Feb 28, 2011

ബോംബ്‌ വിചാരം - നാദാപുരം എഡിഷന്‍

ഞെട്ടലോടെയാണ് ഇന്നലെ ആ വാര്‍ത്ത വായിച്ചത്  "നാദാപുരത്ത് ബോംബ്‌ നിര്‍മാണത്തിനിടെ സ്ഫോടനം അഞ്ചു പേര്‍ മരിച്ചു".  മരിച്ചവരുടെ ആവറേജ് പ്രായം ഇരുപത്തിയഞ്ചില്‍ താഴെ എന്നതാണ് അതിലെ ഏറ്റവും ദുഖകരമായ വസ്തുത.  ഒരു പക്ഷെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാദാപുരം പ്രദേശത്തിന്റെ  ബോംബ്‌ നിര്‍മാണ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. (ഒരു നാദാപുരം പ്രവാസിയായ എനിക്ക്  ഈ കാര്യം അറിഞ്ഞില്ലെന്നു നടിക്കാന്‍ പറ്റില്ല).
ബോംബ്‌ നിര്‍മ്മാണം, കൈവശം വെക്കല്‍, ഉപയോഗിക്കല്‍ എന്നീ കാര്യങ്ങള്‍ വലിയൊരു തെറ്റാണെന്ന് അങ്ങനെയങ്ങ് തറപ്പിച്ചു പറയാന്‍ ഒക്കുമോ...? അമേരിക്ക മുതല്‍ അഹിംസ മുഖമുദ്രയാക്കിയ ഇന്ത്യാ മഹാരാജ്യം വരെ അതിശക്തമായ ബോംബ്‌ ഉണ്ടാക്കുകയും പരീക്ഷിക്കുകയും ചെയ്തു എന്നതും, വിശക്കുമ്പോള്‍ പുഴുങ്ങിതിന്നാനല്ല ആവശ്യം വരുമ്പോള്‍ പൊട്ടിച്ചു മനുഷ്യരെ നശിപ്പിക്കാന്‍ തന്നെയാണ് ഇതിന്റെ ഉപയോഗം എന്നത് വെറുമൊരു വാസ്തവമാണ് എന്നിരിക്കെയും  ചിലര്‍ക്ക് മാത്രം അത് പറ്റില്ല എന്ന ന്യായം തീര്‍ത്തും ബൂര്‍ഷ്വാ മനോഭാവം ആണെന്നതില്‍ സംശയമില്ല. 
മേല്‍പ്പറഞ്ഞത്‌ പോലോത്തതും അതിലും വലുതുമായ ന്യായങ്ങള്‍ ലീഗു ചേരിയിലെയും സിപിഎം ചേരിയിലെയും സാമൂഹിക വിരുദ്ദര്‍ക്ക് പറയാന്‍ കാണും, മാത്രമല്ല "അത് ഉണ്ടാക്കരുത്, സൂക്ഷിക്കരുത്, ഉപയോഗിക്കരുത്" എന്ന ഗുരു വാക്യമോന്നും ഇരു പക്ഷവും ചെവിക്കൊള്ളാന്‍ പോകുന്നില്ല. "പ്ലാസ്റ്റിക്ക്  മുക്ത" പഞ്ചായത്തിനു വേണ്ടി കാണിക്കുന്ന ആത്മാര്‍ഥത പോലും "ബോംബ്‌ മുക്ത" പഞ്ചായത്ത് /മേഖല എന്ന ആശയത്തിന് വേണ്ടി  ഇരു കൂട്ടരും കാണിക്കുന്നില്ല എന്നത് വെറും യാതാര്‍ത്ഥ്യം മാത്രം.
ബോംബാക്രമണത്തില്‍ നാദാപുരം മേഖലയില്‍ ഇതുവരെ കൊല്ലപ്പെട്ടതിനേക്കാള്‍ പല മടങ്ങാണ് നിര്‍മ്മാണത്തിനിടയില്‍ നടന്ന  മരണങ്ങള്‍ എന്ന വസ്തുത തെളിയിക്കുന്നത്, ബോംബിന്റെ ഉപയോഗമല്ല, നിര്‍മ്മാണമാണ്  പ്രധാന വില്ലന്‍  എന്നതാണ്. നിര്‍മാതാക്കള്‍ക്കായി തികച്ചും പ്രായോഗികമായ  ചില സജ്ജഷന്‍സ്  താഴെ  കൊടുക്കുന്നു.
  • ബോംബ്‌ നിര്‍മ്മാണം പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുക,  
  • ഇതിനായി പ്രവര്‍ത്തി പരിചയമുള്ള പ്രോഫഷനുകളെ നിയമിക്കുക, 
  • (ധൃതിയില്‍ ഉണ്ടാക്കുന്നതാണ്  മിക്കപ്പോഴും അപകട കാരണം എന്നതിനാല്‍) അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കരുതല്‍ ശേഖരം ശക്തമാക്കുക, 
  • പോലീസ് പിടിച്ചെടുക്കുന്ന ബോംബുകള്‍ ഒരു വില നിശ്ചയിച്ചു (അല്ലെങ്കില്‍ ലേലത്തിനു) പാര്‍ട്ടിക്കാര്‍ക്ക് നല്‍കുക, 
  • പഞ്ചായത്തിന്റെ നേതൃത്വത്തില്‍  യുവാക്കള്‍ക്ക് ബോംബു നിര്‍മ്മാണ പരിശീലന കളരികള്‍ നടത്തുക, 
  • ബോംബ്‌ നിര്‍മ്മാണം കുടില്‍ വ്യവസായമായി അന്ഗീകരിക്കുക, 
  • ബോംബ്‌ നിര്‍മ്മാണ മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പ നല്‍കുക, 
  • ബോംബ്‌ നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക 
ഈ നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം അപഹാസ്യവും അപ്രയോഗികവുമാണോ അതിലും മൂഢത്തരവും  അപഹാസ്യവുമാണ്  രണ്ടു മൂന്നു സര്‍വ കക്ഷി യോഗം വിളിച്ചാല്‍ ഇതിനൊക്കെ ഒരു പരിഹാരമാവും എന്ന് കരുതുന്നത്.  തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തോന്നാത്തിടതോളം കാലം ഈ ഒരു പ്രവണത തുടരുക തന്നെ ചെയ്യും.
"ബോംബുണ്ടാക്കുന്നവന്‍ ബോംബാല്‍..." എന്നത് മനസ്സിലാക്കാനുള്ള പ്രായമായവരല്ല ഈ ദുരന്തത്തില്‍ മരിച്ച മിക്കവരും. പക്ഷെ ഇനിയും ഒരുപാടു ജീവിക്കേണ്ട ജീവനുകള്‍ വല്ല തലതിരിഞ്ഞവന്റെയും  നിര്‍ദ്ദേശപ്രകാരം ഇയ്യാംപാറ്റകളെ പോലെ എരിഞ്ഞടങ്ങുന്നത് കാണുമ്പോള്‍ വിഷമമുണ്ട് സുഹൃത്തെ.
"വേണ്ടാത്ത പണിക്കു പോയിട്ടല്ലേ" എന്ന് പറഞ്ഞു തള്ളാനല്ല തോന്നുന്നത്. അവരുടെ ചിന്താമണ്ഡലത്തിലും  പരിതസ്ഥിതിയിലും നിന്ന് കൊണ്ട് ചിന്തിച്ചു നോക്കിയാല്‍  എന്താണ് അവര്‍ക്ക് ഇതിനൊക്കെ പ്രചോദനം ആകുന്നതെന്ന്  മനസ്സിലാകും. എയിഡ്സ് രോഗം പിടിച്ച വേശ്യയെ "വേണ്ടാത്ത പണിക്കു പോയിട്ടല്ലേ" എന്ന് പറഞ്ഞു കുറ്റപ്പെടുത്താം. അതിനു പകരം അവളെ അതിലേക്കു നയിച്ച പരിതസ്ഥിതികള്‍ എന്തെല്ലാമെന്നു ഒന്ന്  അന്വേഷിച്ചു അതിന്റെ മൂലകാരണം കണ്ടെത്തിയാല്‍  ഒരു പക്ഷെ ഒരു സമൂഹത്തെ തന്നെ എയ്ഡ്സില്‍ നിന്നും രക്ഷപ്പെടുത്താം എന്നത് തന്നെയാണ് ഈ ബോംബ്‌ നിര്‍മ്മാതാക്കളുടെ കാര്യത്തിലും പ്രായോഗികം.  സദാചാരവും അഹിംസയും അച്ചടക്കവും പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല. അത്  പ്രാവര്ത്തികമാക്കുക  എന്നതാണ്  പരമപ്രധാനം.
"ഒരു മനുഷ്യനെ കൊന്നവന്‍ മനുഷ്യ കുലത്തിനെ മൊത്തം കൊന്നവനു തുല്യമാണെന്നു" പഠിപ്പിച്ച മുഹമ്മദ്‌ നബിയുടെ വാക്കുകള്‍ ഈ ഒരു അവസരത്തില്‍ ശ്രദ്ധേയം. നാദാപുരത്തും കണ്ണൂരിലും നിര്‍മ്മിക്കുന്ന ബോംബുകള്‍ ഇന്ത്യാരാജ്യത്തെ അല്ലെങ്കില്‍ മനുഷ്യ കുലത്തെ മൊത്തം നശിപ്പിക്കാനുള്ള ബോംബായി കണ്ടു വേണം ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍. സര്‍ക്കാരിനെ ചിന്തിപ്പിക്കാന്‍ ഈ ഒരു ദുരന്തം കാരണമാകും എന്ന് പ്രതീക്ഷിക്കാം, ഒപ്പം നാദാപുരത്ത് ഇനി ബോംബിന്റെ ശബ്ദം മുഴങ്ങില്ലെന്നു നമുക്ക് പ്രത്യാശിക്കാം.
 ---
പി.കു: പാര്‍ട്ടിക്കാരുടെ, അറ്റ്‌ലീസ്റ്റ്  പ്രാദേശിക/വാര്‍ഡു തല നെതാക്കളുടെയെങ്കിലും അറിവോടെയും ആശീര്‍വാദതോടെയുമല്ല ഈ കുന്ത്രാണ്ടങ്ങള്‍  ഉണ്ടാക്കുന്നത് എന്ന വാക്ക്  വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരാണോ പൊതു ജനം? 
കേരളം മൊത്തം ബോംബു കൊണ്ട് ഗുണ്ടായിസം നടത്തുന്ന വന്‍കിടക്കാര്‍ക്ക് നാദാപുരത്തു മാത്രം ബോംബുണ്ടാക്കുന്ന ചെറുകിടക്കാരെ  ഗുണദോഷിക്കാന്‍  എന്തവകാശം അല്ലെ ?