May 14, 2010

ഒരു മാന്ദ്യകാലത്തിന്റെ ഓര്‍മയ്ക്ക്

ഫ്രാന്‍സിന്റെ ഒരു മൂലയില്‍ ആര്‍ക്കും ഒരു ശല്യവുമില്ലാതെ ഉണ്ടും, ഉറങ്ങിയും, ഇംഗ്ലീഷ് അറിയാത്ത ഫ്രഞ്ച്കാരുടെ തന്തക്കു വിളിച്ചും അല്ലലില്ലാതെ കഴിയുന്നതിനിടെ, ആനയെ വാങ്ങിത്തരാം, പാപ്പാന്റെ മോളെ കെട്ടിച്ചു തരാം എന്നൊക്കെ മോഹിപ്പിച്ച ജര്‍മ്മനി, നെതെര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ ചില സായ്പുമാരുടെ വാക്ക് വിശ്വസിച്ചു ഫ്രെഞ്ച്കാരോടു മ'അസ്സലാം (ഗുഡ് ബൈ) പറഞ്ഞ് ഒരായിരം സ്വപ്നങ്ങളുമായി ഗള്‍ഫ്‌എയര്‍ കാരുടെ വണ്ടിയില്‍ പാരീസ് - ബഹറിന്‍ - ചെന്നൈ വഴി കോഴിക്കൊടെക്ക് പോന്നു.

കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചാല്‍ അന്ന് കല്ലുമഴ പെയ്യും എന്ന പഴംചൊല്ല് പോലെ, ഞാന്‍ നാട്ടിലെതിയതും സായ്പന്മാരെ മാന്ദ്യം പിടികൂടിയതും ഒന്നിച്ചായിരുന്നു. മാന്ദ്യം വന്നതോടെ സായ്പ്പിന്റെ മട്ടു മാറി, ഏയ്‌... ഞങ്ങള്‍ക്കങ്ങനെ ഒരു ആനയേയോ ആനക്കാരനെയോ അറിയില്ലെന്നും വേറെ പണിയൊന്നും ഇല്ലേല്‍ ഈ മാന്ദ്യകാലത്ത് കയ്യിലുള്ള യൂറോക്ക് കിട്ടാവുന്നത്ര ആനപ്പിണ്ടം വാങ്ങി വച്ചാല്‍ ഭാവിയില്‍ വില കൂടുമ്പോള്‍ വില്‍ക്കാം എന്ന ഒരു ഉപദേശവും തന്നു ജര്‍മന്‍ - ഡച്ച് സായ്പുമാര്‍ കൈ മലര്‍ത്തി.

മാന്ദ്യ കാലം നല്ലൊരു വെക്കേഷന്‍ ആയി ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ, മാസാന്ത ഹര്‍ത്താല്‍‍, കൈക്കൂലി, അഴിമതി, തട്ടിപ്പ്, പവര്‍ കട്ട്, തുടങ്ങിയ കേരളീയ കലകള്‍ കൂടാതെ കത്തിക്കുത്ത്, ബോംബ്‌ സ്ഫോടനം, അടിപിടി തുടങ്ങിയ നാദാപുരം പ്രദേശത്തെ പ്രത്യേക കലാരൂപങ്ങളും ഒക്കെ നന്നായങ്ങ് ആസ്വദിച്ചു. അതിനും വേണമല്ലോ ഒരു ഭാഗ്യം.

ഒരു കാര്യം വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നി, വിദേശത്ത് സര്‍വസാധാരണവും കേരളത്തില്‍ വിദേശ മദ്യ ഷോപ്പിനു മുന്നില്‍ മാത്രവും കാണുന്ന "ക്യൂ" എന്ന പേരില്‍ സായ്പ്പുമാര്‍ കൊണ്ട് വന്ന ആചാരം. ആകെയുള്ള ഒരാശ്വാസം നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും സോറിയും താങ്ക്സും പറഞ്ഞു ആരും ശല്യം ചെയ്യുന്നില്ല, ഫ്രാന്‍സില്‍ ഇതൊരു മഹാ ശല്യമായിരുന്നു. ഈ താങ്ക്സ് കേള്‍ക്കാന്‍ ചിലപ്പോള്‍ നല്ല സുഖമാ പക്ഷെ അതു പറയാന്‍ അത്ര സുഗമില്ല. പ്രത്യേകിച്ച് വല്ല ഉപകാരവും ചെയ്തവനെ തെറി വിളിച്ചു മാത്രം പരിചയമുള്ള സ്ഥിതിക്ക്.

കൊണ്ടും കൊടുത്തും ഒന്നൊന്നര വര്‍ഷം പോയത് അറിഞ്ഞതേയില്ല. അതിനിടെ ഒരു പരമ സത്യം ഞാന്‍ മനസ്സിലാക്കി. കീശ നമ്മുടെ സര്‍ക്കാരിന്റെ ഖജനാവ് പോലെ ആയിരിക്കുന്നു. അതു പിന്നെ വല്ലവരോടും കടം വാങ്ങി ജീവിക്കാമെന്ന് വെക്കാം, പക്ഷെ എപ്പോഴാ പോകുക എന്ന നാട്ടുകാരുടെ ഫ്യൂച്ചര്‍ ടെന്‍സിലെ സ്ഥിരം ചോദ്യം നിര്‍ത്തി പകരം നീ ഇതുവരെ പോയില്ലേ എന്ന ആശ്ചര്യ വചനമായതോറെ എനിക്കും ആദിയായി.
അല്ല ഞാനിതുവരെ പോയില്ല അല്ലേ?...

ആകെ കൈമുതലായുള്ളത് രാഷ്ട്രീയക്കാരുടെ പ്രകടന പത്രികയെ വെല്ലുന്ന ഒരു 'സീവി' മാത്രം‍. പ്രതിസന്തി ഘട്ടത്തിന് താല്‍ക്കാലികമായി അറുതി വരുത്താന്‍ കയ്യിലുള്ള ആ ബയോഡാറ്റ വച്ചു വല വീശിത്തുടങ്ങി. ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണാന് നില്‍ക്കരുതുന്നു മൂത്തവര്‍ പറഞ്ഞതില്‍ എന്തെങ്കിലും കാണാതിരിക്കില്ല എന്ന വിശ്വാസത്തില്‍ ന്യൂസിലാന്‍ഡിലെ ഒരു ശുദ്ധ മനസ്കന്‍ നല്‍കിയ ഓഫര്‍ രണ്ടാമതൊന്നു ആലോചിക്കാതെ ഞാനങ്ങു സ്വീകരിച്ചു.

അധികം വൈകാതെ തന്നെ ഇങ്ങു പോരാന്‍ തീരുമാനിച്ചു. കോഴിക്കോട് നിന്നും ബാന്‍ഗ്ലൂര്‍ വരെ നമ്മുടെ കള്ള് കച്ചവടക്കാരന്ടെ വണ്ടിയില്‍, അവിടുന്നും സിങ്കപ്പൂരിലെ കറുത്ത സായ്പ്പിന്റെ വണ്ടിയില്‍ സിങ്കപ്പൂര്‍ വഴി ഓക്ലന്‍ഡ്‌ വരെ അവിടെ ഒന്ന് രാപ്പാര്‍ത്ത ശേഷം ന്യൂസിലാന്റിന്റെ സ്വന്തം വണ്ടിയില്‍ വെല്ലിംഗ്ടനിലേക്ക് ഇതാണ് പ്ലാന്‍

ബംഗലൂരു എയര്‍പോര്‍ട്ടില്‍ കണ്ട ഒരു കഥാപാത്രം എന്നെ വല്ലാതങ്ങ് ആകര്‍ഷിച്ചു. അയാള്‍ പലരെ കൊണ്ടും തന്റെ പടം മൊബൈലില്‍ എടുപ്പിക്കുന്നു. എന്റെ അടുത്ത് വന്നും ഫോട്ടോ എടുത്തു കൊടുക്കാന്‍ പറഞ്ഞു. പക്ഷെ ആള്‍ക്ക് ഒട്ടും ത്രിപ്തിയാവുന്നില്ല. അതിലെ പോകുന്ന ഒരു മദാമ്മക്കുട്ടീടെ ഫോട്ടോ എടുത്തു അതു എന്നെ കാണിച്ചു ഇങ്ങിനെ പറഞ്ഞു. നീ കൈ ഷേക്ക്‌ ചെയ്തിട്ടാ ഫോട്ടോ നന്നാവാത്തത്. കണ്ടില്ലേ ഞാന്‍ ഒരു പടം എടുത്തപ്പോള്‍ എന്തൊരു ഭംഗിയുണ്ട്. അതും കൂടി കേട്ടു സകല നിയന്ത്രണവും പോയ ഞാന്‍ പറഞ്ഞു എടൊ കോയാ, ഫോട്ടോ എത്ര നന്നായി എടുത്താലും നിങ്ങളെ ഫോടോല്ലേ കിട്ടൂ. പിന്നെ അയാള്‍ സംസാരിച്ചത് കണ്ണ് കൊണ്ടാണ് - ദഹിപ്പിക്കുന്ന ഒരു നോട്ടം, നാട്ടിലെ നീണ്ട കറക്കത്തിനിടെ കിട്ടിയ ശത്രുക്കളുടെ പട്ടികയില്‍ ചോദിച്ചു വാങ്ങിയ ഒരു ശത്രുവിനെ കൂടി വരവ് വച്ചു.

രാത്രി പതിനൊന്നു മണിയോടെ എമിഗ്രേഷന്‍ ഒക്കെ കഴിഞ്ഞു വണ്ടിയില്‍ സ്ഥലം ഉറപ്പിച്ചു. നല്ല ഭക്ഷണം - പൊങ്ങിയ ഉടനെ ഡിന്നര്‍, അതു കഴിഞ്ഞു സിങ്കപ്പൂര്‍ ഇറങ്ഗാനായപ്പോള്‍ ബ്രേക്ക്‌ഫാസ്റ്റ്, പിന്നെ അടുത്ത ഫ്ലൈറ്റില്‍ നിന്നും വീണ്ടും ബ്രേക്ക്‌ഫാസ്റ്റ്‌, പിന്നെ ലഞ്ച് കുറച്ചു കഴിഞ്ഞു സ്നാക്സ് അതു കഴിഞ്ഞു ഡിന്നര്‍. ശെടാ ഇതില്‍ വല്ല പൈലറ്റ്‌ പണിയും കുറഞ്ഞ പക്ഷം ഒരു ക്ലീനെര്‍ പണിയെങ്കിലും കിട്ടിയാല്‍ ഒരു മാസം കൊണ്ട് തടിയൊന്നു നന്നാവുമായിരുന്നു.

ചുരുക്കി പറഞ്ഞാല്‍ മാന്ദ്യത്തിനു ആകെ ചെയ്യാന്‍ പറ്റിയത് ഫ്രാന്‍സില്‍ കിടക്കുന്ന എന്നെ കൃത്യം പന്ത്രണ്ടു മണിക്കൂര്‍ സമയ വ്യത്യാസമുള്ള ന്യൂസിലാന്‍ഡില്‍ എത്തിച്ചു അത്രതന്നെ. വേറെ ഒരു ചുക്കും ചുണ്ണാമ്പും നടന്നില്ല.

---*---*---*---

ഇതൊരു പഴയ ഡയറിക്കുറിപ്പ്‌ (കഴിഞ്ഞ ജൂലൈ മാസം എഴുതിയത്), കടലാസില്‍ എഴുതിയതിനാല്‍ ബ്ലോഗിലേക്ക് മാറ്റാന്‍ വൈകി ...മടി, അല്ലാതെ വേറൊന്നും കൊണ്ടല്ല - വഴിപോക്കന്‍

27 comments:

 1. ഇതൊരു പഴയ ഡയറിക്കുറിപ്പ്‌ (കഴിഞ്ഞ ജൂലൈ മാസം എഴുതിയത്), കടലാസില്‍ എഴുതിയതിനാല്‍ ബ്ലോഗിലേക്ക് മാറ്റാന്‍ വൈകി …മടി, അല്ലാതെ വേറൊന്നും കൊണ്ടല്ല :)

  ReplyDelete
 2. ബാകി കഥകളും പയ്യെ പയ്യെ പോരട്ടെ.....സസ്നേഹം

  ReplyDelete
 3. നന്നായി ഈ കുറിപ്പ്.

  ReplyDelete
 4. വളരെ നല്ല വിവരണം... പ്രത്യേകിച്ചും
  <<>>
  അതിനു ന്റെ ഒരു സല്യൂട്ട്

  ReplyDelete
 5. വളരെ നല്ല വിവരണം… പ്രത്യേകിച്ചും

  "മാസാന്ത ഹര്‍ത്താല്‍‍, കൈക്കൂലി, അഴിമതി, തട്ടിപ്പ്, പവര്‍ കട്ട്, തുടങ്ങിയ കേരളീയ കലകള്‍ കൂടാതെ കത്തിക്കുത്ത്, ബോംബ്‌ സ്ഫോടനം, അടിപിടി തുടങ്ങി നാദാപുരം പ്രദേശത്തെ പ്രത്യേക കലാരൂപങ്ങളും"

  അതിനു ന്റെ ഒരു സല്യൂട്ട്

  ReplyDelete
 6. വിവരണം കൊള്ളാം.. എല്ലാം ഒന്നൊന്നായി പോരട്ടെ

  ReplyDelete
 7. നാട്ടിലെ നീണ്ട കറക്കത്തിനിടെ കിട്ടിയ ശത്രുക്കളുടെ പട്ടികയില്‍ ചോദിച്ചു വാങ്ങിയ ഒരു ശത്രുവിനെ കൂടി വരവ് വച്ചു.

  എന്തായാലും മിത്രങ്ങളെ കിട്ടിയില്ലെങ്കിലും ശത്രുക്കളെ കിട്ടുന്നല്ലോ.
  വിവരണം നന്നായി.

  ReplyDelete
 8. രസകരമായ ഓര്‍മ്മക്കുറിപ്പ്. ഉപമകള്‍ ഒന്നിനൊന്നു മെച്ചം
  പരോള്‍ എന്ന തലക്കെട്ട്‌ ആയിരിക്കും ഇതിനു കുറച്ചു കൂടി അനുയോജ്യം.

  ReplyDelete
 9. @ഒരു യാത്രികന്‍,
  പലതും ബ്ലോഗിലുണ്ട് ടൈം കിട്ടുമ്പോള്‍ വാ നമുക്ക് വല്ലതും മിണ്ടീം ഉരിയടീം ഇരിക്കാലോ.

  @വ്രജേഷ്(Vrajesh) ,
  പ്രോത്സാഹനത്തിനു നന്ദി.

  @ദീപു,
  ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നല്ലേ :)

  @മനോരാജ് ,
  സ്ഥിര സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

  @റാംജി,

  മിത്രങ്ങള്‍ ഇഷ്ടം പോലെയുണ്ട്, അല്പം ശത്രുക്കളും ആയിക്കൊട്ടെന്നു കരുതി.

  @ലിജോ,
  ശരിയാണ്, എനിക്കും തോന്നുന്നു അതാകും ഉചിതമെന്ന്, പക്ഷെ ഇനി മാറ്റിയാല്‍ ഒരു സുഖം കിട്ടില്ല.

  ReplyDelete
 10. "മാസാന്ത ഹര്‍ത്താല്‍‍, കൈക്കൂലി, അഴിമതി, തട്ടിപ്പ്, പവര്‍ കട്ട്, തുടങ്ങിയ കേരളീയ കലകള്‍ കൂടാതെ കത്തിക്കുത്ത്, ബോംബ്‌ സ്ഫോടനം, അടിപിടി തുടങ്ങി നാദാപുരം പ്രദേശത്തെ പ്രത്യേക കലാരൂപങ്ങളും"

  ഇതിൽ പെടാത്ത നാദാപുരം പ്രദേശത്തെ പ്രത്യേക കലാരൂപം എന്താണാവോ... പത്രത്തിൽ ഇടയ്ക്കിടെ കാണുന്നതാവും ല്ലേ!

  മാന്ദ്യകാലത്തിനുശേഷം ഞാനുംതിരിച്ചെത്തി.

  ReplyDelete
 11. വേര്‍ഡ്പ്രെസ്സില്‍ ഞാന്‍ ഇത് വായിച്ചിട്ടുണ്ട്....പക്ഷെ കമന്റിയില്ല...ഇന്ന് ഇത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കോപ്പിയടി ആണെന്ന്...വേഗം ജാലകത്തില്‍ നോക്കി വേര്‍ഡ്പ്രെസ് കണ്ടുപിടിച്ചു...അപ്പോള്‍ ഞാന്‍ ഇളിഭ്യനായി....എന്തായാലും മാന്ദയം ബാധിച്ചു അല്ലെ....ശരിയായല്ലോ സമാധാനം

  ReplyDelete
 12. രസകരമായ വിവരണം നന്നായി.

  ReplyDelete
 13. @അലി,
  അവസാനം പറഞ്ഞ മൂന്നെണ്ണം അതില്‍ പെടും

  @എറക്കാടൻ,
  പറ്റിച്ചേ... എന്നാലും എന്റെ മാഷെ ഇത്രത്തോളം ബ്ലോഗില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നത് അപാര കഴിവ് തന്നെ. എന്തൊരു ഓര്‍മശക്തി...

  @റ്റോംസ് കോനുമഠം:
  നന്നായി എന്ന് കേള്‍ക്കുന്നതില്‍ സന്തോഷം, ഇടക്കൊക്കെ വാ നമോക്കൊന്നു നന്നായി പരിചയപ്പെടാലോ

  ReplyDelete
 14. the fabrics r absolutely beautyful. sounds like u have urself a lot of wonderful memories,and life both here & there.
  keep blogging. cheers..

  ReplyDelete
 15. Beautiful...നല്ല നര്‍മ്മം നിറഞ്ഞ വിവരണം ...എല്ലാം കണ്ണിനു മുന്നില്‍ നടക്കുന്നത് പോലെ ....ആശംസകള്‍ ...ഇനിയും എഴുതുക !!!

  ReplyDelete
 16. @($nOwf@ll) ,
  നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. വീണ്ടും വരിക

  @Aadhila,
  ഡയറിയുടെ കാശ് ലാഭിക്കാന്‍ ഉള്ള കാര്യം ഉള്ളു തുറന്നു എഴുതുന്നത്‌ മറ്റുള്ളവര്‍ക്കും ആസ്വാദ്യം ആകുന്നു എന്നതില്‍ വളരെ സന്തോഷമുണ്ട്. വരവിനും സ്ഥിര പ്രോത്സാഹനത്തിനും താങ്ക്സ്

  ReplyDelete
 17. അറുബോറന്‍ വിവരണങ്ങളുമായി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ എന്തിനു ഇങ്ങനെ കഷ്ടപ്പെടുന്നു. ഉള്ള സമയം വേസ്റ്റ് ആക്കാതെ ആദ്യം കൊള്ളാവുന്ന വല്ല ബ്ലോഗും വായിച്ചു പടിക്കു. നല്ല കമന്റുകള്‍ സംരക്ഷിക്കുകയും മോശമായവ ഡിലീറ്റ് ആക്കുകയും ചെയ്യുന്നത് ഒരിക്കലും ഒരു മാന്യനായ ബ്ലോഗ്ഗര്‍ക്ക് ചേര്‍ന്നതല്ലേ, പിന്നെ അതു മാന്യന്മാര്‍ക്കു പറഞ്ഞതല്ലേ. കണ്ടവരെ കുറ്റവും കുറവും എഴുതലാണോ ബ്ലോഗിങ്ങ്, അതോ ഞാന്‍ അമേരിക്കയില്‍ പോയി അങ്കമാലി പോയി എന്ന് ജനങ്ങളെ വിളിച്ചു കൂവി അറിയിക്കുന്നതോ? പിന്നെ എന്താണെന്ന് എഴുതിയത് എന്ന് നോക്കാതെ കമന്റ്‌ ഇടുന്ന ചില മാനസിക രോഗികള്‍ വല്ലതും പറയുന്നത് നിങ്ങളെ പോലുള്ളവര്‍ക്ക് പ്രോല്‍സാഹനമാകുന്നതും വീണ്ടും വീണ്ടും വിവരക്കേടുകള്‍ എഴുതി കൂട്ടുന്നതും. വിവേചന ബുദ്ധിയോടെ ഈ വരികള്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.

  ReplyDelete
 18. @ഒരുവന്‍,

  മാഷെ ഈ പാവം ഒന്ന് ജീവിച്ചു പോക്കോട്ടെ,
  "ഞാന്‍ എഴുതാതിരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ താങ്കള്‍ അതു വായിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത്" :)

  ReplyDelete
 19. മാന്ദ്യം.മാന്ദ്യം.മാന്ദ്യം.മാന്ദ്യം.മാന്ദ്യം....

  ReplyDelete
 20. വിവരണം വളരെ നന്നായി-മാന്ദ്യകാലത്തെ ആഘോഷവും,ബാംഗളൂരില്‍ കണ്ട കഥാപാത്രവും..എല്ലാം.മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടല്ലോ.best wishes

  ReplyDelete
 21. വായിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ ഇഷ്ടഭക്ഷണമായ മോരൊഴിച്ച കുമ്പളക്കറിയും പോത്തിറച്ചി വരട്ടിയതും പപ്പടവും കൂട്ടി വാഴയിലയില്‍ ചോറുണ്ടത് പോലെ ഒരു സന്തോഷം.! അതായത് തൃപ്പതി ആയെന്ന്. രസിച്ച് വായിച്ചൂട്ടോ..!! ബാക്കിയുള്ള ഡയറികുറിപ്പുകള്‍ കൂടി ഇങ്ങോട്ട് പോരട്ടെ.! സമയത്തിനെത്താന്‍ വേണ്ടി ഞാന്‍ ഫോളോ ചെയ്തിട്ടാ മടങ്ങുന്നത്.!

  ReplyDelete
 22. രസമുണ്ട് ഡയറിക്കുറിപ്പ് വായിക്കാന്‍.

  ReplyDelete
 23. @ഒഴാക്കന്‍ , ഏയ്‌ അങ്ങനൊന്നുമില്ല അതൊക്കെ ഒരു തോന്നലാണേ :)
  @jyo, സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും ആശംസകള്‍ക്കും, അതിലുപരി ആഫ്രിക്കന്‍ വിവരണങ്ങള്‍ക്കും ഒരുപാട് നന്ദി
  @ഹംസ, ഹംസക്കാ വെറുതേ എന്നെ ഭക്ഷണക്കാര്യം പറഞ്ഞു കൊതിപ്പിക്കല്ലേ... പ്രോത്സാഹനത്തിനും പിന്നാലെ വന്നു തെറ്റുകള്‍ കാണിക്കുന്നതിനും (അതിനല്ലേ ഞാന്‍ ഫോളോ എന്നതിന് വഴികാട്ടികള്‍ എന്ന് പേരിട്ടത് ) നന്ദി.
  @ഗീത, വന്നതിനും പ്രത്യേകിച്ച് കമ്മന്റിയത്തിനും നന്ദി..അതോകൊണ്ടാല്ലേ എനിക്ക് താങ്കളുടെ മനോഹരമായ ബ്ലോഗ്‌ കാണാന്‍ പറ്റിയത്...

  ReplyDelete
 24. നാദാപുരം ബ്ലോഗ്‌ കലക്കി ട്ടോ ....
  രസികന്‍ കഥകള്‍ ...
  എന്റെ ബ്ലോഗ്‌ സന്തര്‍ഷിച്ചതിനും അഭിപ്രായം നല്‍കിയതിനും
  നന്ദി അറിയിക്കട്ടെ ..
  ഇനിയും കാണുമല്ലോ ??

  ReplyDelete
 25. ഇനിയുമുണ്ടല്ലോ നാടുകൾ നഗരങ്ങൾ സായ്പന്മാർ,
  ഓരോരോ ഒടങ്കൊല്ലി പണികൾ ഒപ്പിച്ച് ഒരിടട്ട് നിന്നും മറ്റൊരിടത്തേക്ക് ചാട്.
  ഇറ്റയ്ക്കിടയ്ക്ക് ജീവിതത്തിന്റെ മാന്ദ്യത്തെക്കുറിച്ചുമാവാം പോസ്റ്റ്കൾ.
  അതിനിടയിൽ നിങ്ങൾ നാദാപുരത്തുകാർക്കിട്ട് ഒരു തട്ടും തട്ടി.
  ഇത്രയധികം കലാരൂപങ്ങൾ ഒന്നിച്ച് ആസ്വദിക്കുന്നവർ കേരളീയർ അല്ലാതെ മറ്റാരുണ്ട്.?

  എഴുത്തിൽ നല്ല റിഥമുണ്ട്. വിഷയവൈവിദ്ധ്യം സൂക്ഷിക്കാൻ ശ്രദ്ധിച്ചോണം.

  ReplyDelete
 26. വായിച്ചു.
  അങ്ങോട്ടീക്കും ക്ഷണിക്കുന്നു.
  വായനക്കും അഭിപ്രായത്തിനും കാത്തിരിക്കുന്നു.

  ReplyDelete
 27. വൈകിയാണ് ഇത് കാണുന്നത്,
  നല്ല എഴുത്ത്, വായനസുഖമുണ്ട്, ഇനിയും വരും.

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം