Dec 30, 2010

ഭ്രാന്തനും ദന്ത ഡോക്ടറും

അതി സരസന്മാരും ബുദ്ധിമാന്മാരുമായ ഭ്രാന്തന്മാരാല്‍ സമൃദ്ധമായിരുന്നു ഞങ്ങളുടെ നാടായ നാദാപുരം. ഭ്രാന്ത് ഒരു അസുഖമല്ല മറിച്ച് ഒരു കലയാണ്‌ എന്ന് ശക്തമായി വിശ്വസിക്കുകയും ഭ്രാന്തിനെ വളരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നതില്‍ നിപുണനുമായിരുന്നു ഞങ്ങളുടെ പ്രദേശത്തെ തലമുതിര്‍ന്ന ഭ്രാന്തനായിരുന്ന കലന്തന്‍ .

ആള്‍ വെറും ഒരു മൂന്നാം കിട ഭ്രാന്തന്‍ ഒന്നുമല്ല, കെട്യോളും കുട്യേളും ഒക്കെയായി സ്വന്തം വീട്ടില്‍ താമസം, മോശമല്ലാതെ വേഷം, നല്ല ഐശ്വര്യമുള്ള മുഖഭാവം, ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഫൈവ് സ്റ്റാര്‍ ഭ്രാന്തന്‍ . ഒരിക്കല്‍ ഇദ്ദേഹത്തെ കര്‍ണാടകയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ ചെന്ന പോക്കര്‍ ഹാജിയെ അവിടെ അഡ്മിറ്റാക്കി കലന്തന്‍ മൂന്നാം ദിവസം നാട്ടിലെത്തിയത് തന്നെ ആളുടെ 'കൂര്‍മ്മഭ്രാന്തിനു' ഒരു ഉത്തമോദാഹരണമാണല്ലോ.

ഞാന്‍ ജനിക്കുന്നതിനു മുന്‍പേ ആള്‍ക്ക് പരലോകത്തേക്കു വിസ വന്നതിനാല്‍ ടിയാന്‍ സര്‍വീസ് അങ്ങോട്ടേക്ക് മാറ്റി. ഇത് കാരണം എനിക്ക് ഇദ്ദേഹത്തെ പറ്റി കേള്‍ക്കാനല്ലാതെ ദര്‍ശനസൗഭാഗ്യം ലഭിച്ചിരുന്നില്ല.

അന്നത്തെ ഇരിപ്പുവശം വച്ചു നോക്കിയാല്‍ എന്റെ പഠിപ്പ് വച്ചു സര്‍ക്കാര്‍ ഉദ്യോഗം ഒന്നും കിട്ടാന്‍ പോകുന്നില്ല, ഉള്ള സമയം വേസ്റ്റ് ആക്കാതെ അത്യാവശ്യം ആശാരിപണിയൊക്കെ പഠിച്ചാല്‍ ഭാവിയില്‍ ഉപകാരമാവും എന്ന ചിന്തയില്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ പ്രധാന ഹോബി അമ്മാവന്റെ വീട്ടുപണിക്ക് വേണ്ട ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്ന 'ജാഗ'യില്‍ ചെന്നിരുന്നു ആശാരിപണിയുടെ സൂത്രങ്ങള്‍ പഠിക്കലും, ഞങ്ങളുടെ സുഹൃത്തും മൂത്താശാരിയും ആയ രാജന്റെ പഴങ്കഥകള്‍ കേള്‍ക്കലുമായിരുന്നു. കലന്തന്റെ 'ഭ്രാന്തുസാമര്‍ത്യവും', സംഭവങ്ങള്‍ മസാല ചേര്‍ത്ത് അവതരിപ്പിക്കാന്‍ അപാര സിദ്ധി ലഭിച്ച ആശാരി രാജന്റെ കഴിവും ആയിരിക്കണം കലന്തന്റെ സ്ഥാനം എന്റെ മനസ്സില്‍ നാറാണത്ത് ഭ്രാന്തനെക്കാള്‍ ഒരു പടി മേലെയാക്കിയത്.


പത്ത് മുപ്പതു വര്‍ഷം മുന്‍പ് ഞങ്ങളുടെ നാട്ടുകാര്‍ മുറുക്കാനും (വെറ്റില) മറ്റും നന്നായി കഴിക്കുന്നതിനാലും, ദൈവം മനുഷ്യന്മാരെ ഇന്നതെതിലും ക്വാളിറ്റിയുള്ള പാര്‍ട്സ് ഉപയോഗിച്ച് സൃഷ്ടിച്ചിരുന്നതിനാലും, പല്ല് വേദന അക്കാലത്തു തീരെ പ്രചാരത്തില്‍ ഇല്ല എന്ന് തന്നെ പറയാം. അതായിരിക്കാം അന്ന് ദന്ത ഡോക്ടര്‍മാര്‍ക്ക് ഇന്നത്തെതിന്റെ ആയിരത്തിലൊന്ന് വില പോയിട്ട് ഒരു ശരാശരി ലാട വൈദ്യന്റെ സ്റ്റാറ്റസ് പോലും കിട്ടാതിരുന്നത്. പാന്റ്സും ഇട്ടു ഒരു ചെറിയ സ്യൂട്കെയ്സും തൂക്കി ടൌണിലെ ഏതെങ്കിലും ചായക്കടയില്‍ - ആഴ്ചകള്‍ പഴക്കമുള്ള - ഇംഗ്ലീഷ് പത്രവും വായിച്ചു കൊണ്ട് ഇരയെയും കാത്തിരിക്കുന്ന ദന്ത ഡോക്ടറെ ആവശ്യക്കാര്‍ വന്നു കാണുകയോ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാലോ ആണ് പതിവ്.

ഒരു ജൂലായ്‌ മാസം,

പതിവുപോലെ ഇരതേടി വന്ന ഡോക്ടര്‍ക്ക് ഇരുട്ടുന്നതു വരെ കാത്തിരുന്നിട്ടും കാര്യമായ ഇരയോന്നും തടഞ്ഞില്ല. പോരാത്തതിന് ശക്തമായ മഴയും, ചായക്കട അടക്കാറായപ്പോള്‍ ഒരു പരിപ്പ് വടയും ചായയും കഴിച്ചു അവിടുന്നു പുറത്തിറങ്ങിയ ഡോക്ടരുടെ അടുത്ത് കാഴ്ചയില്‍ മാന്യനെന്നു തോന്നുന്ന ഒരാള്‍ വന്നു അപേക്ഷിച്ചു, ഭാര്യ പല്ല് വേദനയായി ഞെരിപിരി കൊള്ളുകയാണ്, ഡോക്ടറെ ഇവിടെ കണ്ടിരുന്നു എന്ന് ഒരാള്‍ പറഞ്ഞിട്ട് തെടിയിറങ്ങിയതാണ്. ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ സമയം ഇരുട്ടാരായി എന്നതൊന്നും ഗൌനിക്കാതെ ഡോക്ടര്‍ അതു സ്വീകരിച്ചു.

അങ്ങനെ ഡോക്ടരുടെ കുടയുടെ തണലില്‍ രണ്ടുപേരും മഴനനയാതെ ഏകദേശം രണ്ടു കിലോമീറ്റെര്‍ നടന്നു കാണണം. ഒരു അടച്ചിട്ട കടയുടെ അടുത്തെത്തിയപ്പോള്‍ മാന്യന്‍ പറഞ്ഞു, ഇനി വഴി അല്പം മോശമാണ്, ഞാന്‍ വീട്ടില്‍ ചെന്ന് ടോര്‍ച്ചുമായി വരാം, കടയില്‍ ഡോക്ടറോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു ഡോക്ടരുടെ കുടയും വാങ്ങി ആള്‍ പോയി.

ഡോക്ടര്‍ക്ക് കാത്തിരുന്നു മടുത്തു, ആള്‍ വരുന്ന ലക്ഷണമില്ല, ആകെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുമ്പോഴാണ് തന്റെ കടയില്‍ അപരിചിതനെ അസമയത്ത് കണ്ട കടയുടമ പാറേമ്മല്‍ കേളപ്പന്‍ തൊട്ടടുത്ത വീട്ടില്‍ നിന്നും ഒരു റാന്തല്‍ വിളക്കുമായി ഇറങ്ങി വന്നു കാര്യം തിരക്കുന്നത്. ഡോക്ടരുടെ വിശദീകരണത്തില്‍ നിന്നും ഡോക്ടറെ കൂട്ടി വന്ന ആ മാന്യന്‍ 'ഭ്രാന്തന്‍ കലന്തന്‍' ആണെന്ന് മനസ്സിലാക്കാന്‍ കേളപ്പന് അധികം ആലോചിക്കേണ്ടി വന്നില്ല. ഡോക്ടര്‍ വിഡ്ഢിയാക്കപ്പെട്ടു എന്നും സമയം കളയാതെ സ്ഥലം വിട്ടു കൊള്ളാനും നിര്‍ദേശിച്ചു.

ഡോക്ടര്‍ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചാണ് വന്നത്, ബുദ്ധിമാനായ ഡോക്ടറെ അതും ഒരു ഭ്രാന്തന്‍ പറ്റിക്കുക എന്നൊക്കെ പറഞ്ഞാല്‍. ഇതില്‍പരമൊരപമാനമില്ലപ്പോ എന്ന് മനസ്സില്‍ പറഞ്ഞ് ഡോക്ടര്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് ഒരു പരാതി ബോധിപ്പിച്ചു. കലന്തന്‍ തന്നെ കബളിപ്പിച്ചു, തന്റെ കുടയും കയ്യിലുള്ള അഞ്ഞൂറ് രൂപയും ആള്‍ മോഷ്ടിച്ചു.

പിറ്റേന്ന് രാവിലെ രണ്ടു പോലീസുകാര്‍ കേളപ്പന്റെ കടയുടെ മുന്നില്‍ നിന്നും ചുറ്റിത്തിരിയുന്നു, കാര്യം തിരക്കിയപ്പോള്‍ ഡോക്ടര്‍ പ്രതികരിച്ചു എന്ന് ജനം മനസ്സിലാക്കി. അവര്‍ കലന്തനെ പൊക്കാന്‍ വന്നതാണ്, കലന്തന്‍ ഒരു മടിയും കൂടാതെ അവരുടെ ഒപ്പം സ്റ്റേനിലേക്ക് പോയി. ആള്‍ക്ക് ബോറടി മാറ്റാന്‍ വീണുകിട്ടിയ അവസരമാനല്ലോ.

പോലീസ് കലന്തനെ കാര്യങ്ങള്‍ ധരിപ്പിച്ചു. കുട ഇല്ലഞ്ഞിട്ടാണ് ഡോക്ടറെ ഒപ്പം കൂട്ടിയതെന്നു കലന്തന്റെ ന്യായം. കുടയും കാശും എവിടെ എന്ന ചോദ്യത്തിന് കുട വീട്ടിലുണ്ട് നിങ്ങള്‍ തിരക്കു കൂട്ടിയതിനാലാണു എടുക്കാന്‍ മറന്നതെന്നും രൂപയില്‍ ഇരുനൂറു കേളപ്പനും, ഇരുനൂറു സ്വന്തം ഭാര്യക്കും നൂറു അമ്മതിനും കൊടുത്തു എന്നും പറഞ്ഞു. കാഴ്ചയില്‍ ഭ്രാന്തനാനെന്നോന്നും തോന്നാത്തതിനാല്‍ പോലീസ്കാര്‍ അതു വിശ്വസിച്ചു.

അധികം വൈകിയില്ല വീണ്ടും രണ്ടു പോലീസ്കാര്‍ കേളപ്പന്റെ കടക്കു മുന്നില്‍, അവര്‍ക്ക് കിട്ടേണ്ടത് കലന്തന്റെ ഭാര്യ, കേളപ്പന്‍, അമ്മദ് എന്നിവരെയാണ്, മൂന്നു പേരും സ്റ്റേഷനില്‍ എത്തി. തൊണ്ടി മുതലായ രൂപ എവിടെ എന്ന ചോദ്യം കേട്ടു അവര്‍ ആകെ ഞെട്ടി - എന്ത് രൂപ ഏത് രൂപ എന്നായി അവര്‍.

കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട കലന്തന്‍ 'സാമാന്യഭ്രാന്തു' വീണ്ടെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങി. സത്യത്തില്‍ ഞാന്‍ പൈസ എടുത്തിട്ടില്ല ഈ ഡോക്ടര്‍ തന്നെ വിഡ്ഢിയാക്കിയത്തിലുള്ള പകതീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ്, അതിന്റെ ശിക്ഷ ഞാന്‍ എന്റെ ശത്രുക്കള്‍ക്ക് വീതിച്ചു കൊടുത്തു - എന്നെ ഒറ്റി കൊടുത്ത കേളപ്പന്‍ (പിഴ ഇരുനൂറു രൂപ), സമയത്തിന് ഭക്ഷണം തരാത്ത ഭാര്യ ആയിശു (പിഴ ഇരുനൂറു രൂപ), വഴിയില്‍ കാണുമ്പോള്‍ കളിയാക്കുന്ന അമ്മത് (പിഴ നൂറു രൂപ). ഇന്നെങ്ങാന്‍ കലന്തന്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ പറ്റി ബ്ലോഗ്‌ എഴുതിയതിനു കുറഞ്ഞത്‌ നൂറു രൂപ എങ്കിലും എനിക്കും ഫൈന്‍ ഇടുമായിരുന്നു.

***
ഇത്രയും ബുദ്ധിമാന്മാരുമായ ഭ്രാന്തന്‍മാര്‍ അധികം ഉണ്ടാകാന്‍ തരമില്ല, ആളുടെ സാമര്‍ത്ഥ്യം കണ്ടിട്ടാവാം എന്റെ ഉപ്പാപ്പാന്റെ അനുജന്‍ - പായുന്നതിന്റെ കുട്ടി പറക്കും എന്ന വിശ്വാസത്തില്‍ - അങ്ങേരുടെ മകളെ കല്യാണം കഴിച്ചത്.
===***===
//റീപോസ്റ്റ്‌ //

Dec 21, 2010

ബ്ലോഗുസ്സിഹാം (ബ്ലോഗ് മാന്ത്രികം)

രണ്ടു മൂന്നു മാസമായി പോസ്റ്റൊന്നും ഇടാന്‍ പറ്റുന്നില്ല. ബൂലോകത്തേക്ക് എങ്ങിനെ തിരിച്ചു വരും എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. കണ്ണില്‍ കണ്ട ബ്ലോഗുകളെല്ലാം വായിച്ചും കമന്റുകളിട്ടും താല്‍ക്കാലിക ആശ്വാസം കണ്ടെത്തി ദിവസങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടു നാള്‍ മുന്‍പ് ശ്രദ്ധെയന്റെ ബ്ലോഗിലെ അദ്ധേഹത്തിന്റെ ശ്രദ്ധേയമായൊരു പോസ്റ്റ്‌ എന്റെ ശ്രദ്ധയില്‍ പെട്ടു.

മലയാളിയായ ഒരു പാവം ഹൈടെക് അറബി സിദ്ധനെയും അയാളുടെ തരികിടകളെയും കുറിച്ച് വിശദമായി തന്നെ പ്രതിപാധിക്കുന്നുണ്ട്. കാര്യം തട്ടിപ്പൊക്കെ ആണെങ്കിലും ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നു കരുതി ബ്ലോഗില്‍ നിന്നും കിട്ടിയ സിദ്ധന്റെ വെബ്സൈറ്റ് വായിക്കുകയും വൈകാതെ ഇമെയില്‍ വഴി ഞാന്‍ സിദ്ധനുമായി ബന്തപ്പെട്ടു.

അദ്ധേഹത്തെ എന്റെ ബ്ലോഗു ദുഖങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ മുസ്ല്യാര്‍ അല്പസമയം മൗനത്തിലാണ്ടു - പിന്നെ പറഞ്ഞു തുടങ്ങി "കഴിഞ്ഞ പോസ്റ്റില്‍ ഇമെയില്‍ അയക്കുന്നവരെ തെറി വിളിച്ച വകയിലുള്ള  ശത്രു ദോഷവും ഒപ്പം ആഹാരത്തെ പറ്റി എഴുതിയ വകയിലുള്ള കണ്ണേറും ഒന്നിച്ചു വന്നത് സകല പ്രശ്നങ്ങല്‍ക്കും കാരണമായി" 

ബ്ലോഗര്‍മാര്‍ക്കായി അദ്ധേഹം "ബ്ലോഗുസ്സിഹാം" എന്ന പേരില്‍  ഒരു ഏലസ്സ് "ജാവ സ്ക്രിപ്റ്റ്" രൂപത്തില്‍ തയാരാക്കിയെന്നും അതു ബ്ലോഗിലിട്ടാല്‍ പിന്നെ ഈ ദോഷം മാറുമെന്നു മാത്രമല്ല ബ്ലോഗിന് വച്ചടി ഉയര്‍ച്ചയായിരിക്കുമെന്നും പറഞ്ഞു. ക്രെഡിറ്റ്‌ കാര്‍ഡ് വഴി പണം അയച്ചാല്‍  ഇമെയില്‍ വഴി സ്ക്രിപ്റ്റ് അയക്കാമെന്നു വാക്ക് തന്നു.

"ബ്ലോഗുസ്സിഹാമിന്റെ" ഫലശുദ്ധിയില്‍ എനിക്ക് സംശയം തോന്നിയില്ലെങ്കിലും എന്റെ ചില ചോദ്യങ്ങളില്‍ പന്തികേട്‌ തോന്നിയ അദ്ദേഹം അതിനു തെളിവായി നിരവധി ഉദാഹരണങ്ങള്‍ കാണിച്ചു തന്നു, കണ്ണൂരാന്‍, ഹംസ തുടങ്ങി  എന്തിലധികം പറയുന്നു സാക്ഷാല്‍ ബെര്‍ളി വരെ അദ്ധേഹത്തിന്റെ കസ്റ്റമേഴ്സ് ആണെന്നും, അടുത്തകാലത്തായി വിശാല മനസ്കന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ അധികം വരാത്തത് അദ്ദേഹം കൊടുത്ത ഏലസ്സ് നിരസിച്ച കാരണത്താലാണു - എന്നിവ അതില്‍ ചിലതു മാത്രം.

ഇത്രയുമായപ്പോള്‍ അധികം ആലോചിച്ചില്ല ഞാനും വാങ്ങി ഒരു ഏലസ്സ്. ബ്ലോഗുസ്സിഹാമിന്റെ ജാവാസ്ക്രിപ്റ്റ് എന്റെ ബ്ലോഗില്‍ അപ്-ലോഡ് ചെയ്തു. അതിട്ടപ്പോള്‍ തന്നെ ബ്ലോഗിനൊരു ഉണര്‍വ്വ്... ഇത്രയും തങ്കപ്പെട്ട ആ സിദ്ധനെയല്ലേ ആ ചങ്ങായി കരിനാക്ക് വളച്ചു  കുറ്റം പറഞ്ഞത്.
====
 വായനക്കാര്‍ക്ക് വഴിപോക്കന്റെ ഒരായിരം ക്രിസ്തുമസ്  ആശംസകള്‍ !!!

Aug 9, 2010

മംഗോളിയയിലെ ഉച്ചഭക്ഷണം

കേരളത്തോട്, കേരളീയ ഭക്ഷണത്തോടും  സ്നേഹം തോന്നണമെങ്കില്‍ നാം കേരളത്തിന്‌ പുറത്തു പോകണം. ലോകത്ത് (കേരളത്തിനു പുറത്തു) എവിടെയായിരുന്നാലും ഭക്ഷണക്കാര്യത്തില്‍ മലയാളിയുടെ പ്രഥമ പ്രിഫറന്‍സ് ഇന്ത്യന്‍ ഭക്ഷണം തന്നെ.  ദശാബ്ദങ്ങള്‍ വിദേശത്ത് താമസിച്ചാലും ഇന്ത്യന്‍ (അല്ലെങ്കില്‍ ഇന്ത്യക്കാര്‍ ഉണ്ടാക്കിയ) വിഭവങ്ങളല്ലാതെ തദ്ദേശീയ ഭക്ഷണമോ, അല്ലെങ്കില്‍ ദുബായ്, ലണ്ടന്‍ പോലോത്ത ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചിട്ടും വിവിധ നാട്ടുകാര്‍ ഉണ്ടാക്കുന്ന അവരുടെ തദ്ദേശീയ ഭക്ഷണം  വല്ലപ്പോഴും ഒന്ന് പരീക്ഷിക്കാനോ നമ്മള്‍ മലയാളികള്‍ പൊതുവേ  ശ്രമിക്കാറില്ല. 

വിദേശത്ത് ഇങ്ങിനെയൊക്കെ ആണെങ്കിലും നാട്ടിലെത്തിയാല്‍  പിസ, ഷവര്‍മ, ബര്‍ഗര്‍, കബാബ്, പൈ, പാസ്ത, സൂഷി എന്നിവയോട് വല്ലാത്തൊരു അഭിനിവേശം നമ്മള്‍ പലര്‍ക്കും തോന്നും. പക്ഷെ അതെല്ലാം - ഇന്ത്യന്‍ ആക്സെന്റില്‍ പറയുന്ന ഇംഗ്ലീഷ്  പോലെ - ഇന്ത്യന്‍ രുചിയില്‍ ഉണ്ടാക്കിയ മേല്‍പ്പറഞ്ഞവയോട് സാമ്യതയുള്ളവ മാത്രം എന്നതല്ലേ ശരി?

വിദേശങ്ങളില്‍ താമസിക്കുമ്പോഴും ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതാണ്, ഉദാഹരണത്തിന്  ചൈനീസ് തായ്‌ ഭക്ഷണങ്ങളുടെ ഒടുക്കത്തെ എരിവും സ്മെല്ലും, യൂറോപ്യന്‍ ഭക്ഷണ നിര്‍മാതാക്കള്‍ ഉപ്പ്, എരിവു തുടങ്ങിയവയോട് കാണിക്കുന്ന ശക്തമായ വിരോധം, കൊറിയക്കാര്‍ പട്ടിയെ തിന്നും  (പണ്ട് ദേശാഭിമാനി എഴുതിയത് പോലെ അല്ല) എന്ന അന്ധവിശ്വാസവും പിന്നെ ഇവരും വിയട്നാം, ജപ്പാന്‍ എന്നിവിടങ്ങളിലെ ആള്‍ക്കാരും കഴിക്കുംപോലെ രണ്ടു  കമ്പുകള്‍ (chopsticks) കൊണ്ട്  ഭക്ഷണം കഴിക്കാനുള്ള അറപ്പും ഒക്കെ അവയില്‍ ചിലത് മാത്രം.

കമ്പ് കാണുമ്പോഴുള്ള അറപ്പിന്റെ കാരണം എന്റെ ഒരു കൊറിയന്‍ സുഹൃത്ത്‌ വിവരിച്ചു തന്ന കമ്പിന്റെ ചരിത്രമാണ്: പണ്ടുകാലത്ത് ഇന്ന് കമ്പ് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നവര്‍ മഹാ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിഞ്ഞപ്പോള്‍ ജീവിക്കാന്‍ വേണ്ടി -നമ്മുടെ നാട്ടില്‍ കുറുക്കന്‍ ഞണ്ടിനെ പിടിക്കുമ്പോലെ- ചെറിയ കമ്പ് ഞണ്ട്, ഉറുമ്പ്‌, മറ്റു പ്രാണികള്‍ എന്നിവയുടെ മാളത്തില്‍ ഇട്ടു അവറ്റകളെ കബളിപ്പിച്ച്  പിടിച്ചു തിന്ന കാലം ഉണ്ടായിരുന്നു. പിന്നെ കാശും പെരുമയുമൊക്കെ ആയപ്പോഴും ഈ സ്പൂണൊക്കെ എന്നാ ഉണ്ടായേ.... നമ്മള്‍ വന്നവഴി മറക്കരുത്... എന്നൊക്കെ പറഞ്ഞു അതൊരു ജീവിതരീതി ആയി മാറി എന്നൊക്കെയാണ്. അതോടെ എനിക്ക് കമ്പ് കാണുമ്പോള്‍ പ്രാണികളെ തിന്നുന്ന രംഗം മനസ്സില്‍ വരും, അതോടെ എല്ലാ രസവും പോകും.

ഭക്ഷണം കഴിക്കുമ്പോള്‍ പലര്‍ക്കും തോന്നുന്ന ചില വിചാരങ്ങളാണ്:  "ഇതില്‍ അല്പം പുളി കൂടിപ്പോയി,  കുറച്ചു ഏലക്കാ ചേര്‍ക്കണമായിരുന്നു,  ആവശ്യമായ ഉപ്പു പാചകത്തിന് മുന്‍പേ ചെര്‍ക്കനമായിരുന്നു, അല്പം ഇഞ്ചി കൂടി  ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു (അങ്ങനെ കണ്ണാടിയില്‍ ഇഞ്ചി തിന്ന കുരങ്ങിനെ കാണാന്‍ ഒരു അവസരവും കിട്ടും), ഇതു ഒലിവ് ഓയിലില്‍ ഉണ്ടാക്കിയാല്‍ പെര്‍ഫെക്റ്റ്‌ ആയിരിക്കും,  കറപ്പത്തോല്‍  ഇട്ടിരുന്നെങ്കില്‍ ഈ കറി സൂപ്പര്‍ ആയിരുന്നു,"  ഇങ്ങിനെ  ഇങ്ങിനെ ഒരുപാട് വിചാരങ്ങള്‍.

വീട്ടില്‍ നിന്നും സാദാരണ ഇത്തരം വിചാരങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറി  പറക്കുംതളിക പോലോത്ത പലതും പ്രത്യക്ഷപ്പെട്ടെന്നിരിക്കും.  പക്ഷെ പുറത്തു നിന്ന് കഴിക്കുമ്പോള്‍ സ്വാഭാവികമായി ഇത്തരം  വിചാരങ്ങള്‍ വിവേകത്തിനു വഴിമാറും. വല്ലതും എറിഞ്ഞു പൊളിച്ചാല്‍ നമ്മള്‍ തന്നെ കാശ് കൊടുക്കനമെന്നേ... നമ്മുടെ തടി, കീശ എന്നിവ  കേടാകാതെ നമ്മള്‍ തന്നെ നോക്കുന്നതാണല്ലോ  അതിന്റെയൊരു ഭംഗി.

ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ഒറ്റമൂലി  ഇന്നലെ കാണാന്‍ ഇടയായി അതു  വായനക്കാരുമായി പങ്കു വെക്കാം എന്ന് കരുതിയാണ്  ഇത് പോസ്റ്റുന്നത്‌.  ഒക്ലാന്റിലേക്ക് സ്ഥലം മാറിപ്പോകുന്ന ഞങ്ങളുടെ ഒരു സുഹൃത്തിനു യാത്രയപ്പ് നല്‍കാന്‍ ഞങ്ങളുടെ സുഹൃത്തും സമൂഹ്യപ്രവര്‍ത്തകനും ആയ ചെറിയാന്‍ അങ്കിള്‍ സെലക്ട്‌  ചെയ്തത്   "ഗിന്ജിസ്-GINJIS" എന്ന് പേരുള്ള ഒരു പരമ്പരാഗത മംഗോളിയന്‍ രെസ്ടോരന്റ്. 

മംഗോളിയ എന്ന് കേട്ടപ്പോള്‍, ജെങ്കിസ് ഖാന്‍ മണ്ണാങ്കട്ട എന്നൊക്കെയായി മുന്‍പ് ചരിത്ര പുസ്തകങ്ങളില്‍ കണ്ടതും, തിരശ്ചീന എഴുത്തില്‍ നിന്നും വിഭിന്നമായി മുകളില്‍ നിന്നും താഴോട്ടാണ് അവന്മാര്‍ എഴുതുക എന്ന് പണ്ടാരോ പറഞ്ഞു  കേട്ടതും എന്റെ മനസ്സില്‍ മിന്നി മറഞ്ഞു. ഇന്ന് മംഗോളിയ എന്ന പേര് ഭൂപടത്തില്‍ അല്ലാതെ സ്വാഭാവികമായി എവിടെയും ഞാന്‍ കാണാറില്ല , അവരെ പറ്റി എന്തെങ്കിലും പരദൂഷണം കണ്ടു പിടിക്കാം എന്നതും എന്നില്‍ GINJIS രെസ്ടോരന്റ് കൌതുകം ഉണര്‍ത്തി.

അധികം വാചകമടിക്കാതെ നമുക്ക് വെല്ലിംഗ്ടനിലെ ഗിന്ജിസ്ന്റെ അകത്തേക്ക് കടക്കാം, ആ ഒറ്റമൂലി കാണണ്ടേ.

വെജ്, മീറ്റ്‌, സീഫൂഡ് ഇങ്ങിനെയുള്ള സെക്ഷനുകളിലായി  നൂറു കൂട്ടം അസംസ്കൃത വിഭവങ്ങള്‍ ശീതീകരിച്ച അറകളില്‍  നിരത്തിയിരിക്കുന്നു. അതിനടുതതായി ഒട്ടനവധി സ്പൈസ് ഐടംസ്, പിന്നെ പലതരം സോസ് ഒപ്പം അര വേവില്‍ രണ്ടുമൂന്നു തരം റൈസ് കൂടാതെ ഡിസ്സേര്‍ട്ട്  ഉണ്ടാക്കാന്‍ വേണ്ട മറ്റീരിയല്‍സ്, അങ്ങിനെ നീണ്ടു കിടക്കുന്ന  ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ട അസംസ്കൃത വസ്തുക്കളുടെ ഒരു നിര തന്നെ.

കുറച്ചു മാറി, ഒരു ഹലാകിന്റെ നരകത്തിനു മേലെ ഒന്നുരണ്ടു മീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള ഇരുമ്പു കല്ല്‌.  രണ്ടു വന്‍ ഫോര്‍ക്കുകളുമായി അതിനു ചുറ്റും റോന്തു ചുറ്റുന്ന ഒരു മംഗോളിയന്‍ ഭീകരന്‍ (പാചകക്കാരന്‍ )

നമ്മള്‍ ചെയ്യേണ്ടത് അസംസ്കൃത വസ്തുക്കളില്‍ നിന്നും എന്തൊക്കെ വേണം എങ്ങിനെയൊക്കെ മിക്സ് ചെയ്യണം എന്ന്  സ്വയം അങ്ങ് തീരുമാനിക്കുക. തീരുമാനം അത്ര പെട്ടെന്ന് വേണമെന്നില്ല ഒരു തീരുമാനം എടുക്കുവോളം വിശപ്പിനെ പിടിച്ചു നിര്‍ത്താന്‍  അവിടെ പലതരം സൂപ്പുകളുണ്ട്‌ അതിനു കൂട്ടാന്‍ ബ്രഡും. വിശന്നു കൊണ്ട് നല്ലൊരു തീരുമാനം എടുക്കാന്‍ പ്രയാസമാണെന്ന് മങ്കോളിയക്കാരന്  പോലും അറിയാമെന്നു ചുരുക്കം.

നമുക്ക് വേണ്ട പച്ചക്കറി, മത്സ്യ, മാംസാദികള്‍, എണ്ണ, സ്പൈസ്, ഉപ്പ്, സോസ്, കുന്തം, കുടച്ചക്രം തുടങ്ങി റൈസ് വരെ ആവശ്യമുള്ളത്ര എടുത്തു കപ്പുകളില്‍ നിറച്ച ശേഷം അതുമെടുത്ത്  ആ നരകത്തിനു അടുത്തിരിക്കുന്ന ഭീകരന് കൊടുക്കുക. അയാള്‍ നമുക്കാവശ്യമായ വേവില്‍ ഇവയൊക്കെ പാകം ചെയ്തു തരും. കഴിച്ച ശേഷം കൊള്ളാം  ഇനിയും വേണമെന്ന് തോന്നിയാല്‍ വീണ്ടു സെലക്ട്‌ ചെയ്തു  കഴിക്കാം അല്ലെങ്കില്‍ വേറെ കോമ്പിനേഷന്‍ ശ്രമിക്കാം. എന്ത് തിന്നുന്നു എന്നതോ എത്ര തിന്നുന്നു എന്നതോ ഇവിടെ പ്രസക്തമല്ല.

ഇനി അതിനൊപ്പം വേണ്ട പാനീയങ്ങള്‍  സെലക്ട്‌ ചെയ്യാം അതിനു മാത്രം വില വേറെ കൊടുക്കണം. മൂക്ക് മുട്ടെ തിന്ന ശേഷം വായില്‍ രണ്ടു വിരലിടാന്‍ സ്ഥലം ബാക്കിയുണ്ടെങ്കില്‍ അതു ഫില്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ട ഡിസ്സേര്‍ട്ട് ഉണ്ടാക്കേണ്ട വസ്തുക്കള്‍  സെലക്ട്‌ ചെയ്തു  കൊടുത്താല്‍ അതും ആ നരകത്തിനു മേലെ വച്ചു ഉണ്ടാക്കി തരും. അതിനു കൂട്ടാന്‍ പലതരം സ്വീറ്റ് സോസുകള്‍ വേറെ. പിന്നേം സ്ഥലം ബാക്കിയുണ്ടെങ്കില്‍ അതു ഫില്‍ ആക്കാന്‍ അഞ്ചു പത്ത് തരം  ഐസ്ക്രീം.

ഈ പറഞ്ഞ ഐറ്റംസ് ഒക്കെ കഴിച്ചു കയിഞ്ഞപ്പോള്‍  ബില്ല് ആകാശം മുട്ടുമെന്നൊക്കെ പേടിയുണ്ടായിരുന്നു, പക്ഷെ വില വെറും ഇരുപതു ഡോളര്‍ മാത്രം. വിവരമുള്ള പാചകക്കാരന്‍ വേണ്ട, മെനു വേണ്ട വിളംബാന്‍ ആള് വേണ്ട  ഇതൊക്കെയാവാം വിലക്കുറവിനു കാരണം. 

ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രിന്റെഡ്‌ മെനുവിലെ ഭക്ഷണം എന്നതില്‍ നിന്നും വിഭിന്നമായി നാം തന്നെ സെലക്ട്‌ ചെയ്ത നാം തന്നെ ഡിസൈന്‍ ചെയ്ത  ഭക്ഷണം കഴിച്ച സംതൃപ്തി, നമുക്കും കുക്ക് ചെയ്യാമെന്ന ആത്മവിശ്വാസം ഇങ്ങിനെ എന്തൊക്കെ മെച്ചങ്ങള്‍. എല്ലാറ്റിനും ഉപരിയായി പോക്കറ്റ് കാലിയായില്ല എന്നൊരു  സമാധാനവും. 
PSTD09AUG2010YK2117NZDT

Aug 4, 2010

ദുര്‍ഗന്ധം പരത്തുന്ന ഇമെയിലുകള്‍

ആദ്യം തന്നെ കാര്യമങ്ങു പറഞ്ഞേക്കാം,  
ഇനി മുതല്‍ വല്ലോരും മാന്യമായി എനിക്ക്   ഫോര്‍വേഡ് മെയില്‍ അയക്കുമ്പോള്‍ അവരുടെ  "To" ഫീല്‍ഡില്‍ മാക്സിമം ഒരു ഇമെയില്‍  ഐഡി മാത്രമേ ഉണ്ടാകൂ. കവി ഉദ്ദേശിച്ചത്  സുഹൃത്തുക്കളെയോ, സഹപാടികളെയോ,  സഹപണിയാന്മാരെയോ,  വെല്ലിംഗ്ടന്‍ മലയാളികളെയോ അല്ല എന്ന് ഇതിനാല്‍  സാക്ഷ്യപ്പെടുത്തുന്നു. ഇതൊരു അറിയിപ്പായി എടുക്കുമല്ലോ - പിന്നീട് കവി എന്നെയാണ്, എന്നെത്തന്നെയാണ്, എന്നെ മാത്രമാണ്  ഉദ്ദേശിച്ചത് എന്ന് പരാതിപ്പെട്ടിട്ട് ഒരു കാര്യമില്ല. 

മെയില്‍ അയക്കുന്നതിലല്ല  പ്രശ്നം. അവരുടെ അഡ്രസ്സ് ബുക്കിലുള്ള എല്ലാവരുടേയും പേരുകള്‍ "To"/"Cc"  ഫീല്‍ഡില്‍  കുത്തി നിറച്ചു അതിലുള്ള എല്ലാവര്‍ക്കും പരസ്പരം  മെയില്‍ ഐഡികള്‍ ഷെയര്‍ ചെയ്യാന്‍ തക്ക വണ്ണം അയക്കുന്നു എന്നതാണ്. അതു പിന്നീട് കാന്‍സര്‍ പോലെ നിയന്ത്രനാതീതമാവുന്നു.  "Bcc" ഫീല്‍ഡില്‍ മെയില്‍ ഐഡികള്‍ ഇട്ടാല്‍  ഈ പ്രശ്നം ഒഴിവാക്കാം. 

To ഫീല്‍ഡില്‍ നൂറുകണക്കിന്  ഐഡികള്‍ക്കൊപ്പം എന്നേയും ഉള്‍പ്പെടുത്തി മെയില്‍ അയക്കുന്നവരോട് ആ പ്രവണത ഒഴിവാക്കാന്‍ ആദ്യമൊക്കെ ഞാന്‍ സ്വകാര്യമായി മാന്യമായി പറയാറുണ്ട്‌. പക്ഷെ ഒരു ഫലവും കാണുന്നില്ല. 
കാര്യമായി ഇത്തരം മയില്‍ വരുന്നത് ബ്ലോഗര്‍മാരില്‍ നിന്നാണ്, ആരെങ്കിലും വല്ല ബ്ലോഗും എഴുതി എന്ന് വച്ചു അതു വായിക്കാന്‍ വഴിയെ പോകുന്നവര്‍ക്കൊക്കെ ഇമെയില്‍ അയക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?  കൊള്ളാവുന്നതാണെങ്കില്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ ചെന്ന് വായിക്കും. അല്ലെങ്കില്‍ തന്നെ ഇഷ്‌ടം പോലെ അഗ്രഗേടര്‍ ഉള്ള ഇക്കാലത്ത് അതിന്റെ എന്താവശ്യം ?

വിശാലമനസ്കന്റെയും കൊച്ചുത്രെസ്യയുടെയും മുതല്‍   പുത്തന്‍ ബ്ലോഗ്‌മുറയിലെ ഹംസ-കണ്ണൂരാന്മാരുടെ ബ്ലോഗുകള്‍ വരെ ജനം വന്നു വായിക്കുന്നത് ഇങ്ങനെ വല്ല ക്ഷണവും ഉണ്ടായിട്ടാണോ ?  നല്ല ബ്ലോഗുകള്‍  ആള്‍ക്കാര്‍  സ്വയം ക്ഷണിഞ്ഞു വന്നു വായിച്ചു അതിനു തെളിവെന്നോണം നൂറു കണക്കിന്  കമെന്റ് ഇട്ടു പോകുന്നത് തന്നെ ഇതിനു തെളിവല്ലേ. 

ബ്ലോഗര്‍മാര്‍ മാത്രമല്ല  പ്രശ്നം, ---അവര്‍ 'കൊച്ചുകുട്ടികള്‍' ഒക്കെയായിരിക്കും എന്നൊക്കെ വച്ചുങ്ങ് സഹിക്കാം--- വേറെ ചിലര്‍,  ഇസ്ലാം, ഇന്ത്യ, പ്രകൃതി തുടങ്ങിയവ നിലനില്‍ക്കുന്നത് ഇവരുടെ മെയില്‍ ഫോര്‍വേര്‍ഡുകള്‍  ‌കൊണ്ടാണ് എന്നൊരു വിശ്വാസം ഉള്ളതുപോലെ (?)  കണ്ട ആളുകളുടെ ID മൊത്തം അടിച്ചു കയറ്റി മെയില്‍ അയക്കല്‍ സ്ഥിരം ഏര്‍പ്പാട് ആയപ്പോള്‍  പല തവണ പലരോടും ഞാന്‍ പറഞ്ഞു സുഹൃത്തേ ഈ ഇമെയില്‍ ഐഡി ഷെയറിംഗ് ഒന്ന്  നിര്‍ത്തിക്കൂടെ, ഒരു രക്ഷയുമില്ല  പിന്നേം ചങ്കരര്‍ തെങ്ങില്‍ തന്നെ.   വിവരമില്ലാത്തവരാനെങ്കില്‍ ക്ഷമിക്കാം പക്ഷെ പലരും കുറഞ്ഞ പക്ഷം  GMAIL പോലോത്ത ഒന്ന് സ്വന്തമായി  വികസിപ്പിക്കാന്‍ പോലും പറ്റുന്നത്ര വിവരമുള്ളവര്‍ -  ഇത്തരം ആളുകള്‍ ഇങ്ങിനെ ഛെയ്യുമ്പോള്‍  എങ്ങിനെ പ്രതികരിക്കാതിരിക്കും?

ഇന്‍ബോക്സില്‍ കുമിഞ്ഞു കൂടുന്ന ചവറു  മെയിലുകള്‍ കാരണം സഹികെട്ട ഒരു പാവം ജിമെയില്‍ ഉപയോക്താവിന്റെ അപേക്ഷയാണിത്.  വല്ലവരെയും വേദനിപ്പിച്ചെങ്കില്‍  ചോദിച്ചു വാങ്ങിയ ഒരു പ്രഹരമായി കരുതി അതങ്ങ് ക്ഷമിക്കെടെയ്.

Jul 21, 2010

കുഞ്ഞിക്കണ്ണന്റെ പേരും രൂപയുടെ ചിഹ്നവും

രൂപയുടെ പുതിയ ചിഹ്നം പ്രസിദ്ധീകരിച്ച ദിനം തന്നെയാണ് ഞാന്‍ കണ്ണൂരുകാരന്‍ കുമാരന്റെ ബ്ലോഗിലെ പേര് മാറ്റിയ കുഞ്ഞിക്കണ്ണനെ വായിച്ചത് എന്നത് തികച്ചും യാദ്രിശ്ചികം മാത്രം. കണ്ട കള്ള് ചെത്തുകാര്‍ക്കും, ലോട്ടറി വില്പനക്കാര്‍ക്കും കാണാറുള്ള "കുഞ്ഞിക്കണ്ണന്‍ " എന്ന പേര് മാന്യനും സുന്ദരനുമായ ആള്‍ക്ക് വന്നതിലെ വിഷമവും, സമൂഹത്തില്‍ ഒരു വില കിട്ടാന്‍ വേണ്ടി പേര് "സൂരജ്" എന്ന് മാറ്റിയതും കുമാര്‍ തന്റെ സ്വതസിദ്ധമായ ഹാസ്യം കൈവിടാതെ  അവതരിപ്പിച്ചിരിക്കുന്നു.

ഇതേ അവസ്ഥ തന്നെയായിരുന്നു നമ്മുടെ രൂപക്കും എന്നാണ് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത്‌, കണ്ട കൂതറ പാക്കിസ്ഥാനികളും, ബംഗാളികളും, ശ്രീലങ്കകാരും ഉപയോഗിക്കുന്നതും രൂപ തന്നെ, സ്വന്തമായി ഒരു ലാബല്‍ ഇല്ലാത്ത കാരണത്താല്‍ രൂപയ്ക്ക് ഒരു വിലയും ഇല്ലായിരുന്നു. നടുറോഡില്‍ കണ്ടാല്‍ പോലും അതു വല്ല പാക്കി/ലങ്കന്‍  രൂപയുമാനെന്ന ധാരണയില്‍ കുനിയുന്നത് വെസ്റ്റാനെന്നു  കരുതി പിച്ചക്കാര്‍ വരെ എടുക്കാരുണ്ടായിരുന്നില്ല. ഇതിനൊരു ഉദാഹരണം ആണല്ലോ  രണ്ടു കോടി രൂപ സമ്മാനമുണ്ട് എന്ന് പറഞ്ഞാലും ആളുകള്‍ അയ്യേ രൂപയല്ലേ എന്ന് പറഞ്ഞു മൈന്‍ഡ് ചെയ്യാത്തതിനാല്‍  ലോട്ടറിക്കാര്‍ രാപ്പകല്‍ ലോട്ടറി വില്‍ക്കാന്‍ ആളുകളുടെ പിന്നാലെ തെണ്ടി നടക്കുന്നത്.

സാമ്പത്തിക ശാസ്ത്രഞ്ഞനും ബുദ്ധിമാനുമായ സര്‍ദാര്‍ജി ഈയിടെ അതിനെ പറ്റി കൂലങ്കഷമായി ചിന്തിച്ചു. രണ്ടു വര്‍ഷം മുന്‍പ് വരെ ഒരു യൂറോക്ക് ആയിരം കോടി  സിംബാവെ ഡോളര്‍, എന്ന് വച്ചാല്‍ പുല്ലിന്റെ  വിലപോലുമില്ലാത്ത സിംബാവെ നാണയം ഡോളറിന്റെ പേര് ഉപയോഗിചിട്ടായിരിക്കാം അടുത്തിടെ ഡോളറിന്റെ മൂല്യം വല്ലാതെ ഇടിഞ്ഞതും അതുവഴി അമേരിക്കന്‍ സാമ്പത്തിക പ്രതിസന്തിയും.
ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഇന്ത്യന്‍ രൂപയ്ക്ക്, മറ്റു രൂപയുടെ കൂട്ടത്തില്‍ നിന്നും ഏതു പൊട്ടനും തിരിച്ചറിയാന്‍ പുതിയ ചിഹ്നം കണ്ടെത്തിയിരിക്കുന്നു. ഇനി ഇന്ത്യന്‍ രൂപയുടെ വില റോക്കറ്റ് പോലെ ഉയരുന്നത് നമുക്ക് കാണാം. മൂന്നാല് വര്‍ഷം കൊണ്ട് ആയിരം ഡോളറിനു അര രൂപ എന്ന നിരക്കിലായിരിക്കും വിനിമയ നിരക്ക്. മാത്രമല്ല ഓയില്‍ എക്സ്പോര്ട്ടിംഗ് രാജ്യങ്ങള്‍ ഇനി മുതല്‍ അവരുടെ ഇടപാട് രൂപയിലാക്കും എന്നും വിശ്വസിക്കാം.

ഇനി എന്റെ  ന്യായമായ ഒരു ചോദ്യം‍, ഇന്ത്യന്‍ രൂപയും പാക് രൂപയും തിരിച്ചറിയാനാവാത്ത കൂതരകള്‍ ആണോ നമ്മുടെ രൂപയുടെ മൂല്യം കൂട്ടാന്‍ പോകുന്ന ആളുകള്‍?  സിങ്കപ്പൂര്‍ മുതല്‍ സിംബാവെ വരെ ഡോളര്‍ എന്ന പേര് മാത്രമല്ല ചിഹ്നം വരെ ഉപയോഗിച്ചിട്ടും എന്തേ ഇന്നും ഡോളര്‍ നില നില്‍ക്കുന്നു ? ഇറാക്കിലും ഉപയോഗിക്കുന്നത് കുവൈത്തില്‍ ഉപയോഗിക്കുന്ന അതെ ദീനാര്‍ എന്ന  പേരാണ്,  എന്നിട്ടും എന്ത് കൊണ്ട് അവരുടെ വില കുറയുന്നില്ല? അല്ലേലും ചിത്രം നോക്കിയാണോ മൂല്യം കൂടുന്നത് - ആണെങ്കില്‍ അതെനിക്ക് പുതിയ അറിവാണ്.

ഇത്തരം വസ്തുനിഷ്ടമായ കാര്യം ചര്‍ച്ച ചെയ്യാതെ, ഒരു ചിഹ്നം കിട്ടിയത് ആഘോഷിക്കുകയും, ഒപ്പം തങ്ങളുടെ അവസരോചിതവും ബുദ്ധിപരവുമായ പ്രവര്‍ത്തനം കൊണ്ട് ആ ചിഹ്നം (എന്തായാലും ചിഹ്നം ആയ സ്ഥിതിക്ക്  അതു ഒന്ന് ടൈപ്പ് ചെയ്യാന്‍ ആര്‍ക്കും  ആഗ്രഹം കാണുമല്ലോ) ടൈപ്പ് ചെയ്യാന്‍ ഒരു ഫോണ്ട് വികസിപ്പിച്ച പിള്ളേരെ അഭിനന്ദിക്കുന്നതിനു പകരം  അവരോടു അസൂയപ്പെട്ടിട്ടും, അതു യൂണികോഡ് അല്ല  മണ്ണാങ്കട്ടയല്ല  എന്നൊക്കെ പറഞ്ഞു അവരെമേല്‍ കുതിര കയറിയിട്ടും എന്ത് കാര്യം ?
പുതിയ ചിഹ്നം കൊണ്ട് രൂപയുടെ  മൂല്യമോ , ബ്രാണ്ട്മൂല്യമോ കുറയില്ല  പക്ഷെ  കൂടുകയുമില്ല
--*---*--
"പുതുമൊഴി: രൂപ ഏതായാലും ചിഹ്നം നന്നായാല്‍ മതി "

Jul 15, 2010

എലിപ്പെട്ടി

എന്റെ മറ്റു വിക്റ്റിംസിന് കൊടുക്കാത്ത ഒരു ആനുകൂല്യം ഞാന്‍ നിങ്ങള്‍ക്ക് തരികയാണ്. അമ്പും വില്ലും കൊണ്ട് ചാകണോ, അതോ മലപ്പുറം കത്തി വേണോ...... ?  "നാടോടിക്കാറ്റി"ലെ പവനാഴിയില്‍ നിന്നല്ലാതെ ഇങ്ങനെ ഇരകള്‍ക്ക് ഓപ്ഷന്‍ കൊടുക്കുന്ന ഒരു സംവിധാനം ഈ തിങ്കളാഴ്ച വരെ ഞാന്‍ കേട്ടിരുന്നില്ല. തിങ്കളാഴ്ചത്തെ ആ ഭീകര സംഭവം നടക്കുന്നതോ, ലോകത്തില്‍ ഏറ്റവും സമാധാനമുള്ള രാജ്യം എന്ന് ചിലര്‍ പറയുന്ന ന്യൂസിലാന്റിലും.

പോസ്സം(*possum, കാണാന്‍ ഏകദേശം മരപ്പട്ടി പോലെയിരിക്കും), എലി എന്നീ  ജീവികളോടു ന്യൂസിലാണ്ടിന്റെ മനോഭാവം അമേരിക്കക്ക് ബിന്‍ലാദനോടു  എങ്ങനെയാണോ അതു പോലെ തന്നെയാണ്. ഇവറ്റകളെ പിടിച്ചു കൊടുത്താല്‍ കാശ് കിട്ടും എന്നൊക്കെയാണ് പറഞ്ഞു കേട്ടത്. പട്ടികളെ പേടിയായതിനാല്‍ മരപട്ടിയെ ഞാന്‍ ഒഴിവാക്കി, പിന്നെയുള്ളത് എലി, പക്ഷെ ഒന്നിനെ പിടിക്കണമെങ്കില്‍ കണ്ടു കിട്ടണ്ടേ.

ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. ഈ കഴിഞ്ഞ ശനിയാഴ്ച ഞങ്ങളുടെ അടുക്കളയില്‍ ദേ കിടക്കുന്നു ഒരു മുട്ടന്‍ എലി, എണ്ണയിട്ടു മിനുക്കിയ പോലോത്ത ശരീരം, നീണ്ട വാല്‍,  ഐശ്വര്യമുള്ള മുഖം, ചുറുചുറുക്കുള്ള നോട്ടം... യുറേക്കാ... എന്നും പറഞ്ഞു ഞാന്‍ എന്റെ സഹവീടന്‍ കം ഗൃഹനാഥന്‍ (flatmate and‌ landlord) ആയ സായ്പ്പിനെ കാര്യം അറിയിച്ചു. ആള്‍ ആ ഭീകര ജീവിയെ കാണാന്‍ ഓടിയെത്തി. അപ്പോഴേക്കും "CID എസ്കേപ്" എന്നൊന്നും പറയാതെ അതു അപ്രത്യക്ഷമായി. ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും അതിനെ പിടിക്കാനുള്ള ഞങ്ങളുടെ ഒരു ശ്രമവും വിജയിച്ചില്ല.

പിറ്റേന്ന് ഞായറാഴ്ച, അതു പിന്നെ ഉറക്കം, കറക്കം എന്നിങ്ങനെയായി പോയി. തിങ്കളാഴ്ച ആപ്പീസില്‍ പോയി, മോണിംഗ് ടീ, ലഞ്ച്, ഈവിനിംഗ് ടീ എന്നിവ കൃത്യ നിഷ്ടതയോടെ ചെയ്ത ശേഷം വീട്ടില്‍ വിളിച്ചു കുറെ സംസാരിച്ചു, പിന്നെ  സുഹൃത്തുക്കളുമായുള്ള ചാറ്റിംഗ് ഇങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്തു തളര്‍ന്നു  വീട്ടില്‍ വന്നപ്പോള്‍ സഹവീടന്‍ അക്ഷമയോടെ കാത്തിരിക്കുന്നത് പോലെ തോന്നി. എന്നെ കണ്ടപാടെ ആള്‍ അഭിമാനത്തോടെ പറഞ്ഞു. ഇന്ന് രാത്രിയോടെ എലിയെ പിടിക്കാനുള്ള എല്ലാ സംവിടാനങ്ങളും ഒരുക്കിയിട്ടുണ്ട്. തന്റെ ബുദ്ധിപരമായ എലിപിടുത്ത വിദ്യ കാണിക്കാന്‍  ആള്‍ എന്നെ അടുക്കളയില്‍ കൂട്ടിക്കൊണ്ട് പോയി.

അവിടെ രണ്ടു എലികത്രികകള്‍. ഒന്നില്‍ ചോക്ലേറ്റ്, മറ്റേതില്‍  ചീസ്‌. കൂടാതെ ഒരു പാത്രത്തില്‍ എലി വിഷം കപ്പലണ്ടി ബട്ടറില്‍ മിക്സ്‌ ചെയ്തിട്ടും  മറ്റേതില്‍ ബ്രെഡ്ഢില്‍ മിക്സ്‌ ചെയ്തിട്ടും. ഇതിനു പുറമേ  അതിനെ തല്ലിക്കൊല്ലാന്‍ ഒരു മുട്ടന്‍ വടിയും. എലി രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചിരിക്കുന്നു.

ഒരു എലിക്കു ചാവാന്‍ ഇതില്പരമെന്തു വേണം ? ഭക്ഷണക്കാര്യത്തില്‍ എപ്പൊഴും ഒരു വരൈറ്റി (ടേസ്റ്റ് ഒന്നും ഇല്ലെങ്കിലും) കീപ്‌ ചെയ്യുന്ന ആ സായിപ്പ് പവനാഴിയെ വെല്ലുന്നൊരു മെനു എലിയെ പിടിക്കാന്‍ ഉണ്ടാക്കിയതില്‍ സ്വയം അഭിമാനിക്കുകയാണ്. 
ഒരു ശരാശരി സായ്പിന് സാമാന്യ ബുദ്ധി എന്ന സാധനം ശരാശരി  മലയാളിയുടെ അന്‍പതില്‍ ഒന്നേ ഉള്ളൂ എന്നാണല്ലോ ഈയിടെ നടന്ന ഒരു സര്‍വേ** പറയുന്നത്.  സത്യത്തില്‍ എനിക്കാ രാത്രി  ഉറക്കം വന്നില്ല. കാരണം എലിയെ പിടിക്കാന്‍ ഇല്ലം ചുടാനും മടിക്കാത്തവനാ കക്ഷി, വേറൊന്നും കൊണ്ടല്ല.

ഇപ്പോള്‍ എന്റെ സംശയം വേറൊന്നാണ്‌.  ദിലീപിന്റെ  "പറക്കും തളിക" എന്ന പടം youtube-ല്‍ കണ്ടു കൊണ്ടിരിക്കെ വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയപ്പോള്‍ പോളിത്തീന്‍ കവര്‍ കണ്ടു എനിക്ക് (അത്‌  എലിയാണെന്ന്) തോന്നിയതാവുമോ. പുറത്ത് പറഞ്ഞാല്‍ ആ സായ്പ്പ് എലിവിഷം എന്നെ കൊണ്ട് തിന്നിച്ചാലോ ... വെറുതേ എന്തിനു പത്രക്കാര്‍ക്ക് പണി കൊടുക്കണം അല്ലേ.
-------------------------------------------------------
**Note: ഒരു ശരാശരി മലയാളിയായ ഞാനും ഒരു ശരാശരി സായിവ്‌ ആയ എന്റെ  ഗൃഹനാഥനും മാത്രം ഉള്‍പ്പെട്ട, ഞാന്‍ സ്വയം നടത്തിയ സര്‍വേ ആണ്. വേറെ ഒരു സായിവിനും ഈ രക്തത്തില്‍ പങ്കില്ല. അല്ലേല്‍ തന്നെ ആസ്ത്രേലിയക്കാര്‍ സ്ക്രൂഡ്രൈവര്‍ ഒക്കെ കൊണ്ട് ഇന്ത്യക്കാരെ കുത്തുന്നത് കണ്ടിട്ട് ഇവരും എന്നെയിട്ടു പെരുമാറാന്‍ വല്ല കാരണവും നോക്കി ഇരിക്കുകയാ.

Jun 15, 2010

വെള്ളൂര്‍ : ഒരു യാത്രയയപ്പിന്റെ കഥ

നാദാപുരത്ത് നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ പോയാല്‍ എത്തുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വെള്ളൂര്‍. കഷ്ടിച്ചു എന്നുദ്ദേശിച്ചത് വേനല്‍ക്കാലത്തെ പൊടിയും മഴക്കാലത്തെ ചെളിയും നിറഞ്ഞ വഴിയിലൂടെയുള്ള നടത്തം ഉദ്ദേശിച്ചാണ്.

ആറ്റുനോറ്റുണ്ടായ ഒരു ചെറുമകന്‍ എന്ന നിലക്കുള്ള എല്ലാ ആനുകൂല്യങ്ങളും പരമാവധി ചൂഷണം ചെയ്യാനായി,  ചെറുപ്പത്തില്‍ ഞാന്‍ വെള്ളൂരിലെ ഉമ്മാന്റെ വീട്ടില്‍ താമസിച്ചിരുന്നതിനാല്‍ എനിക്കീ പ്രദേശവുമായി നല്ല  ബന്ധമാണ്. വേള്ളൂരിലെ ആള്‍ക്കാര്‍ പൊതുവേ നല്ലവരാണ്, മോശക്കാരാണെന്ന് പറഞ്ഞാല്‍ കാരണവന്‍മ്മാര്‍ അങ്ങോട്ട്‌ അടുപ്പിക്കാത്തത് കൊണ്ടോ, എന്നെക്കാള്‍ തടിമിടുക്കും ആരോഗ്യവുമുള്ള ആണ്‍കുട്ടികള്‍ അവര്‍ക്ക്  ഉള്ളത് കൊണ്ട് പേടിച്ചിട്ടു പറയുന്നതോ ഒന്നുമല്ല.

ഇവരുടെ പ്രാദേശിക ബോധം അല്പം ഓവറാണ്. ഭാരതം, കേരളം, എന്തിനു ദുബായ് എന്ന് കേള്‍ക്കുപ്പോള്‍ പോലും തോന്നാത്ത ആവേശമാണ് ഇവര്‍ക്ക് വെള്ളൂര്‍ എന്ന് കേട്ടാല്‍. ഏതൊരു കാര്യത്തിലും വെള്ളൂര്‍ ഒരു പണത്തൂക്കം മുന്നിലാണെന്ന് തെളിയിക്കാന്‍ ഇവിടതുക്കര്‍ക്കുള്ള വൈദഗ്ദ്യം ഒന്ന് വേറെ തന്നെയാണ്.

ഫോര്‍ എക്സാമ്പിള്‍, രണ്ടു വര്‍ഷം മുന്‍പ് മലപ്പുറത്ത്‌ നടന്ന ഒരു വന്‍ ബാങ്ക് കവര്‍ച്ചയില്‍ പ്രതിയായ ഒരു സ്ത്രീയുടെ തറവാട് വെള്ളൂര്‍ ആണ് എന്നറിഞ്ഞപ്പോള്‍ ഇവിടത്തെ രോമാമുള്ളവര്‍ക്ക് രോമാഞ്ചവും അതില്ലാത്തവര്‍ക്ക് തോലാഞ്ചവും ഉണ്ടായി എന്നാണു അനുഭവസ്ഥര്‍ പറഞ്ഞത്. ആഗോള താപനം, ആണവ റിയാക്ടര്‍ തുടങ്ങി  ആവണക്കെണ്ണയെ പറ്റി വരെ ഇവിടത്തെ പിഞ്ചു കുട്ടികള്‍ അടക്കം കേറി അഭിപ്രായം പറയും‌.

ഇരട്ടപേരില്ലാത്ത ആള്‍ക്കാര്‍ ഇവിടെ കുറവാണ് നാട്ടിലെ ഒരു വിധം ആള്‍ക്കര്‍ക്കെല്ലാം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  ഇരട്ടപേരുണ്ട്. ഇഴജന്തുക്കള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, പാത്രങ്ങള്‍, ലോഹങ്ങള്‍, തുടങ്ങി അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരെ പേരുകള്‍ ഇവര്‍ക്ക് ഇരട്ടപേരിടാനുള്ള അസംസ്കൃത വസ്തുവാണ്.

നാട്ടുകാര്‍ പൊതുവേ ദുബായ്, ഖത്തര്‍, ബഹറിന്‍ എന്നീ പ്രദേശത്ത് ജോലി നോക്കി പോകുന്നതിനാല്‍ അതൊക്കെ ഇവിടെ സര്‍വസാദാരണം.  പക്ഷെ വല്ലോരും കൊല്ലം, കൊച്ചി അല്ലെങ്കില്‍ തിരുവനന്തപുരം ഒക്കെ പോകുകയാണെങ്കില്‍ അതൊരു മഹാ സംഭവമാക്കി നാട്ടില്‍ അതൊരു ചര്‍ച്ചാ വിഷയമായിരിക്കും.

രണ്ടായിരാമാണ്ടിലെ ഒരു ദിവസം വെള്ളൂര്‍ക്കാര്‍ ഉണരുന്നത് ഒരു അത്ഭുത വാര്‍ത്ത കേട്ടാണ്.  എന്റെ ഏറ്റവും ഇളയ കാരണവന് (കാരണവര്‍ എന്ന് പറയാന്‍ മാത്രം പ്രായ വ്യത്യാസം ഞാന്‍ ആളുമായി ഇല്ല) കൊല്ലത്ത് ഒരു ട്രെയിനിംഗ് കോളേജില്‍ ബി-എഡിന്  സീറ്റ് കിട്ടിയിരിക്കുന്നു. അതും ഒരു ഗവര്‍മെണ്ട് സ്ഥാപനത്തില്‍. കാലണ ചിലവില്ലാതെ ഗവര്‍ണ്മെന്റിന്റെ ചിലവില്‍ പഠിക്കാനുള്ള ഒരു അവസരം കിട്ടിയാല്‍ ഇല്ലം വിറ്റും കൊല്ലത്ത് പോകണം എന്നാണു നാട്ടിലെ വിവരമുള്ളവര്‍ പറഞ്ഞത്. പിന്നെ കൂടുതലൊന്നും ആലോചിചില്ല. അങ്ങിനെ ക്ലാസ് തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുന്‍പ് തന്നെ കൊല്ലത്തേക്ക് പോകാന്‍ ഡേറ്റ് തീരുമാനിച്ചു.

കൊല്ലത്തേക്ക് പോകുന്ന "കാരണവനെ" നിറ മിഴികലോടെയാണ് നാട്ടുകാര്‍ യാത്രയയച്ചത്, ബി-എഡ്  കഴിയുന്നതുവരെ ആള്‍ ഇനി വെള്ളൂരില്‍ കാണില്ല എന്ന നിലക്കാന് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പില്‍ പ്രസംഗിച്ച ചിലരുടെ കരച്ചില്‍ കേട്ട് യാത്രയയപ്പ് യോഗം നടന്ന സ്കൂളിന്റെ അയലത്ത് കെട്ടിയ മൂസ ഹാജിയുടെ പശു കെട്ടുംഅറ്റിച്ചു  ഓടി എന്നും ഒക്കെയാണ് പിന്നീടറിഞ്ഞത്‌. മീന്‍സ്, അത്രയും ഹൃദയസ്പര്‍ഷവും വികാരഭാരിതവുമായിരുന്നു യാത്രയയപ്പ് എന്ന് തന്നെ.

വിധിയുടെ കിടപ്പ്  വശം മറ്റൊന്നായിരുന്നു.  ചില സാങ്കേതിക കാരണങ്ങളാല്‍ ക്ലാസ് ഒരു മാസം കഴിഞ്ഞേ തുടങ്ങൂ എന്നാണ് ആദ്യ ദിവസം ക്ലാസ്സില്‍ നിന്നും അറിയിപ്പുണ്ടായത്‌ (ഗവര്‍മെണ്ട്‌ സ്ഥാപനമല്ലേ, ഓസിനു പഠിക്കുന്നവര്‍ അത്ര പഠിച്ചാല്‍ മതി എന്ന് ഗവര്‍മെണ്ട്‌ കരുതിക്കാണും). 
നാട്ടില്‍ പോയാല്‍ ഇത്രയും സംഭവബഹുലമായി യാത്രയയച്ചവരുടെ മുഖത്ത് എങ്ങിനെ നോക്കും ഇന്ന ഒരേയൊരു  കാരണത്താല്‍  ആള്‍ കൊല്ലത്ത് തന്നെ ഒരു വീട് വാടകക്കെടുത്തു  ഉള്ളതും തിന്നു ആ ഒരു മാസം അവിടെ തന്നെയങ്ങ് തങ്ങി. 

കൊല്ലത് പോയി വെറും ഒരൊറ്റ ദിവസം നിന്നപ്പോള്‍ തന്നെ ഒന്നൊന്നര മാസം ലീവ് ഉണ്ടായിട്ടും നാട്ടില്‍ സ്വന്തം ഇല്ലത്ത് പോകാതെ അവിടെ താമസിക്കുന്ന എന്റെ കാരനവനെ കണ്ടു തെറ്റിദ്ധരിച്ച ഒരു പഴഞ്ചന്‍ പറഞ്ഞ വാക്കാണ്‌ ‌ "കൊല്ലം കണ്ടവനില്ലം വേണ്ട" എന്ന പഴമൊഴി എന്നാണിപ്പോള്‍  വെള്ളൂരിലെ ആള്‍ക്കാര്‍ പറയുന്നത്.

അങ്ങനെ വെള്ളൂരിന്റെ മഹാത്മ്യത്തില്‍ ചാര്‍ത്താന്‍  ഒരു പൊന്‍തൂവല്‍ കൂടി ഇവിടത്തുകാര്‍ക്ക് കിട്ടി എന്ന് ചുരുക്കം.

May 14, 2010

ഒരു മാന്ദ്യകാലത്തിന്റെ ഓര്‍മയ്ക്ക്

ഫ്രാന്‍സിന്റെ ഒരു മൂലയില്‍ ആര്‍ക്കും ഒരു ശല്യവുമില്ലാതെ ഉണ്ടും, ഉറങ്ങിയും, ഇംഗ്ലീഷ് അറിയാത്ത ഫ്രഞ്ച്കാരുടെ തന്തക്കു വിളിച്ചും അല്ലലില്ലാതെ കഴിയുന്നതിനിടെ, ആനയെ വാങ്ങിത്തരാം, പാപ്പാന്റെ മോളെ കെട്ടിച്ചു തരാം എന്നൊക്കെ മോഹിപ്പിച്ച ജര്‍മ്മനി, നെതെര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ ചില സായ്പുമാരുടെ വാക്ക് വിശ്വസിച്ചു ഫ്രെഞ്ച്കാരോടു മ'അസ്സലാം (ഗുഡ് ബൈ) പറഞ്ഞ് ഒരായിരം സ്വപ്നങ്ങളുമായി ഗള്‍ഫ്‌എയര്‍ കാരുടെ വണ്ടിയില്‍ പാരീസ് - ബഹറിന്‍ - ചെന്നൈ വഴി കോഴിക്കൊടെക്ക് പോന്നു.

കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചാല്‍ അന്ന് കല്ലുമഴ പെയ്യും എന്ന പഴംചൊല്ല് പോലെ, ഞാന്‍ നാട്ടിലെതിയതും സായ്പന്മാരെ മാന്ദ്യം പിടികൂടിയതും ഒന്നിച്ചായിരുന്നു. മാന്ദ്യം വന്നതോടെ സായ്പ്പിന്റെ മട്ടു മാറി, ഏയ്‌... ഞങ്ങള്‍ക്കങ്ങനെ ഒരു ആനയേയോ ആനക്കാരനെയോ അറിയില്ലെന്നും വേറെ പണിയൊന്നും ഇല്ലേല്‍ ഈ മാന്ദ്യകാലത്ത് കയ്യിലുള്ള യൂറോക്ക് കിട്ടാവുന്നത്ര ആനപ്പിണ്ടം വാങ്ങി വച്ചാല്‍ ഭാവിയില്‍ വില കൂടുമ്പോള്‍ വില്‍ക്കാം എന്ന ഒരു ഉപദേശവും തന്നു ജര്‍മന്‍ - ഡച്ച് സായ്പുമാര്‍ കൈ മലര്‍ത്തി.

മാന്ദ്യ കാലം നല്ലൊരു വെക്കേഷന്‍ ആയി ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ, മാസാന്ത ഹര്‍ത്താല്‍‍, കൈക്കൂലി, അഴിമതി, തട്ടിപ്പ്, പവര്‍ കട്ട്, തുടങ്ങിയ കേരളീയ കലകള്‍ കൂടാതെ കത്തിക്കുത്ത്, ബോംബ്‌ സ്ഫോടനം, അടിപിടി തുടങ്ങിയ നാദാപുരം പ്രദേശത്തെ പ്രത്യേക കലാരൂപങ്ങളും ഒക്കെ നന്നായങ്ങ് ആസ്വദിച്ചു. അതിനും വേണമല്ലോ ഒരു ഭാഗ്യം.

ഒരു കാര്യം വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നി, വിദേശത്ത് സര്‍വസാധാരണവും കേരളത്തില്‍ വിദേശ മദ്യ ഷോപ്പിനു മുന്നില്‍ മാത്രവും കാണുന്ന "ക്യൂ" എന്ന പേരില്‍ സായ്പ്പുമാര്‍ കൊണ്ട് വന്ന ആചാരം. ആകെയുള്ള ഒരാശ്വാസം നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും സോറിയും താങ്ക്സും പറഞ്ഞു ആരും ശല്യം ചെയ്യുന്നില്ല, ഫ്രാന്‍സില്‍ ഇതൊരു മഹാ ശല്യമായിരുന്നു. ഈ താങ്ക്സ് കേള്‍ക്കാന്‍ ചിലപ്പോള്‍ നല്ല സുഖമാ പക്ഷെ അതു പറയാന്‍ അത്ര സുഗമില്ല. പ്രത്യേകിച്ച് വല്ല ഉപകാരവും ചെയ്തവനെ തെറി വിളിച്ചു മാത്രം പരിചയമുള്ള സ്ഥിതിക്ക്.

കൊണ്ടും കൊടുത്തും ഒന്നൊന്നര വര്‍ഷം പോയത് അറിഞ്ഞതേയില്ല. അതിനിടെ ഒരു പരമ സത്യം ഞാന്‍ മനസ്സിലാക്കി. കീശ നമ്മുടെ സര്‍ക്കാരിന്റെ ഖജനാവ് പോലെ ആയിരിക്കുന്നു. അതു പിന്നെ വല്ലവരോടും കടം വാങ്ങി ജീവിക്കാമെന്ന് വെക്കാം, പക്ഷെ എപ്പോഴാ പോകുക എന്ന നാട്ടുകാരുടെ ഫ്യൂച്ചര്‍ ടെന്‍സിലെ സ്ഥിരം ചോദ്യം നിര്‍ത്തി പകരം നീ ഇതുവരെ പോയില്ലേ എന്ന ആശ്ചര്യ വചനമായതോറെ എനിക്കും ആദിയായി.
അല്ല ഞാനിതുവരെ പോയില്ല അല്ലേ?...

ആകെ കൈമുതലായുള്ളത് രാഷ്ട്രീയക്കാരുടെ പ്രകടന പത്രികയെ വെല്ലുന്ന ഒരു 'സീവി' മാത്രം‍. പ്രതിസന്തി ഘട്ടത്തിന് താല്‍ക്കാലികമായി അറുതി വരുത്താന്‍ കയ്യിലുള്ള ആ ബയോഡാറ്റ വച്ചു വല വീശിത്തുടങ്ങി. ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണാന് നില്‍ക്കരുതുന്നു മൂത്തവര്‍ പറഞ്ഞതില്‍ എന്തെങ്കിലും കാണാതിരിക്കില്ല എന്ന വിശ്വാസത്തില്‍ ന്യൂസിലാന്‍ഡിലെ ഒരു ശുദ്ധ മനസ്കന്‍ നല്‍കിയ ഓഫര്‍ രണ്ടാമതൊന്നു ആലോചിക്കാതെ ഞാനങ്ങു സ്വീകരിച്ചു.

അധികം വൈകാതെ തന്നെ ഇങ്ങു പോരാന്‍ തീരുമാനിച്ചു. കോഴിക്കോട് നിന്നും ബാന്‍ഗ്ലൂര്‍ വരെ നമ്മുടെ കള്ള് കച്ചവടക്കാരന്ടെ വണ്ടിയില്‍, അവിടുന്നും സിങ്കപ്പൂരിലെ കറുത്ത സായ്പ്പിന്റെ വണ്ടിയില്‍ സിങ്കപ്പൂര്‍ വഴി ഓക്ലന്‍ഡ്‌ വരെ അവിടെ ഒന്ന് രാപ്പാര്‍ത്ത ശേഷം ന്യൂസിലാന്റിന്റെ സ്വന്തം വണ്ടിയില്‍ വെല്ലിംഗ്ടനിലേക്ക് ഇതാണ് പ്ലാന്‍

ബംഗലൂരു എയര്‍പോര്‍ട്ടില്‍ കണ്ട ഒരു കഥാപാത്രം എന്നെ വല്ലാതങ്ങ് ആകര്‍ഷിച്ചു. അയാള്‍ പലരെ കൊണ്ടും തന്റെ പടം മൊബൈലില്‍ എടുപ്പിക്കുന്നു. എന്റെ അടുത്ത് വന്നും ഫോട്ടോ എടുത്തു കൊടുക്കാന്‍ പറഞ്ഞു. പക്ഷെ ആള്‍ക്ക് ഒട്ടും ത്രിപ്തിയാവുന്നില്ല. അതിലെ പോകുന്ന ഒരു മദാമ്മക്കുട്ടീടെ ഫോട്ടോ എടുത്തു അതു എന്നെ കാണിച്ചു ഇങ്ങിനെ പറഞ്ഞു. നീ കൈ ഷേക്ക്‌ ചെയ്തിട്ടാ ഫോട്ടോ നന്നാവാത്തത്. കണ്ടില്ലേ ഞാന്‍ ഒരു പടം എടുത്തപ്പോള്‍ എന്തൊരു ഭംഗിയുണ്ട്. അതും കൂടി കേട്ടു സകല നിയന്ത്രണവും പോയ ഞാന്‍ പറഞ്ഞു എടൊ കോയാ, ഫോട്ടോ എത്ര നന്നായി എടുത്താലും നിങ്ങളെ ഫോടോല്ലേ കിട്ടൂ. പിന്നെ അയാള്‍ സംസാരിച്ചത് കണ്ണ് കൊണ്ടാണ് - ദഹിപ്പിക്കുന്ന ഒരു നോട്ടം, നാട്ടിലെ നീണ്ട കറക്കത്തിനിടെ കിട്ടിയ ശത്രുക്കളുടെ പട്ടികയില്‍ ചോദിച്ചു വാങ്ങിയ ഒരു ശത്രുവിനെ കൂടി വരവ് വച്ചു.

രാത്രി പതിനൊന്നു മണിയോടെ എമിഗ്രേഷന്‍ ഒക്കെ കഴിഞ്ഞു വണ്ടിയില്‍ സ്ഥലം ഉറപ്പിച്ചു. നല്ല ഭക്ഷണം - പൊങ്ങിയ ഉടനെ ഡിന്നര്‍, അതു കഴിഞ്ഞു സിങ്കപ്പൂര്‍ ഇറങ്ഗാനായപ്പോള്‍ ബ്രേക്ക്‌ഫാസ്റ്റ്, പിന്നെ അടുത്ത ഫ്ലൈറ്റില്‍ നിന്നും വീണ്ടും ബ്രേക്ക്‌ഫാസ്റ്റ്‌, പിന്നെ ലഞ്ച് കുറച്ചു കഴിഞ്ഞു സ്നാക്സ് അതു കഴിഞ്ഞു ഡിന്നര്‍. ശെടാ ഇതില്‍ വല്ല പൈലറ്റ്‌ പണിയും കുറഞ്ഞ പക്ഷം ഒരു ക്ലീനെര്‍ പണിയെങ്കിലും കിട്ടിയാല്‍ ഒരു മാസം കൊണ്ട് തടിയൊന്നു നന്നാവുമായിരുന്നു.

ചുരുക്കി പറഞ്ഞാല്‍ മാന്ദ്യത്തിനു ആകെ ചെയ്യാന്‍ പറ്റിയത് ഫ്രാന്‍സില്‍ കിടക്കുന്ന എന്നെ കൃത്യം പന്ത്രണ്ടു മണിക്കൂര്‍ സമയ വ്യത്യാസമുള്ള ന്യൂസിലാന്‍ഡില്‍ എത്തിച്ചു അത്രതന്നെ. വേറെ ഒരു ചുക്കും ചുണ്ണാമ്പും നടന്നില്ല.

---*---*---*---

ഇതൊരു പഴയ ഡയറിക്കുറിപ്പ്‌ (കഴിഞ്ഞ ജൂലൈ മാസം എഴുതിയത്), കടലാസില്‍ എഴുതിയതിനാല്‍ ബ്ലോഗിലേക്ക് മാറ്റാന്‍ വൈകി ...മടി, അല്ലാതെ വേറൊന്നും കൊണ്ടല്ല - വഴിപോക്കന്‍