Aug 12, 2012

പട്ടരുടെ കാശി യാത്ര

|posted on September 11, 2010| എന്റെ സുഹൃത്ത് രാഘവന്റെ അമ്മേടെ അത്രേം മോഡേണ്‍ ആയി ചിന്തിക്കുന്ന അറുപതു വയസ്സ് കഴിഞ്ഞ അമ്മമാരെ മലബാര്‍ പ്രദേശത്ത് കാണാന്‍ പ്രയാസമാണ്. മകന്‍ യൂറോപിലും മറ്റുമായി കറങ്ങുമ്പോള്‍ സുന്ദരിയായ ഒരു മദാമ്മയെ തന്റെ മകന്‍ മരുമോളായി കൊണ്ട് വരുമെന്ന് ആ പാവം അമ്മ കരുതിപ്പോയാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ. പക്ഷെ തനി പട്ടരായ രാഘവന്റെ വീട്ടില്‍ വന്നു തൈര് സാദവും ഇഡലിയും കഴിക്കാന്‍ മാത്രം ത്യാഗസന്നദ്ധരായ മദാമ്മ കുട്ടികള്‍ ആധുനിക യൂറോപ്പില്‍ ഇല്ലാത്തതിനാല്‍ രാഘവന്‍ പാരീസില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വലതു കയ്യില്‍ പെട്ടിയല്ലാതെ വളയിട്ട കൈയൊന്നും ഇല്ലായിരുന്നു.

സത്യം പറഞ്ഞാല്‍ രാഘവനും താല്പര്യം ഇല്ലാഞ്ഞിട്ടല്ല, ആവുംപോലെ ശ്രമിച്ചിട്ടും ഉണ്ട്. പക്ഷെ ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും ഒക്കെ സംസാരിച്ചാല്‍ ഈ വിവരം കെട്ട ഫ്രഞ്ച് പെണ്‍ പിള്ളേര്‍ക്ക് വല്ലതും മനസ്സിലാവണ്ടേ. ഒന്ന് രണ്ടു പ്രാവശ്യം നടത്തിയ ശ്രമങ്ങള്‍ അല്പം ഫ്രെഞ്ച് തെറിപ്രയോഗങ്ങള്‍ പഠിക്കാന്‍ രാഘവനെ സഹായിച്ചു എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല. ഒരു ദിവസം രാഘവന്‍ ഫോണില്‍ വിളിച്ചു എന്നോടു ഒരു സംശയം ചോദിച്ചു, എടാ ഈ ഹൈ ഹീല്‍ ചെരിപ്പിന്റെ ആണി കൊണ്ട് മുതുകു മുറിഞ്ഞാല്‍ ടിടി അടിപ്പിക്കണോ. അതിനു ശേഷമാണ് രാഘവന്‍ ഒരു പ്രഖ്യാപനം നടത്തിയത്, "സൌന്ദര്യത്തില്‍ ഇന്ത്യക്കാരെ വെല്ലാന്‍ ലോകത്ത് ഒരു പെണ്ണും ഇല്ല, ഫ്രഞ്ച് പ്രസിഡണ്ട്‌ സ്ഥാനം തന്നെ സ്ത്രീധനമായി തന്നാലും ഞാന്‍ ഒരു ഫ്രഞ്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്യില്ല".

നാട്ടിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒറ്റയാനായി നടക്കുന്ന രാഘവനോടു, എന്തേ രാഘവാ ഒരു പെണ്ണ് കെട്ടാത്തത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടനെ വരും മറുപടി, ഒരു ചായ കുടിക്കാന്‍ എന്തിനാടാ ഒരു തേയിലത്തോട്ടം വിലക്ക് വാങ്ങുന്നത്. ഒറ്റയ്ക്കിരിക്കുന്ന അമ്മയ്ക്കു ഈ തേയിലത്തോട്ടം ഒരു നേരം പോക്കാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ രാഘവനും തീരുമാനിച്ചു അങ്ങനെയെങ്കില്‍ അങ്ങനെ. സ്വന്തമായി ഒരു തേയിലത്തോട്ടം ഉള്ളതിന്റെ പ്രയോജനം രാഘവനും മനസ്സിലാക്കി തുടങ്ങി എന്നര്‍ത്ഥം.

കാര്യങ്ങള്‍ അങ്ങനെ പോകുന്നതിനിടെയാണ് എനിക്ക് രാഘവന്റെ ഒരു മെയില്‍ വരുന്നത്. "urgent" എന്ന് ടൈറ്റില്‍ ഉള്ള ആ ഈമെയിലില്‍ അവന്‍ പറയുന്നത് ഇത്ര മാത്രം, "എടാ ഇവളുടെ സൈസ് ഒന്ന് കുറച്ചു തരുമോ". ദൈവമേ, ഒരു പെണ്‍കുട്ടിയുടെ സൈസ് ഓണ്‍ലൈന്‍ ആയി കുറയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ.. ഇതെന്താ വല്ല സയന്‍സ് ഫിക്ഷന്‍ സിനിമയുമാണോ? ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി ഇരിക്കുമ്പോള്‍ അതാ മിന്നലിനു പിന്നാലെയുള്ള ഇടി പോലെ അവന്റെ ഫോണ്‍ കോള്‍. കാര്യം ഇത്ര മാത്രം, ആള്‍ക്ക് ഒരു വിവാഹ ആലോചന വന്നിരിക്കുന്നു, കുട്ടീടെ ഫോട്ടോ ആളുടെ കമ്പ്യൂട്ടര്‍ല്‍ ഓപ്പണ്‍ ആകുന്നില്ല അതൊന്നു സൈസ് കുറച്ചു കൊടുക്കണം. അങ്ങനെ രാഘവനെക്കാള്‍ മുന്‍പേ ആളുടെ ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ ഞാന്‍ ഒന്ന് ദര്‍ശിച്ചു. ആള്‍ക്ക് കുട്ടിയെ ഇഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഞാന്‍ കണ്ടില്ല. അവനും ഒറ്റ കാഴ്ചക്ക് ഫോട്ടോ ഇഷ്ടപ്പെട്ടു. പക്ഷെ ഫോട്ടോ മാത്രം ഇഷ്ടപ്പെട്ടാല്‍ പോരല്ലോ കുട്ടിയെ ഒന്ന് കാണണ്ടേ. അങ്ങനെ പെണ്ണ് കാണാന്‍ ഒരു ദിവസം തീരുമാനിച്ചു.

പെണ്ണ് കാണാന്‍ തന്നെയാണ് എല്ലാ ദിവസവും ആള്‍ പുറത്തു പോകുന്നത് എങ്കിലും ഒഫിഷ്യലി, കുട്ടിയുടെ രക്ഷിതാക്കളുറെ സമ്മതത്തോടെ പെണ്ണ് കാണാന്‍ പോകുന്നു എന്ന് വിശദമാക്കി പറഞ്ഞില്ലേല്‍ കണ്‍ഫ്യൂഷന്‍ ആകും. അങ്ങനെ അതും നടന്നു, ഇനി പണിക്കരുടെ ഊഴം - പണിക്കര്‍ക്ക് പട്ടരുടെ കല്യാണം മുടക്കാന്‍ വല്യ താല്പര്യം ഇല്ലാത്തതിനാല്‍ ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ പത്തില്‍ ഒരു ഏഴു ഏഴര പൊരുത്തം ഉണ്ട്. പക്ഷെ വരുന്ന ഏപ്രില്‍ വരെ കല്യാണം വേണ്ടെന്നു ഏട്ടന്‍ സുബ്രഹ്മണ്യ സ്വാമികളുടെ ഓര്‍ഡര്‍. ഏട്ടന് വീറ്റോ പവര്‍ ഉള്ളതിനാല്‍ തല്‍ക്കാലം അതങ്ങ് പാസ്സായി.

പട്ടരുമാരുടെ കല്യാണം തികച്ചും വ്യത്യസ്തമാണ്. രാഘവന്റെ അമ്മയില്‍ നിന്നാണ് ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത്. ശരിക്കും ഒരു നാടകം കാണുന്നതിന്റെ ത്രില്‍. ചെക്കന്‍ ഒരു ഭാണ്ടക്കെട്ടുമോക്കെയായി കാശിക്കു പോകുകയാണെന്ന ഭാവത്തില്‍ പുറത്തിറങ്ങും. അപ്പോള്‍ പെണ്ണിന്റെ ആള്‍ക്കാര്‍ വന്നു അനുനയിപ്പിക്കാന്‍ ശ്രമിക്കും. ഒരു അനുനയത്തിനും ചെറുക്കന്‍ വഴങ്ങാതാവുമ്പോള്‍ അവസാനത്തെ അടവെന്ന പോലെ പെണ്ണിന്റെ രക്ഷിതാവ് ഒരു ബമ്പര്‍ ഓഫര്‍ കൊടുക്കും, എനിക്ക് നല്ല തങ്കം പോലോത്ത ഒരു മകളുണ്ട്, അവളെ വേണേല്‍ നിനക്ക് കെട്ടിച്ചു തരാം. പട്ടന്‍ അല്ല പൊട്ടന്‍ തന്നെ ആയാലും പെണ്ണെന്നു കേട്ടാല്‍ വീഴുമല്ലോ. അങ്ങനെ ആ ഉറപ്പില്‍ ചെക്കന്‍ കാഷിയാത്ര റദ്ദ് ചെയ്തു പെണ്ണ് കേട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി.
--- --- --- --- ---

|dated 11 September 2010 | രാഘവന്  വിവാഹ വാര്‍ഷികാശംസകള്‍!!!!