Jul 15, 2010

എലിപ്പെട്ടി

എന്റെ മറ്റു വിക്റ്റിംസിന് കൊടുക്കാത്ത ഒരു ആനുകൂല്യം ഞാന്‍ നിങ്ങള്‍ക്ക് തരികയാണ്. അമ്പും വില്ലും കൊണ്ട് ചാകണോ, അതോ മലപ്പുറം കത്തി വേണോ...... ?  "നാടോടിക്കാറ്റി"ലെ പവനാഴിയില്‍ നിന്നല്ലാതെ ഇങ്ങനെ ഇരകള്‍ക്ക് ഓപ്ഷന്‍ കൊടുക്കുന്ന ഒരു സംവിധാനം ഈ തിങ്കളാഴ്ച വരെ ഞാന്‍ കേട്ടിരുന്നില്ല. തിങ്കളാഴ്ചത്തെ ആ ഭീകര സംഭവം നടക്കുന്നതോ, ലോകത്തില്‍ ഏറ്റവും സമാധാനമുള്ള രാജ്യം എന്ന് ചിലര്‍ പറയുന്ന ന്യൂസിലാന്റിലും.

പോസ്സം(*possum, കാണാന്‍ ഏകദേശം മരപ്പട്ടി പോലെയിരിക്കും), എലി എന്നീ  ജീവികളോടു ന്യൂസിലാണ്ടിന്റെ മനോഭാവം അമേരിക്കക്ക് ബിന്‍ലാദനോടു  എങ്ങനെയാണോ അതു പോലെ തന്നെയാണ്. ഇവറ്റകളെ പിടിച്ചു കൊടുത്താല്‍ കാശ് കിട്ടും എന്നൊക്കെയാണ് പറഞ്ഞു കേട്ടത്. പട്ടികളെ പേടിയായതിനാല്‍ മരപട്ടിയെ ഞാന്‍ ഒഴിവാക്കി, പിന്നെയുള്ളത് എലി, പക്ഷെ ഒന്നിനെ പിടിക്കണമെങ്കില്‍ കണ്ടു കിട്ടണ്ടേ.

ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. ഈ കഴിഞ്ഞ ശനിയാഴ്ച ഞങ്ങളുടെ അടുക്കളയില്‍ ദേ കിടക്കുന്നു ഒരു മുട്ടന്‍ എലി, എണ്ണയിട്ടു മിനുക്കിയ പോലോത്ത ശരീരം, നീണ്ട വാല്‍,  ഐശ്വര്യമുള്ള മുഖം, ചുറുചുറുക്കുള്ള നോട്ടം... യുറേക്കാ... എന്നും പറഞ്ഞു ഞാന്‍ എന്റെ സഹവീടന്‍ കം ഗൃഹനാഥന്‍ (flatmate and‌ landlord) ആയ സായ്പ്പിനെ കാര്യം അറിയിച്ചു. ആള്‍ ആ ഭീകര ജീവിയെ കാണാന്‍ ഓടിയെത്തി. അപ്പോഴേക്കും "CID എസ്കേപ്" എന്നൊന്നും പറയാതെ അതു അപ്രത്യക്ഷമായി. ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും അതിനെ പിടിക്കാനുള്ള ഞങ്ങളുടെ ഒരു ശ്രമവും വിജയിച്ചില്ല.

പിറ്റേന്ന് ഞായറാഴ്ച, അതു പിന്നെ ഉറക്കം, കറക്കം എന്നിങ്ങനെയായി പോയി. തിങ്കളാഴ്ച ആപ്പീസില്‍ പോയി, മോണിംഗ് ടീ, ലഞ്ച്, ഈവിനിംഗ് ടീ എന്നിവ കൃത്യ നിഷ്ടതയോടെ ചെയ്ത ശേഷം വീട്ടില്‍ വിളിച്ചു കുറെ സംസാരിച്ചു, പിന്നെ  സുഹൃത്തുക്കളുമായുള്ള ചാറ്റിംഗ് ഇങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്തു തളര്‍ന്നു  വീട്ടില്‍ വന്നപ്പോള്‍ സഹവീടന്‍ അക്ഷമയോടെ കാത്തിരിക്കുന്നത് പോലെ തോന്നി. എന്നെ കണ്ടപാടെ ആള്‍ അഭിമാനത്തോടെ പറഞ്ഞു. ഇന്ന് രാത്രിയോടെ എലിയെ പിടിക്കാനുള്ള എല്ലാ സംവിടാനങ്ങളും ഒരുക്കിയിട്ടുണ്ട്. തന്റെ ബുദ്ധിപരമായ എലിപിടുത്ത വിദ്യ കാണിക്കാന്‍  ആള്‍ എന്നെ അടുക്കളയില്‍ കൂട്ടിക്കൊണ്ട് പോയി.

അവിടെ രണ്ടു എലികത്രികകള്‍. ഒന്നില്‍ ചോക്ലേറ്റ്, മറ്റേതില്‍  ചീസ്‌. കൂടാതെ ഒരു പാത്രത്തില്‍ എലി വിഷം കപ്പലണ്ടി ബട്ടറില്‍ മിക്സ്‌ ചെയ്തിട്ടും  മറ്റേതില്‍ ബ്രെഡ്ഢില്‍ മിക്സ്‌ ചെയ്തിട്ടും. ഇതിനു പുറമേ  അതിനെ തല്ലിക്കൊല്ലാന്‍ ഒരു മുട്ടന്‍ വടിയും. എലി രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചിരിക്കുന്നു.

ഒരു എലിക്കു ചാവാന്‍ ഇതില്പരമെന്തു വേണം ? ഭക്ഷണക്കാര്യത്തില്‍ എപ്പൊഴും ഒരു വരൈറ്റി (ടേസ്റ്റ് ഒന്നും ഇല്ലെങ്കിലും) കീപ്‌ ചെയ്യുന്ന ആ സായിപ്പ് പവനാഴിയെ വെല്ലുന്നൊരു മെനു എലിയെ പിടിക്കാന്‍ ഉണ്ടാക്കിയതില്‍ സ്വയം അഭിമാനിക്കുകയാണ്. 
ഒരു ശരാശരി സായ്പിന് സാമാന്യ ബുദ്ധി എന്ന സാധനം ശരാശരി  മലയാളിയുടെ അന്‍പതില്‍ ഒന്നേ ഉള്ളൂ എന്നാണല്ലോ ഈയിടെ നടന്ന ഒരു സര്‍വേ** പറയുന്നത്.  സത്യത്തില്‍ എനിക്കാ രാത്രി  ഉറക്കം വന്നില്ല. കാരണം എലിയെ പിടിക്കാന്‍ ഇല്ലം ചുടാനും മടിക്കാത്തവനാ കക്ഷി, വേറൊന്നും കൊണ്ടല്ല.

ഇപ്പോള്‍ എന്റെ സംശയം വേറൊന്നാണ്‌.  ദിലീപിന്റെ  "പറക്കും തളിക" എന്ന പടം youtube-ല്‍ കണ്ടു കൊണ്ടിരിക്കെ വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയപ്പോള്‍ പോളിത്തീന്‍ കവര്‍ കണ്ടു എനിക്ക് (അത്‌  എലിയാണെന്ന്) തോന്നിയതാവുമോ. പുറത്ത് പറഞ്ഞാല്‍ ആ സായ്പ്പ് എലിവിഷം എന്നെ കൊണ്ട് തിന്നിച്ചാലോ ... വെറുതേ എന്തിനു പത്രക്കാര്‍ക്ക് പണി കൊടുക്കണം അല്ലേ.
-------------------------------------------------------
**Note: ഒരു ശരാശരി മലയാളിയായ ഞാനും ഒരു ശരാശരി സായിവ്‌ ആയ എന്റെ  ഗൃഹനാഥനും മാത്രം ഉള്‍പ്പെട്ട, ഞാന്‍ സ്വയം നടത്തിയ സര്‍വേ ആണ്. വേറെ ഒരു സായിവിനും ഈ രക്തത്തില്‍ പങ്കില്ല. അല്ലേല്‍ തന്നെ ആസ്ത്രേലിയക്കാര്‍ സ്ക്രൂഡ്രൈവര്‍ ഒക്കെ കൊണ്ട് ഇന്ത്യക്കാരെ കുത്തുന്നത് കണ്ടിട്ട് ഇവരും എന്നെയിട്ടു പെരുമാറാന്‍ വല്ല കാരണവും നോക്കി ഇരിക്കുകയാ.

18 comments:

 1. 80 ശതമാനം അനുഭവം 20 ശതമാനം കത്തിയില്‍ മിക്സ് ചെയ്തത്.

  ReplyDelete
 2. അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ലെന്നാ.
  ഇത്രേം ദൂരം പോയിട്ടും നാട്ടിലെ പണി തന്നാ അവിടെയും, അല്ലെ!
  ശിവ.. ശിവ..

  ReplyDelete
 3. ഒരു ശരാശരി സായ്പ്പിന് സാമാന്യ ബുദ്ധി എന്ന സാധനം ശരാശരി മലയാളിയുടെ അന്‍പതില്‍ ഒന്നേ ഉള്ളൂ എന്നാണല്ലോ
  സായിപ്പിന്‍റെ കാര്യം എനിക്കറിയില്ല ഇവിടെ ചില അറബികളെ കാണുമ്പോള്‍ അങ്ങനെ തോന്നിപോവാറുണ്ട്. എലിയെ പിടിക്കാന്‍ ഇല്ലം ചുടാനും തയ്യാറായി നില്‍ക്കുന്ന അറബികളെ കണ്ടിട്ടും ഉണ്ട്.

  ReplyDelete
 4. എലി എന്നീ ജീവികളോടു ന്യൂസിലാണ്ടിന്റെ മനോഭാവം അമേരിക്കക്ക് ബിന്‍ലാദനോടു എങ്ങനെയാണോ അതു പോലെ തന്നെയാണ്

  അനുഭവം അവതരണം കൊണ്ട് ശ്രദ്ധേയമായി...

  ReplyDelete
 5. "ഒരു ശരാശരി സായ്പിന് സാമാന്യ ബുദ്ധി എന്ന സാധനം ശരാശരി മലയാളിയുടെ അന്‍പതില്‍ ഒന്നേ ഉള്ളൂ എന്നാണല്ലോ ഈയിടെ നടന്ന ഒരു സര്‍വേ പറയുന്നത്."

  പ്രവാസി മലയാളികളെ ഈ സർവേയിൽ ഉൾപ്പെടുത്തിയില്ലേ? സായിപ്പിനെയും അറബിയേയും പറ്റിച്ച്‌ ജീവിക്കുന്ന ഇവരെ വെച്ച്‌ താരതമ്യം ചെയ്താൽ നൂറിലൊന്ന്‌പോലുമുണ്ടാകില്ല... ഹല്ല പിന്നെ...

  ReplyDelete
 6. ഒരു ശരാശരി സായ്പിന് സാമാന്യ ബുദ്ധി എന്ന സാധനം ശരാശരി മലയാളിയുടെ അന്‍പതില്‍ ഒന്നേ ഉള്ളൂ എന്നാണല്ലോ ഈയിടെ നടന്ന ഒരു സര്‍വേ പറയുന്നത്.

  ഉള്ളതാ?

  ReplyDelete
 7. തിങ്കളാഴ്ച ആപ്പീസില്‍ പോയി, മോണിംഗ് ടീ, ലഞ്ച്, ഈവിനിംഗ് ടീ എന്നിവ കൃത്യ നിഷ്ടതയോടെ ചെയ്ത ശേഷം വീട്ടില്‍ വിളിച്ചു കുറെ സംസാരിച്ചു, പിന്നെ സുഹൃത്തുക്കളുമായുള്ള ചാറ്റിംഗ് ഇങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്തു തളര്‍ന്നു വീട്ടില്‍ വന്നപ്പോള്‍ സഹവീടന്‍ അക്ഷമയോടെ കാത്തിരിക്കുന്നത് പോലെ തോന്നി. ന്യൂസിലാന്റിലേക്ക് വരട്ടെ:)

  ReplyDelete
 8. എലിയെ തിന്നുന്ന വല്ല ഇന്ത്യക്കാരനോ ചൈനക്കാരനോ ആയിരുന്നു പകര മെങ്കില്‍ കൂളായി കാര്യം സാധിക്കുമായിരുന്നു.

  ReplyDelete
 9. എലിപ്പുരാണം വായിച്ചു വഴിപോക്ക .
  കൊള്ളാം .

  ReplyDelete
 10. എലിയുടെ എലുമിനേഷൻ റൌണ്ടിൽ പോലും ചോയ്സ് ഓപ്ഷൻ കൊടുക്കുന്ന സായിപ്പിന്റെ ബുദ്ധികൊള്ളാം.

  നന്നായിരിക്കുന്നു.

  ReplyDelete
 11. ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കു എന്റെ ഹൃദ്യമായ നന്ദി

  ReplyDelete
 12. ഒരു ശരാശരി സായ്പിന് സാമാന്യ ബുദ്ധി എന്ന സാധനം ശരാശരി മലയാളിയുടെ അന്‍പതില്‍ ഒന്നേ ഉള്ളൂ എന്നാണല്ലോ ഈയിടെ നടന്ന ഒരു സര്‍വേ പറയുന്നത്.

  അതേതു സര്‍വെ ?????????.
  നന്നായിരിക്കുന്നു .

  ReplyDelete
 13. kollaam...nannayittundu elipiditham....

  ReplyDelete
 14. ഈ വഴി പോയപ്പോൽ എലിയുടെ ശബ്ദം കേട്ടു അപ്പൊ വന്നു നോക്കിയതാ .. കൊള്ളാം ..

  ReplyDelete
 15. ഇന്നാണെന്നു തോന്നുന്നു ഈ വഴി ആദ്യമായി വരുന്നത്.നല്ല പോസ്റ്റ് കേട്ടോ...

  ReplyDelete
 16. ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കു എന്റെ ഹൃദ്യമായ നന്ദി

  ReplyDelete
 17. എലിയുടെ അവസാനത്തെ അത്താഴം വിഭവസമൃദമാക്കിയ സായിപ്പിനെ അഭിനന്ദിക്കണം, നല്ല മനുഷ്യന്‍!

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം