May 14, 2010

ഒരു മാന്ദ്യകാലത്തിന്റെ ഓര്‍മയ്ക്ക്

ഫ്രാന്‍സിന്റെ ഒരു മൂലയില്‍ ആര്‍ക്കും ഒരു ശല്യവുമില്ലാതെ ഉണ്ടും, ഉറങ്ങിയും, ഇംഗ്ലീഷ് അറിയാത്ത ഫ്രഞ്ച്കാരുടെ തന്തക്കു വിളിച്ചും അല്ലലില്ലാതെ കഴിയുന്നതിനിടെ, ആനയെ വാങ്ങിത്തരാം, പാപ്പാന്റെ മോളെ കെട്ടിച്ചു തരാം എന്നൊക്കെ മോഹിപ്പിച്ച ജര്‍മ്മനി, നെതെര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ ചില സായ്പുമാരുടെ വാക്ക് വിശ്വസിച്ചു ഫ്രെഞ്ച്കാരോടു മ'അസ്സലാം (ഗുഡ് ബൈ) പറഞ്ഞ് ഒരായിരം സ്വപ്നങ്ങളുമായി ഗള്‍ഫ്‌എയര്‍ കാരുടെ വണ്ടിയില്‍ പാരീസ് - ബഹറിന്‍ - ചെന്നൈ വഴി കോഴിക്കൊടെക്ക് പോന്നു.

കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചാല്‍ അന്ന് കല്ലുമഴ പെയ്യും എന്ന പഴംചൊല്ല് പോലെ, ഞാന്‍ നാട്ടിലെതിയതും സായ്പന്മാരെ മാന്ദ്യം പിടികൂടിയതും ഒന്നിച്ചായിരുന്നു. മാന്ദ്യം വന്നതോടെ സായ്പ്പിന്റെ മട്ടു മാറി, ഏയ്‌... ഞങ്ങള്‍ക്കങ്ങനെ ഒരു ആനയേയോ ആനക്കാരനെയോ അറിയില്ലെന്നും വേറെ പണിയൊന്നും ഇല്ലേല്‍ ഈ മാന്ദ്യകാലത്ത് കയ്യിലുള്ള യൂറോക്ക് കിട്ടാവുന്നത്ര ആനപ്പിണ്ടം വാങ്ങി വച്ചാല്‍ ഭാവിയില്‍ വില കൂടുമ്പോള്‍ വില്‍ക്കാം എന്ന ഒരു ഉപദേശവും തന്നു ജര്‍മന്‍ - ഡച്ച് സായ്പുമാര്‍ കൈ മലര്‍ത്തി.

മാന്ദ്യ കാലം നല്ലൊരു വെക്കേഷന്‍ ആയി ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ, മാസാന്ത ഹര്‍ത്താല്‍‍, കൈക്കൂലി, അഴിമതി, തട്ടിപ്പ്, പവര്‍ കട്ട്, തുടങ്ങിയ കേരളീയ കലകള്‍ കൂടാതെ കത്തിക്കുത്ത്, ബോംബ്‌ സ്ഫോടനം, അടിപിടി തുടങ്ങിയ നാദാപുരം പ്രദേശത്തെ പ്രത്യേക കലാരൂപങ്ങളും ഒക്കെ നന്നായങ്ങ് ആസ്വദിച്ചു. അതിനും വേണമല്ലോ ഒരു ഭാഗ്യം.

ഒരു കാര്യം വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നി, വിദേശത്ത് സര്‍വസാധാരണവും കേരളത്തില്‍ വിദേശ മദ്യ ഷോപ്പിനു മുന്നില്‍ മാത്രവും കാണുന്ന "ക്യൂ" എന്ന പേരില്‍ സായ്പ്പുമാര്‍ കൊണ്ട് വന്ന ആചാരം. ആകെയുള്ള ഒരാശ്വാസം നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും സോറിയും താങ്ക്സും പറഞ്ഞു ആരും ശല്യം ചെയ്യുന്നില്ല, ഫ്രാന്‍സില്‍ ഇതൊരു മഹാ ശല്യമായിരുന്നു. ഈ താങ്ക്സ് കേള്‍ക്കാന്‍ ചിലപ്പോള്‍ നല്ല സുഖമാ പക്ഷെ അതു പറയാന്‍ അത്ര സുഗമില്ല. പ്രത്യേകിച്ച് വല്ല ഉപകാരവും ചെയ്തവനെ തെറി വിളിച്ചു മാത്രം പരിചയമുള്ള സ്ഥിതിക്ക്.

കൊണ്ടും കൊടുത്തും ഒന്നൊന്നര വര്‍ഷം പോയത് അറിഞ്ഞതേയില്ല. അതിനിടെ ഒരു പരമ സത്യം ഞാന്‍ മനസ്സിലാക്കി. കീശ നമ്മുടെ സര്‍ക്കാരിന്റെ ഖജനാവ് പോലെ ആയിരിക്കുന്നു. അതു പിന്നെ വല്ലവരോടും കടം വാങ്ങി ജീവിക്കാമെന്ന് വെക്കാം, പക്ഷെ എപ്പോഴാ പോകുക എന്ന നാട്ടുകാരുടെ ഫ്യൂച്ചര്‍ ടെന്‍സിലെ സ്ഥിരം ചോദ്യം നിര്‍ത്തി പകരം നീ ഇതുവരെ പോയില്ലേ എന്ന ആശ്ചര്യ വചനമായതോറെ എനിക്കും ആദിയായി.
അല്ല ഞാനിതുവരെ പോയില്ല അല്ലേ?...

ആകെ കൈമുതലായുള്ളത് രാഷ്ട്രീയക്കാരുടെ പ്രകടന പത്രികയെ വെല്ലുന്ന ഒരു 'സീവി' മാത്രം‍. പ്രതിസന്തി ഘട്ടത്തിന് താല്‍ക്കാലികമായി അറുതി വരുത്താന്‍ കയ്യിലുള്ള ആ ബയോഡാറ്റ വച്ചു വല വീശിത്തുടങ്ങി. ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണാന് നില്‍ക്കരുതുന്നു മൂത്തവര്‍ പറഞ്ഞതില്‍ എന്തെങ്കിലും കാണാതിരിക്കില്ല എന്ന വിശ്വാസത്തില്‍ ന്യൂസിലാന്‍ഡിലെ ഒരു ശുദ്ധ മനസ്കന്‍ നല്‍കിയ ഓഫര്‍ രണ്ടാമതൊന്നു ആലോചിക്കാതെ ഞാനങ്ങു സ്വീകരിച്ചു.

അധികം വൈകാതെ തന്നെ ഇങ്ങു പോരാന്‍ തീരുമാനിച്ചു. കോഴിക്കോട് നിന്നും ബാന്‍ഗ്ലൂര്‍ വരെ നമ്മുടെ കള്ള് കച്ചവടക്കാരന്ടെ വണ്ടിയില്‍, അവിടുന്നും സിങ്കപ്പൂരിലെ കറുത്ത സായ്പ്പിന്റെ വണ്ടിയില്‍ സിങ്കപ്പൂര്‍ വഴി ഓക്ലന്‍ഡ്‌ വരെ അവിടെ ഒന്ന് രാപ്പാര്‍ത്ത ശേഷം ന്യൂസിലാന്റിന്റെ സ്വന്തം വണ്ടിയില്‍ വെല്ലിംഗ്ടനിലേക്ക് ഇതാണ് പ്ലാന്‍

ബംഗലൂരു എയര്‍പോര്‍ട്ടില്‍ കണ്ട ഒരു കഥാപാത്രം എന്നെ വല്ലാതങ്ങ് ആകര്‍ഷിച്ചു. അയാള്‍ പലരെ കൊണ്ടും തന്റെ പടം മൊബൈലില്‍ എടുപ്പിക്കുന്നു. എന്റെ അടുത്ത് വന്നും ഫോട്ടോ എടുത്തു കൊടുക്കാന്‍ പറഞ്ഞു. പക്ഷെ ആള്‍ക്ക് ഒട്ടും ത്രിപ്തിയാവുന്നില്ല. അതിലെ പോകുന്ന ഒരു മദാമ്മക്കുട്ടീടെ ഫോട്ടോ എടുത്തു അതു എന്നെ കാണിച്ചു ഇങ്ങിനെ പറഞ്ഞു. നീ കൈ ഷേക്ക്‌ ചെയ്തിട്ടാ ഫോട്ടോ നന്നാവാത്തത്. കണ്ടില്ലേ ഞാന്‍ ഒരു പടം എടുത്തപ്പോള്‍ എന്തൊരു ഭംഗിയുണ്ട്. അതും കൂടി കേട്ടു സകല നിയന്ത്രണവും പോയ ഞാന്‍ പറഞ്ഞു എടൊ കോയാ, ഫോട്ടോ എത്ര നന്നായി എടുത്താലും നിങ്ങളെ ഫോടോല്ലേ കിട്ടൂ. പിന്നെ അയാള്‍ സംസാരിച്ചത് കണ്ണ് കൊണ്ടാണ് - ദഹിപ്പിക്കുന്ന ഒരു നോട്ടം, നാട്ടിലെ നീണ്ട കറക്കത്തിനിടെ കിട്ടിയ ശത്രുക്കളുടെ പട്ടികയില്‍ ചോദിച്ചു വാങ്ങിയ ഒരു ശത്രുവിനെ കൂടി വരവ് വച്ചു.

രാത്രി പതിനൊന്നു മണിയോടെ എമിഗ്രേഷന്‍ ഒക്കെ കഴിഞ്ഞു വണ്ടിയില്‍ സ്ഥലം ഉറപ്പിച്ചു. നല്ല ഭക്ഷണം - പൊങ്ങിയ ഉടനെ ഡിന്നര്‍, അതു കഴിഞ്ഞു സിങ്കപ്പൂര്‍ ഇറങ്ഗാനായപ്പോള്‍ ബ്രേക്ക്‌ഫാസ്റ്റ്, പിന്നെ അടുത്ത ഫ്ലൈറ്റില്‍ നിന്നും വീണ്ടും ബ്രേക്ക്‌ഫാസ്റ്റ്‌, പിന്നെ ലഞ്ച് കുറച്ചു കഴിഞ്ഞു സ്നാക്സ് അതു കഴിഞ്ഞു ഡിന്നര്‍. ശെടാ ഇതില്‍ വല്ല പൈലറ്റ്‌ പണിയും കുറഞ്ഞ പക്ഷം ഒരു ക്ലീനെര്‍ പണിയെങ്കിലും കിട്ടിയാല്‍ ഒരു മാസം കൊണ്ട് തടിയൊന്നു നന്നാവുമായിരുന്നു.

ചുരുക്കി പറഞ്ഞാല്‍ മാന്ദ്യത്തിനു ആകെ ചെയ്യാന്‍ പറ്റിയത് ഫ്രാന്‍സില്‍ കിടക്കുന്ന എന്നെ കൃത്യം പന്ത്രണ്ടു മണിക്കൂര്‍ സമയ വ്യത്യാസമുള്ള ന്യൂസിലാന്‍ഡില്‍ എത്തിച്ചു അത്രതന്നെ. വേറെ ഒരു ചുക്കും ചുണ്ണാമ്പും നടന്നില്ല.

---*---*---*---

ഇതൊരു പഴയ ഡയറിക്കുറിപ്പ്‌ (കഴിഞ്ഞ ജൂലൈ മാസം എഴുതിയത്), കടലാസില്‍ എഴുതിയതിനാല്‍ ബ്ലോഗിലേക്ക് മാറ്റാന്‍ വൈകി ...മടി, അല്ലാതെ വേറൊന്നും കൊണ്ടല്ല - വഴിപോക്കന്‍