Aug 29, 2009

കാടി - അഥവാ കഞ്ഞിവെള്ളം (Rice Milk)

ന്യൂസിലാന്‍ഡില്‍ പോകുകയാണെന്ന് പറയുമ്പോള്‍ തന്നെ ചിലരുടെ കമന്റ് മനുഷ്യരെക്കാള്‍ എത്രയോ ഇരട്ടി ആടുമാടുകള്‍ ഉള്ള നാടാണ് നിനക്ക് വേറെ എവിടേം പോയിക്കൂടെ എന്നൊക്കെയാണ്. എന്തായാലും ചോദിക്കുന്നവരെക്കാള്‍ എത്രയോ മെച്ചം പറയുന്ന കാലികള്‍ തന്നെയാണെന്ന് ഞാന്‍ അങ്ങ് സങ്കല്‍പ്പിക്കും. ഒന്നുമില്ലെങ്കിലും അവറ്റകള്‍ വേണ്ടതിനും വേണ്ടാത്തതിനും കമന്റ് അടിക്കില്ലല്ലോ... പക്ഷെ ന്യൂസിലാന്‍ഡില്‍ എത്തി രണ്ടു മാസം ആയിട്ടും നാല് കാലില്‍ നടക്കുന്ന മൂന്നേ മൂന്നു ജീവികലെയെ ഞാന്‍ കണ്ടിട്ടുള്ളൂ, എന്റെ ആജന്മ ശത്രുവായ പൂച്ചയും, എന്റെ പേടി സ്വപ്നമായ പട്ടിയും, പിന്നെ ചില വെള്ളിയാഴ്ച്ച രാത്രികളില്‍ ഓവര്‍ഡോസ് തണ്ണിയദിചുവരുന്ന എന്റെ സഹവീടനും.

ആളുകളേക്കാള്‍ കൂടുതല്‍ കാലികള്‍ ഉള്ളത് കൊണ്ടും കാര്യമുണ്ട്, ഇഷ്‌ടം പോലെ പാല്‍ കിട്ടുന്നുണ്ട് അതും വളരെ ചീപ്‌ ആയി, ആളുകള്‍ ഉള്ളത് കൊണ്ട് എന്ത് പ്രയോജനം ഉണ്ടാവാനാ..അല്പം പരദൂഷണം കേള്‍ക്കമെന്നതല്ലാതെ. ഇവിടെ വന്നതിനു ശേഷം വീക്കിലി രണ്ടു ലിറ്റര്‍ പാല്‍ ഞാന്‍ കുടിച്ചു തീര്‍ക്കുന്നുന്ട്. ഓരോ വീക്കിലും വേറെ വേറെ ബ്രാന്‍ഡ്‌ പാല്‍ ടെയിസ്റ്റ് ചയ്യാന്‍ മാത്രം ബ്രാണ്ടുകളും സൂപര്‍മാര്‍ക്കടുകളില്‍ ലഭ്യമാണ്. ഈക്കഴിഞ്ഞ ശനിയാഴ്ച "റൈസ്" എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയ ഒരു പാക്കറ്റ് പാല് ഉം പിന്നെ ആങ്കര്‍ ന്റെ ഒരു പാക്കറ്റും വാങ്ങി -- മൊത്തം ആറു ഡോളര്‍.

ചായ ഉണ്ടാക്കിയപ്പോള്‍ എന്തോ ഒരു പിശക് ഉള്ളതായി തോന്നി.. ചായയില്‍ ഒരു കഞ്ഞി മറിഞ്ഞ പോലെ... പാല്‍ കേടാവാനുള്ള സാദ്യതയോന്നും ഇല്ല. എന്നാലും ഒന്ന് ചെക്ക്‌ ആക്കിക്കളയാം എന്ന് വച്ചു പാല്‍ ഒന്ന് വിശകലനം ചെയ്തു.. മോശമായ സ്മെല്‍ ഒന്നും ഇല്ല. അധികം ആലോചിക്കാന്‍ നിക്കാതെ ഞാന്‍ എന്റെ വഴിക്ക് പോന്നു. രാത്രി ചായ ഉണ്ടാക്കുമ്പോള്‍ എന്റെ സഹവീടന്‍ (ഫ്ലാറ്റ്‌-മേയ്റ്റ്‌) എന്നെ എന്തോ ഒരു പന്തികെടുള്ളപോലെ നോക്കുന്നു.. സായ്പ്പിനു എന്റെ ചായ ഉണ്ടാക്കുന്നതില്‍ എന്തോ ഒരു പുച്ഛം ഉള്ള പോലെ.

സഹി കേട്ടപ്പോള്‍ അവന്റെ അക്കൌണ്ടിലേക്ക് മലയാളത്തില്‍ നാല് തെറി ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം എന്താ ആക്ച്വലി കാര്യം എന്ന് അന്വേഷിച്ചു.. അപ്പോയാ അയാള്‍ പറയുന്നത് കഞ്ഞി വെള്ളം കൊണ്ട് ചായ ഉണ്ടാക്കുന്നവനെ അയാള്‍ ആദ്യമായി കാണുകയാണെന്ന്. അപ്പോഴാണ്‌ എനിക്ക് ഇന്നലത്തെ കഞ്ഞിചായയെ ഓര്‍മ്മ വന്നത്. ദിവസവും അടുക്കളയില്‍ നിന്നും വെസ്റ്റ്‌ ആക്കുന്ന, ഭൂമി മലയാളത്തിലെ അടുക്കളകളിലെ പ്രധാന ഉപോല്‍പ്പന്നം ആയ കാടി ആണല്ലോ ദൈവമേ ഞാന്‍ കാശ് കൊടുത്തു വാങ്ങിയത്...

ഇത്രേം ആടുമാടുകള്‍ ഉണ്ടായിട്ടും ഇവന്മാര്‍ക്ക് അരിപ്പാല്‍ അഥവാ "കാടി" പാലിനൊപ്പം വച്ച് വില്‍ക്കേണ്ട വല്ല ആവശ്യവും ഉണ്ടോ? . വെറുതെയല്ല ഇങ്ങോട്ട് വരുമ്പോള്‍ നാട്ടുകാര്‍ ചോദിച്ചത് - നിനക്ക് വേറെ എവിടേം പോയിക്കൂടെ?