Aug 28, 2012

നിലവിളക്കും മലബാര്‍ മുസ്‌ലിമും : കെ ടി ജലീലിനു മറുപടി

മാതൃഭൂമി സ്പെഷ്യല്‍ ന്യൂസ് കോളത്തില്‍, മലബാറിലെ  മുസ്ലിം സമൂഹത്തെ കരിതേച്ചു കാണിക്കുന്ന രൂപത്തില്‍ ബഹുമാന്യനായ ഡോ. കെ ടി ജലീല്‍ എഴുതിയ ഒരു ലേഖനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കണ്ടു.  ജലീല്‍ ഒരു മലബാറുകാരന്‍ ആയിരുന്നില്ല എങ്കില്‍ ഇങ്ങനെ ഒരു വിയോജന കുറിപ്പ് എഴുതുമായിരുന്നില്ല കാരണം അദ്ദേഹം ഉന്നയിച്ച വാദഗതികള്‍ മലബാറുകാരെ  കുറിച്ചുള്ള അദ്ധേഹത്തിന്റെ അറിവില്ലാഴ്മയായി കാണാമായിരുന്നു. പക്ഷെ മലബാറിന്റെ ഹൃദയഭാഗത്ത്‌  ജീവിക്കുകയും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും വഴി അദ്ദേഹത്തിനു ലഭിച്ച അനുഭവ ജ്ഞാനവും ഒപ്പം അദ്ധേഹത്തിന്റെ വിദ്യാഭ്യാസ നിലവാരവും വച്ചു നോക്കിയാല്‍ ഉപദേശത്തിന്റെ രൂപത്തിലുള്ള  ഈ വിമര്‍ശനം ഏതൊരു മലബാറുകാരനേയും അത്ഭുതപ്പെടുത്തും. ചരിത്രത്തില്‍ പി എച് ഡി നേടിയ "ബുദ്ധിമാനായ" ഒരു വ്യക്തിക്ക് സ്വന്തം ചുറ്റുവട്ടത്തുള്ള മലബാറിന്റെ ചരിത്രത്തില്‍ ഇത്രയും വിവരമില്ലാതായിപ്പോയി എന്ന് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. പ്രിയപ്പെട്ട ജലീല്‍, എല്ലാം അറിയാമായിരുന്നിട്ടും താങ്കളും  കൂടി അടങ്ങുന്ന ഒരു സമൂഹത്തെ ഇകഴ്ത്തി ഒരു ലേഖനം താങ്കളുടെതായി കണ്ടത്തില്‍ വിഷമമുണ്ട്.  (എന്റെ ബ്ലോഗ്‌ വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി എഴുതിയ എഴുതിയ ഈ കുറിപ്പ് അല്പം നീണ്ടു പോയി എങ്കില്‍ ക്ഷമ ചോദിക്കുന്നു.)  
 എന്താണ് മത സൗഹാര്‍ദ്ദം: മത സൗഹാര്‍ദ്ദം എന്നത്  മനുഷ്യ സൗഹാര്‍ദ്ദം എന്ന വാക്കിന്റെ ഒരു അപരിഷ്കൃത രൂപമാണ്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതോടൊപ്പം  മനുഷ്യന്‍ എന്ന നിലക്ക് പരസ്പരം ബഹുമാനിക്കുകയും, സഹായിക്കുകയും സഹ വര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് മത സൗഹാര്‍ദ്ദം കൊണ്ട് വിവക്ഷിക്കുന്നത്. മതങ്ങള്‍ക്ക് ഒരിക്കലും സൗഹാര്‍ദ്ദം സാധ്യമല്ല കാരണം അവ മതങ്ങളാണ് എന്നത് തന്നെ. സൗഹാര്‍ദ്ദം ഉണ്ടാക്കാന്‍ കഴിയ്ന്നതും, ഉണ്ടാവേണ്ടതും, ഉള്ളതും മനുഷ്യന്മാര്‍ തമ്മിലാണ്. അതാണു മതങ്ങള്‍ പഠിപ്പിച്ചതും മതമില്ലാത്ത നിരീശ്വര വാദികള്‍ പോലും പഠിപ്പിക്കുന്നതും. ഒന്നര സഹസ്രാബ്ദം പഴക്കമുള്ള ഇസ്ലാം മതവും, രണ്ടു സഹസ്രാബ്ദം പഴക്കമുള്ള ക്രിസ്തുമതവും അനേകായിരം വര്‍ഷമായി  അനുഷ്ടിച്ചു വരുന്ന ഹിന്ദു മതവും തമ്മില്‍ എങ്ങിനെ ബന്ധിപ്പിക്കാം എന്ന് രാവിലെ എണീറ്റ്‌ ബൈബിളും കുറാനും ഗീതയും ഒരേസമയം വായിച്ചു ഗവേഷണം നടത്തുക എന്നതല്ല മത സൗഹാര്‍ദ്ദം.  ഒരു ഹിന്ദു തൊപ്പി വച്ചു പള്ളിയില്‍ ചെന്ന് പ്രാര്‍ഥിക്കുകയും, മുസ്ലിം ചന്ദന കുറി തൊട്ടു അമ്പലത്തില്‍ പോയി  ശ്രീകൃഷ്ണനെ വണങ്ങുകയോ  ചെയ്യുമ്പോഴാണ് മത സൗഹാര്‍ദ്ദം പുലരുന്നത് എന്ന വാദം വിവരക്കേടിന്റെ ഉപോല്പന്നമാണ്. 
 മതങ്ങള്‍ പഠിപ്പിച്ച മത സൗഹാര്‍ദ്ദം: മാലിക് ബിനു ദീനാരും സെയിന്റ് തോമസും ഒക്കെ ഇന്ത്യയില്‍ മതം പ്രചരിപ്പിക്കാന്‍ വരുമ്പോള്‍ അവരെ അവരുടെ മതത്തിനനുസരിച്ചു ജീവിക്കാന്‍ സഹായം ചെയ്തു കൊടുത്തതും മതം പ്രചരിപ്പിക്കാന്‍ എല്ലാ സഹകരണവും ചെയ്തതും ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരായിരുന്നു. ഇന്ത്യയില്‍ ക്രിസ്തു മതവും ഇസ്ലാം മതവും പ്രചരിച്ചത് ഇവിടത്തെ ഓരോ ഹിന്ദുവിന്റെയും കൂടി വിജയമാണ്. തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ യേശു ക്രിസ്തു പറഞ്ഞപ്പോള്‍ അയല്‍ക്കാരനായ ക്രിസ്ത്യന്‍ എന്ന് അദ്ദേഹം പറഞ്ഞില്ല. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ആഹാരം കഴിക്കുന്നവന്‍ എന്റെ അനുയായി അല്ല എന്ന് മുഹമ്മദ്‌ നബി പറഞ്ഞപ്പോള്‍ അയല്‍ക്കാരനായ മുസ്ലിം എന്ന് പറഞ്ഞിട്ടില്ല. അതായത് എല്ലാ മതങ്ങളും പഠിപ്പിച്ചത് മനുഷ്യ സൗഹാര്‍ദ്ദം തന്നെയാണ്. 
ഇസ്ലാമും ബിംബാരാധനയും: ഇസ്ലാം മതത്തിന്റെ അടിത്തറ തന്നെ "ആരാധന ദൈവത്തിനു മാത്രം" എന്നതില്‍ തുടങ്ങുന്നതാണ്.  മുസ്ലിംകള്‍ ഏറ്റവും ബഹുമാനിക്കുന്ന പ്രവാചകന്‍ മുഹമ്മദ്‌ നബിയെ പോലും വണങ്ങാന്‍ പാടില്ലെന്ന് പഠിപ്പിച്ച മതമാണ്‌ ഇസ്ലാം. ആ കാര്യം മുസ്ലിംകളെ പോലെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതും അന്ഗീകരിച്ചതുമാണ്.  ഡോ. ജലീല്‍ പറഞ്ഞ പോലെ വിശ്വാസമില്ലാതെ ഒരാള്‍ നിലവിളക്ക് കത്തിക്കുകയും ആരാധനാപൂര്‍വ്വമല്ലാതെ  ഒരാളെയോ ഒരു സ്തൂപതെയോ വണങ്ങിയാലും  ഇസ്ലാമികമായി തെറ്റില്ല എന്ന വസ്തുത അറിയാത്ത ഒരു മുസ്ലിമും ഉണ്ടാവില്ല. ഈ കാര്യത്തില്‍ ജലീലിന്റെ ഫത്‌വ ലീഗുകാര്‍ക്ക് ആവശ്യമില്ല  കാരണം ഏതൊരു പ്രവര്‍ത്തിയും സാധുവാകണമെങ്കില്‍ കരുതല്‍/നിയ്യത്ത്  നിര്‍ബന്ധമാണ്‌ എന്നാണു ഇസ്ലാമിന്റെ  എല്ലാ ഗ്രന്ഥങ്ങളിലും പഠിപ്പിക്കുന്നത്‌.    
 എങ്കില്‍ പിന്നെ എന്തു കൊണ്ട് മലബാറിലെ മുസ്ലിംകള്‍ നിലവിളക്ക് കൊളുത്തുന്നില്ല? എന്തുകൊണ്ട് അവര്‍ വണങ്ങുന്നില്ല? ന്യായമായ ചോദ്യം, അവിടെയാണ് സുഹൃത്തേ മലബാറിന്റെ മക്കളുടെ മനസ്സിന്റെ നിര്‍മലത, അതിന്റെ സൗന്ദര്യം, അതിന്റെ ആത്മാര്‍ഥത താങ്കള്‍ അറിയാതെ പോയത്.  മലബാറിലെ ജനങ്ങള്‍, ഏതു മതക്കാരനായാലും, മറ്റുള്ള നാട്ടുകാരെ അപേക്ഷിച്ച് ആത്മാര്‍ഥത കൂടുതല്‍ ഉള്ളവരാണ്.  ഹിന്ദു മതത്തിലെ മഹത്തായ ഒരു ചിഹ്നത്തെ വെറുമൊരു "വെളിച്ചെണ്ണ വിളക്ക്" എന്ന് മനസ്സില്‍ പരിഹസിച്ചു അതില്‍ തീ കൊളുത്തി ചുറ്റുമുള്ള ഹിന്ദുവിനെ/സമൂഹത്തെ  വഞ്ചിക്കാന്‍ മലബാറിലെ മുസ്ലിമിന് അറിയില്ല ഞങ്ങള്‍ നിലവിളക്ക് കൊളുത്തുന്നു എങ്കില്‍ മനസ്സറിഞ്ഞു അഗ്നി ദേവനെ മനസ്സില്‍ ധ്യാനിച്ച്‌  മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയൂ, ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ഹിന്ദു സുഹൃത്തിന്റെ ഒരു മത ചിഹ്നത്തെ മനസ്സ് കൊണ്ടെങ്കിലും "ഒരു നാടന്‍ വിളക്കെന്നു പറഞ്ഞു" അപമാനിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് നിലവിളക്ക് കൊളുത്താന്‍ കഴിയാത്തത്, കാരണം ഞങ്ങള്‍ ബഹുമാനിക്കുന്ന മതമാണ്‌ ഹിന്ദു മതം, വ്യക്തി നിയമവും -സിവില്‍ കോഡും- ഭരണഘടനയും ഒക്കെ  വരുന്നതിനു നൂറ്റാണ്ടുകള്‍ മുന്‍പേ മുതല്‍ തന്നെ മുസ്ലിമിന് ഇവിടെ ജീവിക്കാന്‍ എല്ലാ വിധ സൌകര്യവും  ചെയ്തു  ഇസ്ലാമിനെ ആദരിച്ചവരാണ് ഹിന്ദുക്കള്‍. ഒപ്പം ഞങ്ങളുടെ വിശ്വാസവും അതിന്റെ പവിത്രതയോടെ കാത്തു സൂക്ഷിക്കണം. പ്രവാചകന്‍ മുഹമ്മദ്‌ നബി ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട് "നിങ്ങള്‍ എന്തു ചെയ്യുകയാണെങ്കിലും അതു ഭംഗിയായും, ആത്മാര്ത്തതയോടെയും ചെയ്യുക" എന്ന്.  ഞങ്ങള്‍ വണങ്ങുന്നു എങ്കില്‍ അതു ദൈവികമായ വണക്കം തന്നെയാണ്. കാരണം ഞങ്ങള്‍ നിഷ്കളങ്കരാണ്. കപടമായ എന്തും മലബാരുകാരന് അന്യമാണ്, മുസ്ലിമിനത് നിഷിദ്ധവുമാണ്‌. നിലവിളക്ക് കൊളുത്താനും കൊളുത്താതിരിക്കാനും, ഒരാളെ വണങ്ങാനും വണങ്ങാതിരിക്കാനും അവകാശമുള്ള ഇന്ത്യയില്‍ കപടമായി ഒരു വണക്കവും  വിളക്ക്  കൊളുത്തലും ആവശ്യമുണ്ടെന്നു ഒരാളും  വാശി പിടിക്കില്ല.
മലബാറിലെ മത സൗഹാര്‍ദ്ദം: മലബാറില്‍ ജനിച്ചു വളരുകയും, പഠനത്തിന്റെ ഭാഗമായി മദ്രാസിലെയും ബാംഗളൂരിലെയും ജീവിതം, ഗവേഷണത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍, ന്യൂസിലാന്ഡ്, ആസ്ത്രേലിയ എന്നിവിടങ്ങളിലെ അനുഭവം തുടങ്ങിയവയില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഞാന്‍ കണ്ട ഈ ചെറിയ ലോകത്തില്‍ മത സൗഹാര്‍ദ്ദം അതായത് മനുഷ്യ സൗഹാര്‍ദ്ദം ആത്മാര്‍ഥമായും ആഴത്തില്‍ വേരൂന്നിയും കണ്ടത് (though exceptions are there) മലബാരുകാര്‍ക്കിടയില്‍ മാത്രമാണ്. മലബാറിലെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മത സൌഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ്.  
 ഒരനുഭവം: ഐ ഐ ടി മദ്രാസില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ ആദ്യ വര്‍ഷം എന്റെ റൂമില്‍ ഞാനടക്കം മൂന്നു പേര്‍: ഒരു ബംഗാളി, ഒരു ബീഹാരി പിന്നെ ഞാനും. എനിക്ക് ഹിന്ദി അറിയില്ലെന്ന് കണ്ടപ്പോഴേ ബീഹാരിക്ക് എന്നെ പകുതി മടുത്തു, റൂമില്‍ നിസ്കരിക്കുന്നത് കണ്ടപ്പോള്‍ അവനു കൂടുതല്‍ കലി കയറി. മുസ്ലിമായ കാരണത്താല്‍ അനുഭവപ്പെട്ട ആ പ്രശ്നത്തില്‍ ഞാന്‍ സഹായം ചോദിച്ചതും എന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നതും  രാഘവന്‍, സുജിന്‍, നിജില്‍, പ്രദീപ്‌ തുടങ്ങിയ മലബാരുകാരായ ഹിന്ദു സുഹൃത്തുക്കളും, ക്രിസ്ത്യാനി/യുക്തിവാദി യായിരുന്ന ദിലീപുമാണ്. അങ്ങനെ ഒരു സംഭവം നടന്നത് അവിടത്തെ ഒരു മുസ്ലിമും അറിഞ്ഞിട്ടില്ല. അതായത് മുസ്ലിം എന്ന നിലയില്‍ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഞാന്‍ സഹായം ചോദിച്ചതും എന്നെ സഹായിച്ചതും മുസ്ലിമല്ല മലബാറിലെ ഹിന്ദുക്കളും ക്രിസ്ത്യാനിയും ആണ്. അന്ന് ഉപദ്രവിച്ച രണ്ടു പേരും പിന്നീട് എന്റെ നല്ല സുഹൃത്തുക്കളായി മാറി എന്നതും മധുരിക്കുന്ന അനുഭവമാണ്. 
 ഒരു മുസ്ലിം എങ്ങനെയായിരിക്കണം എന്ന്  ആഗ്രഹിക്കാന്‍ ഒരു ഹിന്ദുവിനും ക്രിസ്ത്യാനിക്കും യുക്തി വാദിക്കും ഇന്ത്യയില്‍ അവകാശമുണ്ട്‌. പക്ഷെ ഒരു മുസ്ലിം ആ മതം സ്വീകരിച്ചത് അവന്‍ അതില്‍ തൃപ്തനാണ് എന്നതിനാലാണ്. മതപരമായ കാര്യങ്ങളില്‍ ആധികാരികമായി പ്രസ്താവന ഇറക്കാനുള്ള അവകാശം കിട്ടാന്‍ തലയില്‍ വെളുത്ത തുണി കൊണ്ടുള്ള കെട്ടു വേണമെന്ന് എനിക്ക് വാശിയില്ല പക്ഷെ അഭിപ്രായം പറയുന്നവന് മതത്തെ പറ്റി അറിവില്ലെങ്കില്‍ പോകട്ടെ അറിവുള്ളവര്‍ കുളിച്ച കുളത്തിലെങ്കിലും ഒന്ന് കുളിച്ചവനാവണം എന്ന് മാത്രം ആഗ്രഹിക്കുന്നു. ഡോ. ജലീല്‍, അറിവില്ലാഴ്മ ഒരു കുറ്റമല്ല, പക്ഷെ അറിവില്ല എന്ന കാര്യം മനസ്സിലായിട്ടും അംഗീകരിക്കാതിരിക്കുന്നത്  ഒരു സാമൂഹിക തിന്മയാണ്.
 സ്വാതന്ത്ര സമരക്കാലത്ത് എം പി നാരായണ മേനോനെ തിരൂരങ്ങാടി പള്ളിയുടെ പരിശുദ്ധമായ പ്രസംഗ പീഠത്തില്‍ നിര്‍ത്തി രാജ്യത്തിന് വേണ്ടി പ്രസംഗിപ്പിച്ച ആലിമുസ്ല്യാരുടെ അനുയായികളായ മലബാര്‍ മുസ്ലിംകള്‍ക്ക് രാജ്യസ്നേഹവും മത സൌഹാര്‍ദ്ദവും മനസ്സിലാക്കാന്‍  ജലീലിന്റെ ഫത്‌വയുടെ ആവശ്യമില്ല. ജലീലിന്റെ  ലേഖനം ലീഗിനെ വിമര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി എഴുതിയതാണ് എങ്കിലും അദ്ധേഹത്തിന്റ വിമര്‍ശനം മലബാറിന്റെ സംസ്കാരത്തിന് നേരെയുള്ള കാര്‍ക്കിച്ചു തുപ്പലാണ്. മലര്‍ന്നു കിടന്നു തുപ്പുമ്പോള്‍ അല്പം വൈകിയാണെങ്കിലും അതു സ്വന്തം മുഖത്ത് തന്നെ വീഴുമെന്ന കാര്യം മനസ്സിലാക്കിയാല്‍ ജലീലിനു നല്ലത്.   When fighting an enemy remember not to become  the enemy you are fighting is the advice I wanted to give Dr. Jaleel with all due respect to him.
-----
ജലീലിന്റെ ലേഖനം ഇവിടെ ക്ലിക്കി  വായിക്കാം:
http://www.mathrubhumi.com/story.php?id=298005

Aug 12, 2012

പട്ടരുടെ കാശി യാത്ര

|posted on September 11, 2010| എന്റെ സുഹൃത്ത് രാഘവന്റെ അമ്മേടെ അത്രേം മോഡേണ്‍ ആയി ചിന്തിക്കുന്ന അറുപതു വയസ്സ് കഴിഞ്ഞ അമ്മമാരെ മലബാര്‍ പ്രദേശത്ത് കാണാന്‍ പ്രയാസമാണ്. മകന്‍ യൂറോപിലും മറ്റുമായി കറങ്ങുമ്പോള്‍ സുന്ദരിയായ ഒരു മദാമ്മയെ തന്റെ മകന്‍ മരുമോളായി കൊണ്ട് വരുമെന്ന് ആ പാവം അമ്മ കരുതിപ്പോയാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ. പക്ഷെ തനി പട്ടരായ രാഘവന്റെ വീട്ടില്‍ വന്നു തൈര് സാദവും ഇഡലിയും കഴിക്കാന്‍ മാത്രം ത്യാഗസന്നദ്ധരായ മദാമ്മ കുട്ടികള്‍ ആധുനിക യൂറോപ്പില്‍ ഇല്ലാത്തതിനാല്‍ രാഘവന്‍ പാരീസില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വലതു കയ്യില്‍ പെട്ടിയല്ലാതെ വളയിട്ട കൈയൊന്നും ഇല്ലായിരുന്നു.

സത്യം പറഞ്ഞാല്‍ രാഘവനും താല്പര്യം ഇല്ലാഞ്ഞിട്ടല്ല, ആവുംപോലെ ശ്രമിച്ചിട്ടും ഉണ്ട്. പക്ഷെ ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും ഒക്കെ സംസാരിച്ചാല്‍ ഈ വിവരം കെട്ട ഫ്രഞ്ച് പെണ്‍ പിള്ളേര്‍ക്ക് വല്ലതും മനസ്സിലാവണ്ടേ. ഒന്ന് രണ്ടു പ്രാവശ്യം നടത്തിയ ശ്രമങ്ങള്‍ അല്പം ഫ്രെഞ്ച് തെറിപ്രയോഗങ്ങള്‍ പഠിക്കാന്‍ രാഘവനെ സഹായിച്ചു എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല. ഒരു ദിവസം രാഘവന്‍ ഫോണില്‍ വിളിച്ചു എന്നോടു ഒരു സംശയം ചോദിച്ചു, എടാ ഈ ഹൈ ഹീല്‍ ചെരിപ്പിന്റെ ആണി കൊണ്ട് മുതുകു മുറിഞ്ഞാല്‍ ടിടി അടിപ്പിക്കണോ. അതിനു ശേഷമാണ് രാഘവന്‍ ഒരു പ്രഖ്യാപനം നടത്തിയത്, "സൌന്ദര്യത്തില്‍ ഇന്ത്യക്കാരെ വെല്ലാന്‍ ലോകത്ത് ഒരു പെണ്ണും ഇല്ല, ഫ്രഞ്ച് പ്രസിഡണ്ട്‌ സ്ഥാനം തന്നെ സ്ത്രീധനമായി തന്നാലും ഞാന്‍ ഒരു ഫ്രഞ്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്യില്ല".

നാട്ടിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒറ്റയാനായി നടക്കുന്ന രാഘവനോടു, എന്തേ രാഘവാ ഒരു പെണ്ണ് കെട്ടാത്തത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടനെ വരും മറുപടി, ഒരു ചായ കുടിക്കാന്‍ എന്തിനാടാ ഒരു തേയിലത്തോട്ടം വിലക്ക് വാങ്ങുന്നത്. ഒറ്റയ്ക്കിരിക്കുന്ന അമ്മയ്ക്കു ഈ തേയിലത്തോട്ടം ഒരു നേരം പോക്കാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ രാഘവനും തീരുമാനിച്ചു അങ്ങനെയെങ്കില്‍ അങ്ങനെ. സ്വന്തമായി ഒരു തേയിലത്തോട്ടം ഉള്ളതിന്റെ പ്രയോജനം രാഘവനും മനസ്സിലാക്കി തുടങ്ങി എന്നര്‍ത്ഥം.

കാര്യങ്ങള്‍ അങ്ങനെ പോകുന്നതിനിടെയാണ് എനിക്ക് രാഘവന്റെ ഒരു മെയില്‍ വരുന്നത്. "urgent" എന്ന് ടൈറ്റില്‍ ഉള്ള ആ ഈമെയിലില്‍ അവന്‍ പറയുന്നത് ഇത്ര മാത്രം, "എടാ ഇവളുടെ സൈസ് ഒന്ന് കുറച്ചു തരുമോ". ദൈവമേ, ഒരു പെണ്‍കുട്ടിയുടെ സൈസ് ഓണ്‍ലൈന്‍ ആയി കുറയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ.. ഇതെന്താ വല്ല സയന്‍സ് ഫിക്ഷന്‍ സിനിമയുമാണോ? ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി ഇരിക്കുമ്പോള്‍ അതാ മിന്നലിനു പിന്നാലെയുള്ള ഇടി പോലെ അവന്റെ ഫോണ്‍ കോള്‍. കാര്യം ഇത്ര മാത്രം, ആള്‍ക്ക് ഒരു വിവാഹ ആലോചന വന്നിരിക്കുന്നു, കുട്ടീടെ ഫോട്ടോ ആളുടെ കമ്പ്യൂട്ടര്‍ല്‍ ഓപ്പണ്‍ ആകുന്നില്ല അതൊന്നു സൈസ് കുറച്ചു കൊടുക്കണം. അങ്ങനെ രാഘവനെക്കാള്‍ മുന്‍പേ ആളുടെ ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ ഞാന്‍ ഒന്ന് ദര്‍ശിച്ചു. ആള്‍ക്ക് കുട്ടിയെ ഇഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഞാന്‍ കണ്ടില്ല. അവനും ഒറ്റ കാഴ്ചക്ക് ഫോട്ടോ ഇഷ്ടപ്പെട്ടു. പക്ഷെ ഫോട്ടോ മാത്രം ഇഷ്ടപ്പെട്ടാല്‍ പോരല്ലോ കുട്ടിയെ ഒന്ന് കാണണ്ടേ. അങ്ങനെ പെണ്ണ് കാണാന്‍ ഒരു ദിവസം തീരുമാനിച്ചു.

പെണ്ണ് കാണാന്‍ തന്നെയാണ് എല്ലാ ദിവസവും ആള്‍ പുറത്തു പോകുന്നത് എങ്കിലും ഒഫിഷ്യലി, കുട്ടിയുടെ രക്ഷിതാക്കളുറെ സമ്മതത്തോടെ പെണ്ണ് കാണാന്‍ പോകുന്നു എന്ന് വിശദമാക്കി പറഞ്ഞില്ലേല്‍ കണ്‍ഫ്യൂഷന്‍ ആകും. അങ്ങനെ അതും നടന്നു, ഇനി പണിക്കരുടെ ഊഴം - പണിക്കര്‍ക്ക് പട്ടരുടെ കല്യാണം മുടക്കാന്‍ വല്യ താല്പര്യം ഇല്ലാത്തതിനാല്‍ ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ പത്തില്‍ ഒരു ഏഴു ഏഴര പൊരുത്തം ഉണ്ട്. പക്ഷെ വരുന്ന ഏപ്രില്‍ വരെ കല്യാണം വേണ്ടെന്നു ഏട്ടന്‍ സുബ്രഹ്മണ്യ സ്വാമികളുടെ ഓര്‍ഡര്‍. ഏട്ടന് വീറ്റോ പവര്‍ ഉള്ളതിനാല്‍ തല്‍ക്കാലം അതങ്ങ് പാസ്സായി.

പട്ടരുമാരുടെ കല്യാണം തികച്ചും വ്യത്യസ്തമാണ്. രാഘവന്റെ അമ്മയില്‍ നിന്നാണ് ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത്. ശരിക്കും ഒരു നാടകം കാണുന്നതിന്റെ ത്രില്‍. ചെക്കന്‍ ഒരു ഭാണ്ടക്കെട്ടുമോക്കെയായി കാശിക്കു പോകുകയാണെന്ന ഭാവത്തില്‍ പുറത്തിറങ്ങും. അപ്പോള്‍ പെണ്ണിന്റെ ആള്‍ക്കാര്‍ വന്നു അനുനയിപ്പിക്കാന്‍ ശ്രമിക്കും. ഒരു അനുനയത്തിനും ചെറുക്കന്‍ വഴങ്ങാതാവുമ്പോള്‍ അവസാനത്തെ അടവെന്ന പോലെ പെണ്ണിന്റെ രക്ഷിതാവ് ഒരു ബമ്പര്‍ ഓഫര്‍ കൊടുക്കും, എനിക്ക് നല്ല തങ്കം പോലോത്ത ഒരു മകളുണ്ട്, അവളെ വേണേല്‍ നിനക്ക് കെട്ടിച്ചു തരാം. പട്ടന്‍ അല്ല പൊട്ടന്‍ തന്നെ ആയാലും പെണ്ണെന്നു കേട്ടാല്‍ വീഴുമല്ലോ. അങ്ങനെ ആ ഉറപ്പില്‍ ചെക്കന്‍ കാഷിയാത്ര റദ്ദ് ചെയ്തു പെണ്ണ് കേട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി.
--- --- --- --- ---

|dated 11 September 2010 | രാഘവന്  വിവാഹ വാര്‍ഷികാശംസകള്‍!!!!