച്ചു  ഓടി എന്നും ഒക്കെയാണ് പിന്നീടറിഞ്ഞത്‌. മീന്‍സ്, അത്രയും ഹൃദയസ്പര്‍ഷവും വികാരഭാരിതവുമായിരുന്നു യാത്രയയപ്പ് എന്ന് തന്നെ.

വിധിയുടെ കിടപ്പ്  വശം മറ്റൊന്നായിരുന്നു.  ചില സാങ്കേതിക കാരണങ്ങളാല്‍ ക്ലാസ് ഒരു മാസം കഴിഞ്ഞേ തുടങ്ങൂ എന്നാണ് ആദ്യ ദിവസം ക്ലാസ്സില്‍ നിന്നും അറിയിപ്പുണ്ടായത്‌ (ഗവര്‍മെണ്ട്‌ സ്ഥാപനമല്ലേ, ഓസിനു പഠിക്കുന്നവര്‍ അത്ര പഠിച്ചാല്‍ മതി എന്ന് ഗവര്‍മെണ്ട്‌ കരുതിക്കാണും). 
നാട്ടില്‍ പോയാല്‍ ഇത്രയും സംഭവബഹുലമായി യാത്രയയച്ചവരുടെ മുഖത്ത് എങ്ങിനെ നോക്കും ഇന്ന ഒരേയൊരു  കാരണത്താല്‍  ആള്‍ കൊല്ലത്ത് തന്നെ ഒരു വീട് വാടകക്കെടുത്തു  ഉള്ളതും തിന്നു ആ ഒരു മാസം അവിടെ തന്നെയങ്ങ് തങ്ങി. 

കൊല്ലത് പോയി വെറും ഒരൊറ്റ ദിവസം നിന്നപ്പോള്‍ തന്നെ ഒന്നൊന്നര മാസം ലീവ് ഉണ്ടായിട്ടും നാട്ടില്‍ സ്വന്തം ഇല്ലത്ത് പോകാതെ അവിടെ താമസിക്കുന്ന എന്റെ കാരനവനെ കണ്ടു തെറ്റിദ്ധരിച്ച ഒരു പഴഞ്ചന്‍ പറഞ്ഞ വാക്കാണ്‌ ‌ "കൊല്ലം കണ്ടവനില്ലം വേണ്ട" എന്ന പഴമൊഴി എന്നാണിപ്പോള്‍  വെള്ളൂരിലെ ആള്‍ക്കാര്‍ പറയുന്നത്.

അങ്ങനെ വെള്ളൂരിന്റെ മഹാത്മ്യത്തില്‍ ചാര്‍ത്താന്‍  ഒരു പൊന്‍തൂവല്‍ കൂടി ഇവിടത്തുകാര്‍ക്ക് കിട്ടി എന്ന് ചുരുക്കം.

25 comments:

 1. നമ്മുടെ നാട്ടിന്‍പുറത്തിനോട് കിടപിടിക്കില്ല ഒരു പാരീസും ദുബായിയും !
  നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം !!

  ReplyDelete
 2. അപ്പൊ കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലിന്‍റെ പിന്നിലെ കഥ ഇതാണല്ലേ...
  ശുദ്ധരായ നാട്ടിന്‍പുറത്തുകാരെ പറ്റി നന്നായി പറഞ്ഞിരിക്കുന്നു....
  ഗവര്‍മെണ്ട്‌ സ്ഥാപനമല്ലേ, ഓസിനു പഠിക്കുന്നവര്‍ അത്ര പഠിച്ചാല്‍ മതി എന്ന് ഗവര്‍മെണ്ട്‌ കരുതിക്കാണും..
  അതിഷ്ടായി..ഞാനും ഒരു ഗവര്‍മെണ്ട്‌ കോളേജിലാ പഠിച്ചേ..കുറച്ചൊക്കെ എനിക്കും അങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ട്.

  ReplyDelete
 3. ആദ്യാമായാ താങ്കളുടെ ബ്ലോഗില്‍.
  വെള്ളൂര്‍ പുരാണം കലക്കി. പ്രത്യേകിച്ച് പഴമോഴിയിലെക്കുള്ള ലിങ്ക്.
  പ്രത്യേകിച്ചൊന്നും ഇല്ലെങ്കിലും . ഒരുപാട് പറഞ്ഞു. ഞാനും വരുന്നു ആ മനോഹര വെള്ളൂര്‍ ഒന്ന് കാണാന്‍.
  പിന്‍തുടര്‍ന്നിട്ടുണ്ട് ഞാന്‍. ഇനിയും വരാം.

  ReplyDelete
 4. ഇവിടത്തെ രോമാമുള്ളവര്‍ക്ക് രോമാഞ്ചവും അതില്ലാത്തവര്‍ക്ക് തോലഞ്ചവും ഉണ്ടായി എന്നാണു അനുഭവസ്ഥര്‍ പറഞ്ഞത്.

  അതെനിക്ക് ഇഷ്ടായിട്ടാ

  ReplyDelete
 5. തോലഞ്ചപ്രയോഗം വളരെ ഇഷ്ടായി.
  ആശംസകള്‍.

  ReplyDelete
 6. കൊള്ളാം ട്ടാ വെള്ളൂര്‍ പുരാണം

  ReplyDelete
 7. അപ്പോ കൊല്ലം കണ്ടാ ഇല്ലം വേണ്ടാല്ലേ... ഇല്ലം എനിക്ക് തരോ???

  ReplyDelete
 8. ഹോ,,,, അപ്പോള്‍ അതാണ് കാര്യം കൊല്ലം കണ്ടവന് ഇല്ലം വേണ്ടന്ന് പറയാന്‍ അല്ലെ..
  ഈ “കൊച്ചികണ്ടവന് അച്ചി വേണ്ട” എന്നു പറയാന്‍ കാരണവും ഇനി വെള്ളൂരുകാര്‍ ആരെങ്കിലും ആണോ? യാസറെ കാരനവന്‍ കൊല്ലത്ത് പോയി നീ എങ്ങാന്‍ കൊച്ചിയില്‍ പോയോ ? ഹ ഹ ഹ..
  ------------------------------
  നന്നായി എഴുതി രസകരമായ വായന. :)

  ReplyDelete
 9. ഈ “വേര്‍ഡ് വെരിഫിക്കേഷന്‍“ എടുത്ത് കളയണം ട്ടോ എനിക്ക് ഇംഗ്ലീഷ് അക്ഷരം എഴുതാന്‍ അറിയാത്തത്കൊണ്ടാ... ഹല്ല പിന്നെ

  ReplyDelete
 10. ഇതിപ്പോള്‍ കാരണവരുടെ അവസ്ഥയായല്ലോ എനിക്കും!
  ഞാനങ്ങ് സഹായാത്രികനാകാന്‍ തീരുമാനീച്ചു!.

  ഹംസ പറഞ്ഞപോലെ “വേര്‍ഡ് വെരിഫിക്കേഷന്‍“ ഒഴിവാക്കികൂടെ ?!

  ReplyDelete
 11. ചിലപ്പോ നേരായിട്ടും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ..?
  ഞാനും ഫോളോ ചെയ്തു...

  ഇതെനിക്കിഷ്ട്ടായി....

  ReplyDelete
 12. ഇങ്ങനെ പോയാല്‍ കൂതറ ഹാഷിം കൊച്ചി കണ്ടവനോട് അച്ചിയെ ചോദിക്കുമോ..?
  ലക്ഷണം കണ്ടിട്ട് തോന്നുന്നുണ്ട്..
  (ചുമ്മാ പറഞ്ഞതാ കേട്ടോ..)

  ReplyDelete
 13. കൊള്ളാം;പ്രത്യേകിച്ച് ഈ വരികള്‍ " ഇവിടത്തെ രോമാമുള്ളവര്‍ക്ക് രോമാഞ്ചവും അതില്ലാത്തവര്‍ക്ക് തോലഞ്ചവും ഉണ്ടായി എന്നാണു അനുഭവസ്ഥര്‍ പറഞ്ഞത്." ...അതിലേറെ രസം കൂതറയുടെയും നിരാശാകാമുകന്റെയും കമന്റ്സ്
  " അപ്പോ കൊല്ലം കണ്ടാ ഇല്ലം വേണ്ടാല്ലേ... ഇല്ലം എനിക്ക് തരോ??"
  " ഇങ്ങനെ പോയാല്‍ കൂതറ ഹാഷിം കൊച്ചി കണ്ടവനോട് അച്ചിയെ ചോദിക്കുമോ..?
  ലക്ഷണം കണ്ടിട്ട് തോന്നുന്നുണ്ട്.."

  ReplyDelete
 14. വെള്ളൂര്‍ വിശേഷം വളരെ നന്നായി-ആഗോളതാപനം,ആണവ റിയാക്ടര്‍ തുടങ്ങി ആവണക്കെണ്ണയെ പറ്റിവരെ ഇവിടെത്തെ പിഞ്ചുകുട്ടികളടക്കം കേറി അഭിപ്രായം പറയും-ഹഹ-രസിച്ചു

  ReplyDelete
 15. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം!

  ReplyDelete
 16. ഈ പശുവൊക്കെ കയറും പൊട്ടിച്ച് ഓടണമെങ്കിൽ, എന്ത് ജാതി കരച്ചിലായിരിക്കും അവർ കരഞത്?!
  ഓർത്തിട്ട് ഫയമാകുന്നു... :)

  ReplyDelete
 17. നിരാശരായില്ല ഞങ്ങള്‍. നാട്ടിന്‍പുറം കാണിച്ചു തന്നതിന് നന്ദി

  ReplyDelete
 18. കൊള്ളാമല്ലോ...

  ReplyDelete
 19. വെള്ളൂർ മാഹാത്മ്യം ഭാഷയ്ക്കും മുതൽ ക്കൂട്ടാണു കണ്ടില്ലേ പുതിയ പുതിയ വാക്കുകൾ “തോലഞ്ചം”,
  മലയാളത്തിന്റെ ഒരു ഭാഗ്യം.

  നർമ്മത്തിനു നല്ല മുറുക്കം

  ReplyDelete
 20. This comment has been removed by a blog administrator.

  ReplyDelete
 21. നാട്ടിന്‍പുറം കാണിച്ചു തന്നതിന് നന്ദി...

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം