Jul 2, 2009

കൃത്രിമ മൂത്രം

മാന്യമായി മടപ്പള്ളി ഗവ കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പിലും സെക്കന്റ് ഗ്രൂപ്പിലും PDC ക്കു ചേരാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും വിധിയുടെ വിളയാട്ടം കൊണ്ടു മാത്രം വടകരയിലെ ഒരു ഗവ സ്കൂളില്‍ പ്ലസ് ടു എന്ന വിചിത്ര കൊഴ്സിനു ചേരേണ്ടി വന്ന അനേകം ഹത ഭാഗ്യരില്‍ ഒരാള്‍ മാത്രമാണു ഈ ഞാന്‍ .

വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലൊ.. എന്റെ കാര്യത്തില്‍ ഈ ഹത ഭാഗ്യം വന്നതു ഞങ്ങളുടെ അയല്‍ വില്ലേജും എന്റെ ഉമ്മാന്റെ ജന്‍മ നാടുമാ‍യ വെള്ളൂരിലെ ഞങ്ങളുടെ ഒരു ഭഹുമാന്യ സുഹ്രുത്ത് ബാലകൃഷ്ണന്‍ മാഷിലൂടെയായിരുന്നു. വടകരയിലെ പ്രശസ്തമാ‍യ ഈ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ ആളുകള്‍ പിടിവലി ആണെന്നും കിട്ടിയാല്‍ അതു എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകുമെന്നും മറ്റും കേട്ടപ്പോള്‍ കന്നി എഴുത്തില്‍ തന്നെ പത്താം തരം പാസ്സായ ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ അതില്‍ വീണു പോയാല്‍ അവരെ കുറ്റം പറയാന്‍ ഒരിക്കലും പറ്റില്ല.

മാത്രമല്ല ഈ മാഷിന്റെ മിടു മിടുക്കിയായ ഒരു മോള്‍ ആ സ്കൂളിലാണു പഠിക്കുന്നതു എന്നു കേട്ടപ്പൊള്‍ മാഷു പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു എനിക്കും തോന്നി.

അങ്ങനെയാണു കോളേജ് ജീവിതത്തിന്റെ ഒരുപാടു സ്വപ്നങ്ങളുമായി പത്താം ക്ലാസ്സ് പാസ്സായ ഞാന്‍ സംസ്കൃതം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നു പെരുള്ള, കാഴ്ചയില്‍ അത്രയൊന്നും സംസ്കൃതമാ‍ണെന്നു തോന്നാത്ത ഈ സ്കൂളില്‍ എത്തുന്നത്.

അഡ്മിഷനു പോയപ്പോള്‍ നമ്മുടെ മാഷ് പറഞ്ഞത് കുറച്ചൊക്കെ സത്യമാണെന്നു മനസ്സിലായി. വന്നിരിക്കുന്നവരെല്ലാം അഞ്ഞൂറിനും മുകളില്‍ മാര്‍ക് ഉള്ളവര്‍, പഠിപ്പിസ്റ്റുകളും അല്ലാത്തവരും ആ‍യ നൂറ്റിപത്തു പിള്ളേര്‍ക്ക് മാത്രമാണു അവിടെ ജൊയിന്‍ ചെയ്യാനുള്ള ഹത ഭാഗ്യം ലഭിചത് എന്നും അതില്‍ ഒരാളാണു ഞാന്‍ എന്നും പിന്നീടു മനസ്സിലായി.

മൂക്കു കൊണ്ടു കാ‍റ്റിന്റെ ദിശ നിര്‍ണയിക്കാന്‍ പറ്റും എന്നതാണു ഈ സ്കൂളിന്റെ ഒരു പ്രത്യേകത. ആസഹനീയമായ ദുര്‍ഗന്ധം ആണെങ്കില്‍ കാറ്റു പടിഞ്ഞാറു നിന്നാണെന്നു മനസ്സിലാക്കാം ഇതിനു നാം വടകരയിലെ നഗരസഭാ മാലിന്യ നിക്ഷെപ കെന്ദ്രത്തോടു കടപ്പെട്ടിരിക്കുന്നു. തെക്കു നിന്നാണെങ്കില്‍ സ്കൂളിന്റെ പ്രാന്തപ്രദേശത്തെ ഒരേയൊരു അന്ന ദാതാവായ ഭാസ്കരേട്ടന്റെ പീടിയയിലെ മത്തി പൊരിച്ചതിന്റെ കൊതിയൂറുന്ന മണവും ആയിട്ടായിരിക്കും കാറ്റിന്റെ വരവ്. കിഴക്കു നിന്നും വരുന്ന കാറ്റിനു കെ എസ് ഇ ബി സബ് സ്റ്റേഷനിലെ അമിത ലോഡ് സംഭാവന ചെയ്യുന്ന ഒരു പ്ലാസ്റ്റിക് കരിഞ്ഞ ഗന്ധവും, വടക്കു നിന്നണു കാറ്റെങ്കില്‍ ഗവ ആശുപത്രിയില്‍ നിന്നും വരുന്ന ഒരു ഡെറ്റോല്‍ ടച്ചുള്ള ഗന്ധവുമായിരിക്കും.

ജീവിതത്തില്‍ ആദ്യമായി, നാദാ‍പുരത്തു പറയുന്ന മലയാളം അല്ല യതാര്‍ഥ മലയാളം എന്നു മനസ്സിലാക്കാ‍ന്‍ കഴിഞ്ഞതു ഈ സ്കൂളില്‍ നിന്നാണ്‌. കെമിസ്ട്രിയിലെ സത്യന്‍ മാഷ് ഈ വരുന്ന രണ്ടാം ശനി സ്പെഷ്യല്‍ ക്ലാസ്സ് വേണമൊ എന്നു ചോദിചപ്പോള്‍ ആവുന്നത്ര ശക്തിയോടെ തനി നാദാപുരം ഭാഷയില്‍ മാണ്ട എന്നു പറഞ്ഞപ്പോള്‍ ബാക്കി പിള്ളേരും മാഷും കൂടി കളിയാക്കി ചിരിച്ചപ്പൊളുണ്ടായ ആ ചമ്മല്‍ ഇപ്പൊഴും മറന്നിട്ടില്ല. ഇതു പോലെ എന്റെ മലയാളത്തിനു വിലപിടിപ്പുള്ള അനേകം സംഭാവനകള്‍ നല്‍കാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

അരിഷ്ടത്തിന്റെ കുപ്പിയില്‍ വെല്ലം -ശര്‍ക്കര- ഇട്ടു പത്തായത്തില്‍ വച്ചു അതി വിദഗ്ദമായി പിടിച്ച കൂറയെയും, വടകര മേഘലയിലെ മുഖ്യ തവള പിടുത്തക്കാരന്‍ എത്തിച്ചു തരുന്ന കൊഴുത്ത പേക്കച്ചികളെയും സുവോളജി ലാബില്‍ ഓപറേറ്റു ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം Christiaan Barnard നു ലോകത്തിലെ ആദ്യ ഹൃദയം മാറ്റി വെക്കല്‍ ശസ്ത്രക്രിയ വിജയകരമായി ചെയ്തപ്പോള്‍ കിട്ടിക്കാണുമോ എന്നു സംശയമാണ്.

പതിവു പോലെ ഒരു ദിവസം ഉച്ചക്കു ശേഷം സുവോളജി പഠിപ്പിക്കുന്ന മേരി ടീച്ചര്‍ ക്ലാസ്സില്‍ എത്തി. മൂത്രം പരിശോധനയുടെ ബാല പാഠങ്ങള്‍ പഠിപ്പിക്കലാണു അന്നത്തെ ടീച്ചറുടെ അജണ്ട. പക്ഷെ കുടി വെള്ളം തരാനുള്ള ഒരു സംവിധാനവും ഇല്ലാത്ത, ഒറ്റപ്പെട്ട പ്രദേശത്തുള്ള ഈ സ്കൂളില്‍ ഉച്ചക്കു ശേഷം ആരുടെയെങ്കിലും റിസര്‍വോയറില്‍ അല്പമെങ്കിലും മൂത്രം ബാക്കിയുണ്ടാകാന്‍ ഒരു ചെറിയ സാധ്യത പൊലും ഇല്ലെന്നു തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ടീച്ചര്‍ക്കും ഇല്ലതെ പോയി.

ഒരു തുള്ളീ മൂത്രം പൊലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു സമ്മൂഹത്തില്‍ ഒരിക്കലും ഒരു ഡോക്ടര്‍ പിറവിയെടുക്കില്ല എന്ന് കാര്‍ള്‍ മാര്‍ക്സ് പറഞ്ഞിട്ടുള്ള കാര്യം കമ്മ്യൂണിസ്റ്റ് കാരിയായ ടീച്ചര്‍ പലതവണ ഓര്‍മപ്പെടുത്തിയിട്ടും ആരും മൂത്രം കൊടുക്കാന്‍ തയ്യാറാവാതിരുന്നതു ടീച്ചറെ ദേഷ്യം പിടിപ്പിക്കാനോ, ഭാവിയില്‍ ഒരു ഭിഷഗ്വരന്‍ ആകാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടൊ ആയിരുന്നില്ല. ഇല്ലാത്ത മൂത്രം ഉണ്ടാക്കന്‍ കാര്‍ള്‍ മാര്‍ക്സ് അല്ല പിണറായി വിജയന്‍ വിചാരിച്ചാല്‍ പോലും നടക്കില്ലല്ലോ..

അഞ്ചു മിനിട്ടിനകം മൂത്രം നല്‍കാന്‍ സ്വമേധയാ തയാറായി ആരെങ്കിലും മുന്നോട്ടു വരാത്ത പക്ഷം, പ്രതിപക്ഷത്തെ പോലെ ക്ലാസ്സില്‍ നിന്നും വാക്കൌട്ട് നടത്തും എന്നു ടീച്ചര്‍ അന്ത്യ ശാസനം നല്‍കിയിട്ടും മുഖത്തോടു മുഖം നൊക്കാനല്ലാതെ മൂത്ര ദാനത്തിനു വേണ്ടി ആരും മുന്നൊട്ടു വന്നില്ല.

ഒരിറ്റ് മൂത്രത്തിന്റെ വില എന്തു മാത്രം വലുതാണെന്നു മനസ്സിലാക്കിയ നിമിഷങ്ങള്‍..

പെട്ടെന്നാണു എന്റെ മനസ്സില്‍ ഒരു ഐഡിയ മിന്നി മറഞ്ഞത്. മാസങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന സ്കൂളിലെ വാട്ടര്‍ ടാപ്പ്.. അതു തുറന്നാല്‍ ഒരു അര കുപ്പി വെള്ളമെങ്കിലും കിട്ടും എന്ന ഉറപ്പിലാണ് ക്ലാസ്സിനെ മൊത്തം ആവെശഭരിതരാക്കിക്കൊണ്ട് സാഹസിക കൃത്യങ്ങളില്‍ തല്‍പരനായ ഞാന്‍ ആ പ്രഖ്യാപനം നടത്തിയത്..

മൂത്രം നല്‍കാന്‍ ഞാന്‍ റെഡി..

എല്ലാവരും ഹാപ്പി. ഉദ്ധ്യോകജനകമായ നിമിഷങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് നിറ പുഞ്ചിരിയോടെ വലിയ ഒരു ടെസ്റ്റ്ട്യൂബ് ടീച്ചര്‍ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു.

ആങ്ങനെ ലോകത്തിലെ ആദ്യ കൃത്രിമ മൂത്ര നിര്‍മാണം ആരംഭിക്കുകയായി..

കെമിസ്ട്രി ലാബിന്റെ മുന്‍പില്‍, അടുത്തടുത്തു കിടക്കുന്ന മേലോട്ടു തള്ളിയാല്‍ വെള്ളം വരുന്ന രണ്ടു ടാപ്പില്‍ ഒന്നിനു താഴെ ടെസ്റ്റ്ട്യൂബ് വച്ചു മറ്റേ ടാപ്പിലൂടെ അതിശക്തമായി ഊതി, എകദേശം ആ ടെസ്റ്റ്-ട്യൂബിന്റെ മുക്കാല്‍ ഭാഗത്തോളം ക്രിത്രിമ മൂത്രം സംഘടിപ്പിച്ചു ഒരു ഹീറൊ ആയി ഞാന്‍ ക്ലാസ്സില്‍ തിരിച്ചെത്തി. കാലപ്പഴക്കം ചെന്നതിനാല്‍ വെള്ളതിനു ശരിക്കും മൂത്രത്തിന്റെ തനതു ലുക്ക് ഉണ്ടായിരുന്നു.

ആങ്ങനെ അറുപതു പേര്‍ അടങ്ങുന്ന ഭാവി ഡോക്ടര്‍മാര്‍ വ്യാജ മൂത്രത്തിലെ ഗ്ലൂക്കോസ്, ലിപ്പിഡ്സ്,..മുതലായവ പരിശോധിച്ചു സംതൃപ്തി അടഞ്ഞു.

എല്ലാവരുടെയും മുഖത്തു കണ്ട ആ സന്തോഷം പക്ഷെ മേരി ടീച്ചര്‍ടെ മുഖത്തു കാണാന്‍ പറ്റിയില്ല.. മുഖത്തു ആകപ്പാടെ ഒരു മ്ലാനത..

ടീച്ചര്‍ എന്റെ അടുത്തു വന്നു പറഞ്ഞു : നീയിന്നു ക്ലാസ്സ് കഴിഞ്ഞു പൊകുന്നതിനു മുന്‍പു എന്നെ വന്നു ഒന്നു കാണണം, മറക്കരുത്..

എനിക്കു ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍.. ടീച്ചര്‍ എന്തിനായിരിക്കും കാണാന്‍ പറഞ്ഞത്..

രണ്ടു സാധ്യതകളെ ഞാന്‍ കണ്ടുള്ളൂ‍.. ഒന്നു എന്റെ ആത്മാര്‍ഥതയെ അഭിനന്ദിക്കാന്‍...അല്ലെങ്കില്‍ എന്റെ തട്ടിപ്പു ടീച്ചര്‍ക്കു പിടി കിട്ടിക്കാണും.. അതിനു ശകാരിക്കാന്‍..

മനസ്സില്ലാ മനസ്സോടെ വൈകുന്നേരം ഞാന്‍ ടീച്ചര്‍ടെ ഓഫീസില്‍ ഹാജര്‍..

ടീച്ചര്‍ കൂടുതല്‍ ഒന്നും പറയാതെ എന്റെ കയ്യില്‍ ഒരു കത്തു തന്നു.. അതു പൊട്ടിച്ചു നൊക്കാതെ രക്ഷിതാവിനെ കൊണ്ടു ചെന്നു ഏല്‍പ്പിക്കാന്‍ പറഞ്ഞു..

ആക്രാന്തത്തിനു പേരു കേട്ട എനിക്കുണ്ടൊ വീടു എത്തുന്നതു വരെ ക്ഷമിക്കാന്‍ പറ്റുന്നു.. ടീച്ചറു‍ടെ ഓഫീസില്‍ നിന്നു ഇറങ്ങിയ ഉടനെ തന്നെ ഞാന്‍ അതു പൊട്ടിച്ചു വായിച്ചു..

അതില്‍ എന്റെ രക്ഷിതാവിനെ അഡ്രസ് ചെയ്തു ഒരു അഭ്യര്‍ഥനയാണു, അതിലെ പ്രധാന കാര്യം ഇതാണ്:

ഇവന്റെ യൂറിന്‍ ടെസ്റ്റ് ചെയ്തപ്പോള്‍ ചില്ലറ പ്രശ്നങ്ങള്‍ കാണുന്നുണ്ട്, അതു കൊണ്ട് എത്രയും വേഗം നല്ല ഒരു നെഫ്രോളജിസ്റ്റ് നെ കാണിക്കണം..

വെള്ളവും മൂത്രവും തിരിച്ചറിയാന്‍ പറ്റാത്ത സുവോളജി ടീച്ചര്‍മാര്‍ ഉള്ള നാട്ടില്‍ ഒരിക്കലും ഒരു നല്ല ഡോക്ടര്‍ ജനിക്കില്ല എന്നു മാര്‍ക്സ് പറയാതിരുന്നത് നമ്മുടെ ഭാഗ്യം..

---
repost()